Thursday December 08, 2016
Latest Updates

തട്ടിപ്പ് വിളികള്‍ തുടരും… കരുതിയിരിക്കണമെന്ന് ഗാര്‍ഡ

തട്ടിപ്പ് വിളികള്‍ തുടരും… കരുതിയിരിക്കണമെന്ന് ഗാര്‍ഡ

ഡബ്ലിന്‍:ഇ മെയില്‍, എസ്.എം.എസ്, വാട്‌സാപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ ശക്തമായിട്ടും തട്ടിപ്പു ഫോണ്‍ കോളുകള്‍ ശക്തമായി തുടരുന്നതായി റിപ്പോര്‍ട്ട്. നിങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നോ (ഉദാ: സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങള്‍), പണം നല്‍കി ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്നോ ഉള്ള പേരില്‍ ഇത്തരം കോളുകള്‍ ഇപ്പോഴും പലര്‍ക്കും ലഭിക്കുന്നതായാണ് വിവരം. എല്ലാം അറിഞ്ഞിട്ടും പലരും ഇവരുടെ കുരുക്കുകളില്‍ ഇപ്പോഴും ചെന്നു ചാടുന്നുമുണ്ട്. ഇതാ ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാനുള്ള വഴികള്‍.

അറിയാത്ത നമ്പറുകളില്‍ നിന്നും മിസ്സ്ഡ് കോളുകള്‍ കണ്ടാല്‍ തിരിച്ചു വിളിക്കാതിരിക്കുക. അവ നിങ്ങളുടെ കോളിന് ചിലപ്പോള്‍ ചാര്‍ജ്ജ് ഈടാക്കിെന്നിരിക്കും. അത്യാവശ്യമുള്ള ആരെങ്കിലുമാണ് വിളിച്ചതെങ്കില്‍ അവര്‍ വീണ്ടും വിളിക്കുമല്ലോ.

കോളുകള്‍ വരുന്ന സാഹചര്യത്തില്‍ അവരുടെ വിവരങ്ങള്‍ ആരായുകയും മനസ്സിലാക്കുകയും ചെയ്യുക. തട്ടിപ്പുകാരാണെങ്കില്‍ വിവരങ്ങള്‍ നല്‍കാന്‍ മടിക്കും.

നിങ്ങള്‍ക്ക് സമ്മാനമായി വലിയ ഒരു തുക ലഭിച്ചിട്ടുണ്ട്, അതിന്റെ ടാക്‌സായി ഏതാനും യൂറോ അടയ്ക്കണം എന്നെല്ലാം ഫോണ്‍ കോള്‍ വന്നേക്കാം. ഇത് ശുദ്ധ തട്ടിപ്പാണ്. പണം ലഭിക്കുമെന്നു കരുതി ഇത്തരത്തില്‍ ‘ടാക്‌സ്’ അടയ്ക്കുന്നവര്‍ വിഡ്ഢികളാകുമെന്ന് ഉറപ്പ്. താല്‍പര്യമില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയാലും അവര്‍ നിര്‍ബന്ധിക്കുന്നുവെങ്കില്‍ തട്ടിപ്പാണെന്ന് ഉറപ്പിക്കാം.

മെയിലിലും എസ്.എം.എസിലുമൊക്കെയായി ചില പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് സന്ദേശങ്ങള്‍ വന്നേക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഉപകരണത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും മറ്റുമാകും വാഗ്ദാനങ്ങള്‍. എന്നാല്‍ ഒഫീഷ്യല്‍ സൈറ്റുകളില്‍ നിന്നല്ലാതെ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കുക.

ഈ മുന്‍കരുതലുകളെല്ലാമെടുത്തിട്ടും സോഫ്റ്റ്‌വെയര്‍ ഇന്സ്റ്റാള്‍ ചെയ്തുപോയാല്‍ ഉടന്‍തന്നെ ആന്റിവൈറസ് ഉപയോഗിച്ച് സിസ്റ്റം സ്‌കാന്‍ ചെയ്യുക. ഇമെയില്‍ അക്കൗണ്ടുകളിലേയ്ക്കും മറ്റുമുള്ള പാസ്‌വേഡുകള്‍ മാറ്റുകയും വേണം.

പറ്റിക്കപ്പെട്ടു എന്നു ബോധ്യമായാല്‍ ചമ്മല്‍ കാരണം പുറത്തു പറയാതിരിക്കരുത്. ഗാര്‍ഡ ബ്യൂറോ ഓഫ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ 01 666 3777 എന്ന നമ്പറിലോ കോംപെറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ 1890 432 432 എന്ന നമ്പറിലോ വിളിച്ച് പരാതി അറിയിച്ചാല്‍ മറ്റുള്ളവരെയെങ്കിലും തട്ടിപ്പില്‍ നിന്ന് രക്ഷികാനാവും.ഗാര്‍ഡയുടെ അറിയിപ്പില്‍ പറയുന്നു

Scroll To Top