Thursday August 17, 2017
Latest Updates

എസ് ബി ടി ഏമ്പ്രാന്റെ ചെകിട്ടത്തിനിട്ടൊന്നു കൊടുത്താലോ ?…(ഒരു അധമര്‍ണ്ണന്റെ വിചാര വിക്ഷോഭങ്ങള്‍)

എസ് ബി ടി ഏമ്പ്രാന്റെ ചെകിട്ടത്തിനിട്ടൊന്നു കൊടുത്താലോ ?…(ഒരു അധമര്‍ണ്ണന്റെ വിചാര വിക്ഷോഭങ്ങള്‍)

1973 മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സാമൂഹിക സേവാ ബാങ്കിംഗില്‍ സജീവമാണ്.സാമൂഹിക പ്രശ്‌നങ്ങളിലും,സാധുജനസേവന പ്രവര്‍ത്തനങ്ങളിലും ബാങ്ക് പങ്കെടുക്കുന്നുണ്ട്.ബാങ്കിംഗിന് അപ്പുറം,ജനജീവിതത്തെ തൊട്ടറിഞ്ഞുള്ള പ്രവര്‍ത്തന ശൈലി ആയിരിക്കും എസ് ബി ഐ യുടേത്.

ഇത് പോലെ തന്നെ മനുഷ്യത്വത്തിന്റെ സ്പര്‍ശനമുള്ള ശൈലി ആണ് എസ് ബി ടി യുടേത് !

കിട്ടാക്കടം പിരിച്ചെടുക്കുന്ന ശൈലിയോ ? യാതൊരു വിധ പരുക്കന്‍ പെരുമാറ്റവും കൂടാതെ ഇവര്‍ പിരിച്ചെടുക്കും അതാണിവരുടെ ശൈലി .. 

ഇതൊന്നും ഏന്‍ പറഞ്ഞതല്ല മ്പ്രാ .. മ്പ്രാന്റെ വെബ്‌സൈറ്റ് പറഞ്ഞതാ …

ഒന്നാലോചിച്ചാല്‍ ബാങ്ക് മാനേജര്‍മാരും ഉദ്യോഗസ്ഥരും നല്ലവരും നിഷ്‌കളങ്കരും ആണ് .വേണേല്‍ ഒരു രസത്തിന് സിംപിളും പവര്‍ഫുള്ളും ആണെന്ന് കൂടെ പറയാം. ഒരു നേഴ്‌സിനു മാക്‌സിമം കിട്ടാവുന്ന ശമ്പളം 8000 രൂപയാണെന്നാണ് നിഷ്‌കളങ്കരുടെ കണ്ടുപിടുത്തം . അതില്‍ നിന്ന് ലോണ്‍ അടയ്ക്കാന്‍ പറ്റില്ലല്ലോ ..അത് കൊണ്ട് എഡ്യൂക്കേഷന്‍ ലോണ്‍ കൊടുക്കില്ല…. എന്ത് കൊടുക്കില്ല ? എഡ്യൂക്കേഷന്‍ ലോണേ.. എഡ്യൂക്കേഷന്‍ ഇല്ലേലുള്ള കുഴപ്പം പ്രാഞ്ചിയെട്ടന്‍ സിനിമ കണ്ടവര്‍ക്ക് അറിയാം ..

നമ്മുടെ കേരളമേ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ടക്‌സില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ്.പ്രധാന കാരണം എന്താന്നറിയാമോ ? നമ്മുടെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ …ആണ്‍ പെണ്‍ഭേദമില്ലാതെ എല്ലാവരും വിദ്യാഭ്യാസം നേടണം എന്ന നമ്മുടെ ചിന്ത . പണത്തിനു കുറവുണ്ടായാലും എങ്ങനെ എങ്കിലും കടം വാങ്ങിയോ , കിടപ്പാടം വിറ്റോ പഠിക്കണം , പഠിപ്പിക്കണം എന്നുള്ള ചിന്ത ..അല്ലാതെ ഇവിടുത്തെ ചന്ത്രക്കാറന്‍മാരുടെ ഭരണ വിശേഷമൊന്നും അല്ല …. നമ്മുടെ നാട്ടില്‍ നഴ്‌സിംഗ് പഠിക്കുന്ന പെണ്‍കുട്ടികളില്‍ നല്ല ശതമാനവും പുറം രാജ്യങ്ങളില്‍ ജോലി നേടാനാണ് ശ്രമിക്കുന്നത് . പെണ്‍കുട്ടികള്‍ പഠിച്ചു,സ്വന്തം കഴിവിനാല്‍ വിദേശത്തേക്ക് ജോലിക്ക് പോയി പണം അയച്ചു രക്ഷപെടുന്ന,താങ്ങി നിര്‍ത്തുന്ന എത്രയോ കുടുംബങ്ങള്‍.. അവര്‍ അയക്കുന്ന എന്‍ ആര്‍ ഐ പണം തങ്ങളുടെ ബാങ്കില്‍ ഇടാന്‍ അക്കൗണ്ട് സമാഹരണം എന്ന പേരില്‍ വീട് നിരങ്ങാന്‍ ഇറങ്ങുന്ന മനുഷ്യ സ്പര്‍ശമുള്ള ബാങ്ക്, ഒരു മൂലധനം ആയി വേണ്ടേ ഈ എജ്യൂക്കെഷനല്‍ ലോണിനെ കാണാന്‍ ?

കേരളത്തിലേക്കുള്ള എന്‍ ആര്‍ ഐ റെമിട്ടന്‍സ് ഒരു ട്രില്യന്‍ കഴിഞ്ഞെന്ന് .കേരളത്തിലെ ബാങ്കിംഗ് ബിസിനസിന്റെ മേജര്‍ ഷെയര്‍ കൈയ്യാളുന്ന ബാങ്ക് എസ് ബി ടി ആണ്. 2014 ലെ കണക്കു പ്രകാരം 26000 കോടി ആയിരുന്നു എസ് ബി ടി യുടെ എന്‍ ആര്‍ ഐ നിക്ഷേപം.2014 15 ലെ ലാഭം മുന്‍ വര്‍ഷത്തെക്കാള്‍ 295 ശതമാനം കൂടുതല്‍ കിട്ടാക്കടം ഒക്കെ കണക്കാക്കിയല്ലേ സര്‍ ഈ ലാഭം ? എന്‍ ആര്‍ ഐ പണം മലയാളികള്‍ പണം കായ്ക്കുന്ന മരത്തില്‍ നിന്നും കുലുക്കി വീഴിക്കുന്നതല്ല ഹേ .. പഠിച്ചു യോഗ്യത നേടി ലോകത്തിന്റെ നാനാഭാഗത്ത് കഷ്ടപ്പെട്ട് ജോലി ചെയ്തു ഉണ്ടാക്കുന്നതാണ്.ഇതില്‍ നല്ലൊരു ശതമാനം നഴ്‌സുമാരും ഉണ്ട് സര്‍ ..

അനര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ലോണ്‍ കൊടുക്കില്ല പോലും….എന്താണ് അര്‍ഹത സര്‍ ? കയ്യില്‍ കാശ് വേണം ല്ലേ ? അതല്ലേ ഈ അര്‍ഹത ?അല്ലാതെ അക്കാദമിക് ബ്രില്ല്യന്‍സ് ഒന്നും അല്ലല്ലോ? കയ്യില്‍ കാശുള്ള ആളുകള്‍ക്ക് ലോണ്‍ ആവശ്യമില്ല സര്‍ ! അര്‍ഹത ഇല്ലാത്തവര്‍ക്ക് ലോണ്‍ കൊടുത്താല്‍ സാറിന്റെ ഉദ്യോഗ കയറ്റത്തെ ബാധിക്കും.അയ്യോ അപ്പൊ എന്ത് ചെയ്യും ? കൊടുക്കണ്ടാ … ചുരുക്കത്തില്‍ പറഞ്ഞാല്‍ ഞങ്ങള് നാട്ടിലേക്കയക്കുന്ന കാശ് കൊണ്ട് സര്‍നു ഉദ്യോഗക്കയറ്റം ഒക്കെ വാങ്ങിച്ചു സുഖായിട്ടിരിക്കണം .. യാതൊരു റിസ്‌കും എടുക്കാന്‍ പറ്റൂല .. ഹോ എന്തൊരു മനുഷ്യത്വ സ്പര്‍ശമുള്ള ചിന്താഗതി ..കുളിര് കോരീട്ട് വയ്യ . 

വിദേശ മലയാളിക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യം,വിദ്യാഭ്യാസ വായ്പ്പകള്‍ കൊടുക്കുന്ന ബാങ്കിനു മാത്രമേ ഡെപ്പോസിറ്റ് കൊടുക്കു എന്ന് ശഠിക്കുക എന്നതാണ്.അങ്ങനൊക്കെ പറയാന്‍ പറ്റുമോ എന്ന് ചിന്തിക്കാതെ , ഒന്ന് പറഞ്ഞു നോക്കണം , നമ്മുടെ കാശ് കൊണ്ടാണ് ഇവര്‍ ബിസിനെസ്സ് ചെയ്യുന്നത് ,ലാഭം ഉണ്ടാക്കുന്നത് അപ്പൊ നമ്മുടെ ആവശ്യങ്ങള ഇവര്‍ അംഗീകരിച്ചേ പറ്റു. ‘അവര് പറയും നമ്മളെ ജാമ്യക്കാരാകാന്‍’ .. പറയില്ല .. കാരണം ഈ ലോണ്‍ അവ കൊടുക്കുന്ന സൌജന്യം ഒന്നും അല്ല . നല്ല പലിശ വാങ്ങി തന്നെ ആണ് .. ഒരു ബ്രാഞ്ചിലെ , എന്‍ ആര്‍ ഐ അക്കൗണ്ട് കാരെല്ലാം , കൂടി ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചാല്‍ ഇവര്‍ നമ്മുടെ ഡെപ്പോസിറ്റ് വേണ്ടാ എന്ന് പറയുമോ ?

ഇനി വിദ്യാഭ്യാസ ലോണ്‍ വിട്ടേരെ,പതിനെട്ടു വര്‍ഷം മുന്പ് എസ് ബിടിയില്‍ ഒരു ബിസിനസ് ലോണ്‍ അപേക്ഷിച്ചിരുന്നു മൂന്നു ലക്ഷം രൂപ .ആറു മാസം നടന്നു അതിനു പിന്നാലെ. ഈടില്ലാതൊന്നും അല്ല 50 സെന്റ് സ്ഥലം പണയം വെച്ച് .ഡിഗ്രി കഴിഞ്ഞു സ്വന്തമായി ഒരു പ്രസ്ഥാനം തുടങ്ങാന്‍ ആഗ്രഹിച്ചു ചെയ്തതാണ്. ആറു മാസത്തെ കയറി ഇറക്കങ്ങള്‍ക്ക് ശേഷം മാനേജര്‍ സര്‍ പറഞ്ഞു ബാങ്കിന് പണം തരാന്‍ ഉദ്ദേശമില്ല എന്ന് …. കുഴപ്പമില്ല സര്‍ , നിങ്ങള്‍ ലോണ്‍ കൊടുക്കുന്നത്,കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിക്കും, ലീല ഗ്രൂപ്പിനും , യൂസഫലിക്കും ഒക്കെ ആയിരിക്കാം , നിങ്ങള്‍ക്ക് 100 ശതമാനം ഉറപ്പുണ്ട് അവരൊന്നും തിരിച്ചടക്കാതെ ഇരിക്കില്ല എന്ന് .അഥവാ അടച്ചില്ലേലും നിങ്ങള്‍ക്ക് അത് എഴുതി തള്ളാനും ബുദ്ധിമുട്ട് ഉണ്ടാവില്ല .അതൊന്നും നിങ്ങളുടെ ഉദ്യോഗ കയറ്റത്തെ ബാധിക്കുകയും ഇല്ല ..

സര്‍ വായ്പ തിരിച്ചടക്കാതെ ഇരിക്കുന്ന ആള്‍ക്കാര്‍ ഉണ്ട് . അത് ശരിയാണെന്നും അഭിപ്രായമില്ല .. പക്ഷെ അതിന്റെ പേരില്‍ യാതൊരു തത്വ ദീക്ഷയുമില്ലാത്ത റിലയന്‍സ് പോലുള്ള കമ്പനിയെ ഗുണ്ടാപ്പണി ഏല്‍പ്പിച്ചാല്‍, നിങ്ങള്‍ എന്തൊക്കെ പ്ലാന്‍ ഒക്കെ ആവിഷ്‌കരിച്ചാലും ഈ പണം അയക്കുന്നവരുണ്ടല്ലോ , നിക്ഷേപകര്‍ .. അവര് പാലം വലിക്കും … 
നിങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമാവില്ല എന്നറിയാം …
നിങ്ങളുടെ മോട്ടോ കസ്റ്റമര്‍ ഈസ് കിംഗ് എന്നല്ലല്ലോ …
ഫേസ് ബുക്ക് ഭാഷ ഉപയോഗിച്ചാല്‍ കസ്റ്റമര്‍ ഈസ് ..പ്ലിംഗ് .. എന്നല്ലേ ?

ഈ 500 കോടി കിട്ടാക്കടം പിരിക്കുന്നതിന് റിലയന്‌സിനു നിങ്ങള്‍ നല്കുന്ന ഫീസ് എത്രയാണ് സര്‍ ? 50 ശതമാനത്തിനു മുകളില്‍ ആണെന്ന് കേള്‍ക്കുന്നു , കുറെ സെര്‍ച്ച് ചെയ്തു ഒന്നും കിട്ടിയില്ല .. ഈ വാര്‍ത്ത! സത്യമാണെങ്കില്‍ , നിങ്ങള്‍ 250 കോടി അംബാനിക്ക് കൊടുക്കും .കൊടുക്കണം സര്‍ , കള്ള് കച്ചവടത്തിന്റെ തമ്പുരാന്‍ സ്വന്തം കെടുകാര്യസ്ഥത മൂലം കളഞ്ഞു കുളിച്ച കോടികള്‍ ,എഴുതി തള്ളിയ ബാങ്കുകള്‍ നിങ്ങള്ക്ക് മാര്‍ഗദര്‍ശനം തരട്ടെ..ജീവിക്കാന്‍ നിവൃത്തി ഇല്ലാത്ത സാധാരണക്കാരനെ നിങ്ങള്‍ കിടപ്പാടത്തു നിന്ന് ഇറക്കി വിടണം.അല്ലെങ്കിലും നിങ്ങള്‍ക്കും നിങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കും , ഉപഭോക്താക്കളോട് ഒരു ജന്മി അടിയാന്‍ ‘ആത്മബന്ധം’ ആണല്ലോ ഉള്ളത് .അപ്പൊ ഈ സാധുജന സേവനം , സാമൂഹിക പ്രതിബദ്ധത ഒക്കെ വെബ്‌സൈറ്റില്‍ നിന്നും , വര്‍ത്തമാനത്തില്‍ നിന്നും അങ്ങട് മാറ്റുകാ… വേശ്യാവൃത്തിയും ചാരിത്ര്യ പ്രസംഗവും ഒരുമിച്ചു പോവില്ല സര്‍ ..rajesh
.
ന്നാ അടിയന്‍ അങ്ങോട്ട ..നിക്കട്ടേ……മ്പ്രാ …

ഒരു അപേക്ഷ : റിലയന്‍സിന് വടിവാള് പണിയാനുള്ള ഓര്‍ഡര്‍ അടിയനു പിടിച്ചു തരണേ ..

രാജേഷ് സുകുമാരന്‍ റോസ്‌കോമണ്‍ 

Scroll To Top