Wednesday May 23, 2018
Latest Updates

അകാലത്തില്‍ പൊലിഞ്ഞ ഇന്ത്യന്‍ പെണ്‍കുട്ടിയെ മറക്കാതെ അയര്‍ലണ്ട് !

അകാലത്തില്‍ പൊലിഞ്ഞ ഇന്ത്യന്‍ പെണ്‍കുട്ടിയെ മറക്കാതെ അയര്‍ലണ്ട് !

savvഗോള്‍വേ:അയര്‍ലണ്ടില്‍ നിര്യാതയായ ഇന്ത്യക്കാരി സവിത ഹാലപ്പനവറുടെ നാലാം ചരമവാര്‍ഷികം ഇന്ന് (വെള്ളി) ഗോള്‍വേയിലെ പ്രോ ചോയ്സിന്റെ ആഭിമുഖ്യത്തില്‍ ആചരിക്കും.വൈകിട്ട് 6 മണിക്ക് ഇവിടെ ജനങ്ങള്‍ ഒത്തുചേരും. ആചരണത്തിന്റെ ഭാഗമായി പ്രദേശത്തെ കവിയായ എലൈന്‍ ഫീനി എഴുതിയ കവിത മെഴുകുതിരി വെട്ടത്തില്‍ ആലപിക്കും.

സവിതയ്ക്ക് നാലു വര്‍ഷം മുമ്പ് ഗോള്‍വേയില്‍ സംഭവിച്ചത് മറക്കരുതാത്തതാണെന്ന് ഗോള്‍വേ പ്രോ ചോയ്സിലെ ഓവന്‍ തോമസ് പറഞ്ഞു. സവിതയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം തങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്രീകളുടെ അവകാശങ്ങള്‍ ഇന്നും അയര്‍ലണ്ടില്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന് ഗാല്‍വേ പ്രോ ചോയ്സിലെ സൂസി കൂംബ്സും പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ണ്ണാടകത്തിലെ ബല്‍ഗാമില്‍ നിന്നുള്ള സവിത ഹാലപ്പനവറുടെ മരണശേഷം അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമത്തില്‍ കാതലായ മാറ്റം വരുമെന്ന പ്രതീക്ഷയില്‍ മുന്നേറിയിരുന്ന പ്രോ ചോയിസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ നിരാശയിലാണ്.എന്‍ഡ കെന്നി സര്‍ക്കാര്‍ ഗര്‍ഭച്ഛിദ്രനയങ്ങളില്‍ കാലമേറെ കഴിഞ്ഞിട്ടും മാറ്റം ഒന്നും വരുത്തിയിട്ടില്ല എന്നത് തന്നെ കാരണം.

സവിതയെ കുറിച്ച് കൂടുതല്‍ അറിയാം:

ഇല്ല…,സവിത മരിക്കുന്നില്ല ;അയര്‍ലണ്ടിലെ ജനത നിന്നെ മറക്കുന്നില്ല..ireland_2399928b

ഇന്ന് അയര്‍ലണ്ട് സവിതയെന്ന ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ഓര്‍മയിലാണ്

സവിത ഹാലപ്പനവര്‍, ജീവിതത്തിന്റെ രണ്ടാം ഘട്ടത്തില്‍ അയര്‍ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജയായ ഡെന്തിസ്റ്റ്. സ്വപ്‌നങ്ങള്‍ കണ്ട് ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയപ്പോഴേക്കും ജീവിതമേ അവള്‍ക്ക് കൈവിട്ടു പോവുകയായിരുന്നു.
മനോഹരമായ പുഞ്ചിരിയിലൂടെ ആരെയും ആകര്‍ഷിക്കാന്‍ സവിതയ്ക്കു കഴിഞ്ഞിരുന്നു. ആ പുഞ്ചിരി ഏവരുടെയും മനസിലും തങ്ങിനിതിനാലാവാം അവള്‍ കൂടെയില്ലായെന്ന് ഓര്‍ക്കാന്‍ പോലും സുഹൃത്തുക്കളില്‍ പലര്‍ക്കും സാധിക്കാത്തതും. കുടുംബത്തെയും സൗഹൃദങ്ങളെയും ഈ ലോകത്തേക്ക് വിട്ട് അകാലത്തില്‍ അവള്‍ മറ്റൊരിടത്തേക്ക് യാത്രയാവുകയായിരുന്നല്ലോ.
പ്രിയപ്പെട്ടവരുടെ വേര്‍പാട് അതൊരിക്കലും മറ്റാരെയും കൊണ്ട് തീര്‍ക്കാന്‍ പറ്റില്ല. അവരുടെ സ്ഥാനത്തെ അലങ്കരിക്കാന്‍ അവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു. ഈ സത്യം അംഗീകരിക്കുന്ന കുടുംബം പക്ഷേ അവരുടെ എല്ലാമായിരു സവിതയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം തുടരുകയാണ്.
സവിതയുടെ ജീവിതം അവസാനിച്ചത് അയര്‍ലണ്ടിലെ ഗാല്‍വേയില്‍ വച്ചാണ്. എന്നാല്‍ അതിന്റെ തുടക്കം അയര്‍ലണ്ടില്‍നിന്നും കാതങ്ങള്‍ അകലെ ഇന്ത്യയില്‍ ആയിരുന്നു.
സവിതയുടെ കഥ ആരംഭിക്കുന്നത് ഇന്ത്യയില്‍ നിന്നുമാണ്. ഇന്ത്യയില്‍ കര്‍ണ്ണാടകയിലെ ബഗല്‍കോട്ട് എന്ന ഗ്രാമത്തില്‍ നിന്ന്. അണ്ടാനപ്പ യാലഗി മഹാദേവി യാലഗി ദമ്പതിമാരുടെ മകളായി രണ്ടു ചേട്ടന്‍മാരുടെ കുഞ്ഞനുജത്തിയായി അവള്‍ ഈ ലോകത്തേക്ക് വരുന്നത് 1981 സെപ്തംബര്‍ 29നാണ്. കുടുംബത്തിലെ ആഘോഷദിനങ്ങളായിരുന്നു പിന്നീട്. രണ്ട് ആണ്‍കുട്ടികള്‍ക്ക് ശേഷം പിറന്ന മകളായതു കൊണ്ടും കൂട്ടത്തില്‍ ഇളയവളായതു കൊണ്ടും ‘വീട്ടുഭരണം’ പെട്ടെന്നുതന്നെ അവളുടെ കൈകളിലായി.
ബഗല്‍കോട്ട് അവളുടെ അച്ഛന്‍ ജനിച്ചുവളര്‍ന്ന ഗ്രാമമായിരുന്നു. യാലഗി കുടുംബം ഉള്‍പ്പെടുന്ന ഹിന്ദു വംശത്തിലെ ലിംഗായത്ത് വിഭാഗത്തിന്റെ വിശുദ്ധക്ന്ദ്രമായാണ് ബഗല്‍കോട്ടിനെ കണക്കാക്കിയിരുന്നത്.

ഗോള്‍വേ മറക്കാത്ത ഒരു ദിപാവലി ആഘോഷം:നൃത്തമാടുന്ന ,സവിതയും ഭര്‍ത്താവും(ഗോള്‍വേ ദീപാവലി ആഘോഷത്തില്‍ നിന്നും)

ഗോള്‍വേ മറക്കാത്ത ഒരു ദിപാവലി ആഘോഷം:നൃത്തമാടുന്ന ,സവിതയും ഭര്‍ത്താവും(ഗോള്‍വേ ദീപാവലി ആഘോഷത്തില്‍ നിന്നും)

കര്‍ണ്ണാടക ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഇലക്ട്രികല്‍ എഞ്ചിനീയറായിരുന്ന അച്ഛന്‍ ജോലിയുടെ ഭാഗമായി കര്‍ണ്ണാടക മുഴുവനായും സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്. അപ്പോഴൊക്കെ കൊച്ചു സവിത തന്റെ അമ്മയെ ചുറ്റിപ്പറ്റിത്തന്നെയായിരുന്നു.
അവളുടെ ചേട്ടന്‍മാര്‍, സന്തോഷ്, സഞ്ചീവ് അവളുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാനും അവളെ സംരക്ഷിക്കാനും എന്നും കൂടെ തന്നെയുണ്ടാവുമായിരുന്നു.
നൃത്തത്തില്‍ വളരെയധികം താത്പര്യം ചെറുപ്പം മുതല്‍ തന്നെ പ്രകടിപ്പിച്ചിരുന്ന സവിത പഠനത്തിലും നൃത്തനൃത്യ കലകളിലും ചെറുപ്പം മുതല്‍ തന്നെ തന്റെ കഴിവു തെളിയിച്ചിരുന്നു. അവളുടെ ഒരാഗ്രഹങ്ങള്‍ക്കും വീട്ടില്‍ നിന്നും യാതൊരു എതിര്‍പ്പുകളും ഉണ്ടാവാറുമില്ലായിരുന്നു.
പഠനമികവിനാല്‍ തന്നെ മെഡിസിന് അഡ്മിഷന്‍ ലഭിച്ച് സവിത അവളുടെ മേഖല തിരഞ്ഞെടുത്തു. അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും അവളെക്കുറിച്ച് പറയാന്‍ നൂറുനാവാണ്. ഏത് സൗഹൃദക്കൂട്ടായ്മയിലും നേതൃസ്ഥാനം അവള്‍ക്കു തന്നെ ലഭിക്കാറുമുണ്ടായിരുന്നു.
അവളുടെ കോളേജ് ജീവിതം ആരംഭിക്കുന്നതിനൊക്കെ വളരെ മുന്‍പു തന്നെ അറബിക്കടലിനടുത്ത പ്രദേശങ്ങളിലൊന്നായ ബെല്‍ഗാമിലേക്ക് അവര്‍ വീടു മാറിയിരുന്നു. പുതിയ വീടെടുക്കുമ്പോള്‍ സവിത സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു. എന്നാലും തന്റെ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലും പൂന്തോട്ട നിര്‍മ്മാണത്തിലുമെല്ലാം അവളുടെ കൂടി നിര്‍ദ്ദേശം ഉണ്ടായിരുന്നു. അത് തന്റെ വീടാണെന്ന് അവള്‍ അഭിമാനപൂര്‍വ്വം പറയാറുണ്ടായിരുന്നു.
ഇതോക്കെയും അവളെക്കുറിച്ച് അവളുടെ അച്ഛനമ്മമാരും സുഹൃത്തുക്കളും പങ്കുവച്ച ഓര്‍മ്മക്കുറിപ്പുകളുടെ ഒരു ചെറുരൂപം മാത്രമാണ്.
പ്രവീണ്‍ ഹാലപ്പനവര്‍ അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ശാദി .കോം എന്ന മാട്രിമോണിയല്‍ സൈറ്റിലൂടെയാണ്. ബെല്‍ഗാമില്‍ നിന്നും 175 കിലോമീറ്റര്‍ അകലെയുള്ള ഹവേരിയിലായിരുന്നു പ്രവീണിന്റെ കുടുംബം. അയര്‍ലണ്ടില്‍ ജോലി ചെയ്തിരുന്ന പ്രവീണിന് അങ്ങനെ ബെല്‍ഗാമിലെ സവിത ജീവിത പങ്കാളിയായി. 2008 ഏപ്രിലില്‍ സവിത പ്രവീണിന്റെ ജീവിതത്തിലേക്ക് കടന്നുചെന്നു.
ഭര്‍ത്താവിന്റെ കൂടെ അയര്‍ലണ്ടിലേക്ക് പോകണമെന്ന മകളുടെ തീരുമാനം അച്ഛനമ്മമാരും എതിര്‍ത്തില്ല. അയര്‍ലണ്ടില്‍ താമസിച്ച് സവിതയ്ക്ക് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെങ്കില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാമെന്ന തീരുമാനവുമായാണ് പ്രവീണ്‍ സവിതയെ അയര്‍ലണ്ടിലേക്ക് കൊണ്ടു പോകുന്നത്. ഇതുതന്നെയായിരുന്നു രണ്ടു കുടുംബങ്ങളുടെയും തീരുമാനവും.
എന്നാല്‍ പോകുന്നിടത്തെല്ലാം തന്റെ വ്യക്തിത്വത്താല്‍ സ്ഥാനം നേടിയിരുന്ന സവിതയ്ക്ക് അയര്‍ലണ്ടിലും മികച്ച ഒരു സുഹൃത് വലയം ലഭിച്ചു. നൃത്തപ്രാവീണ്യം അയര്‍ലണ്ടിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ പ്രോഗ്രാം വേദികളിലും സവിത കാണിച്ചു. പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ നൃത്തകല അഭ്യസിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സവിതയെ സമീപിച്ചു തുടങ്ങി. ഏവരെയും വജ്രശോഭയുള്ള പുഞ്ചിരിയോടെ അവള്‍ സ്വീകരിച്ചു. അധികം വൈകാതെ തന്നെ കുട്ടികള്‍ക്കും അവള്‍ പ്രിയപ്പെട്ട അദ്ധ്യാപികയായി മാറി.
ഇതിനിടയില്‍ തന്റെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഡെന്റല്‍ ക്ലിനിക്കിന്റെ പ്രാക്ടീസ് തുടങ്ങാനുള്ള അനുമതിക്കായി സവിത അധികൃതരെ ബന്ധപ്പെട്ടു. ഇതിനായി നടത്തിയിരുന്ന പരീക്ഷ പാസായ ശേഷം ക്ലിനിക്കിന്റെ പ്രവര്‍ത്തനമാരംഭിക്കാനുള്ള അനുമതി നേടിയെടുക്കാനും അവള്‍ക്കായി.
അതേമാസമാണ് വീട്ടില്‍ വച്ച് പ്രഗ്‌നന്‍സി ടെസ്റ്റ് ചെയ്ത സവിത താന്‍ ഗര്‍ഭിണിയാണെന്ന് മനസിലാക്കുകയും അയര്‍ലണ്ടിലെ സുഹൃത്തായ മൃദുല വാസ്യാലിയെ അറിയിക്കുകയും ചെയ്തത്. ജിപി രജിസ്റ്റര്‍ ചെയ്യാനാണ് മൃദുല ഉപദേശിച്ചത്. ആരോഗ്യവതിയായ സവിതയ്ക്ക് അപകടകരമായ യാതൊരു ചുറ്റുപാടും അതിലില്ലായിരുന്നു.
അവരുടെ താമസസ്ഥലത്തിനടുത്തുള്ള ഒരു ഹെല്‍ത്ത്‌കെയര്‍ സെന്ററില്‍ സവിത രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരം വരെ ജോലി ചെയ്ത ശേഷമാണ് സവിത ഗാല്‍വേ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നത്. അവിടെ ഡോക്ടര്‍ കാതറിന്‍ ഓസ്ബറിയുടെ കീഴിലാണ് സവിതയെ അഡ്മിറ്റ് ചെയ്തത്.
അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ 17മാസത്തെ ഗര്‍ഭവളര്‍ച്ചയുണ്ടെന്ന് ഡോക്ടര്‍ കണ്ടെത്തുകയും ചെയ്തു. ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലയെന്നും കുഞ്ഞ് മാര്‍ച്ച് 30ന് ജനിക്കുമെന്നും ഡോക്ടര്‍ പറഞ്ഞതായി പ്രവീണ്‍ പിന്നീട് ഗാര്‍ഡയ്ക്ക് മൊഴി നല്‍കിയിരുന്നു. പിന്നീട് സവിത കുഞ്ഞ് ജനിക്കുന്നവരെ ജോലി തുടരില്ലെന്ന തീരുമാനിക്കുകയായിരുന്നു.
ഗര്‍ഭകാലത്തെ ആചാരങ്ങള്‍ പാലിക്കുന്നതിനായി സവിതയുടെ അച്ഛനും അമ്മയും ആഗസ്തില്‍ അയര്‍ലണ്ട് സന്ദര്‍ശിച്ചിരുന്നു. തലസ്ഥാനനഗരിയായ ഡബ്ലിന്‍ ചുറ്റിക്കാണിച്ച ശേഷമാണ് സവിതയും പ്രവീണും അവരെ നാട്ടിലേക്ക് യാത്രയാക്കിയത്.
നടുവേദനയുമായി ബന്ധപ്പെട്ടാണ് പിന്നീട് സവിത ഗാല്‍വേ ആശുപത്രിയിലേക്ക് പോയത്. പക്ഷേ അതിനു ശേഷം നടത്തിയ പരിശോധനകളില്‍ പ്രസവം അല്പം വിഷമതയുള്ളതായേക്കുമെന്ന് സൂചന ലഭിക്കുകയും ചെയ്തിരുന്നു.
പക്ഷേ, ആശുപത്രിയില്‍ കിടക്കവേ കാര്യമായ പരിചരണം സവിതയ്ക്ക് ലഭിക്കുന്നില്ലെന്ന സംശയം പ്രവീണിന് തോന്നിത്തുടങ്ങി. നടുവേദന കൂടിയ അവസരത്തില്‍ നഴ്‌സിനെ അറിയിച്ചപ്പോള്‍ ഒഴുക്കന്‍മട്ടിലുള്ള മറുപടികളാണ് ലഭിച്ചത്.
പ്രസവം അപകടമാണെങ്കില്‍ അബോര്‍ഷന്‍ നടത്താമെന്ന് ഇവര്‍ ഡോക്ടര്‍മാരോട് പറയുകയും ചെയ്തു. എന്നാല്‍ ഐറിഷ് നിയമം അനുവദിക്കാത്തതിനാല്‍ അത് സമ്മതമല്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്.
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തിലാണെന്ന് താനെന്ന് മനസിലാക്കിയിട്ടും ഭര്‍ത്താവിനെ സമാധാനിപ്പിക്കുകയാണ് സവിത ചെയ്തത്. തനിക്കൊന്നും സംഭവിക്കില്ലെന്ന് അവള്‍ വിശ്വസിച്ചു. പക്ഷേ വിധി മറ്റൊന്നായിരുന്നു. 2012 സെപ്തംബര്‍ 28ന് അവള്‍ ഈ ലോകത്തോട് വിടപറഞ്ഞു.
അവളുടെ മരണത്തെ ഉള്‍ക്കൊള്ളാനും പൊരുത്തപ്പെടാനും അവളുടെ ഉറ്റവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.ബന്ധുജനങ്ങളും സുഹൃത്തുക്കളും മാത്രമല്ല, അവളുടെ മരണത്തില്‍ ദുഖിക്കുന്ന ഏവരും ഇന്ന് സവിതയെ അനുസ്മരിക്കുമ്പോള്‍ ഒരു പിടി പുഷ്പഹാരങ്ങള്‍ നമുക്കും ആ ഓര്‍മയ്ക്ക് മുന്‍പില്‍ അര്‍പ്പിക്കാം .

ഐറിഷ് മലയാളി ന്യൂസ്

Scroll To Top