Sunday December 04, 2016
Latest Updates

ഫോണ്‍ വിളിക്കാന്‍ നല്‍കാത്തതിന് സൗദിയില്‍ നേപ്പാളിയെ കൊലപ്പെടുത്തിയ മലയാളി അറസ്റ്റിലായി

ഫോണ്‍ വിളിക്കാന്‍ നല്‍കാത്തതിന് സൗദിയില്‍ നേപ്പാളിയെ കൊലപ്പെടുത്തിയ മലയാളി അറസ്റ്റിലായി

മനാമ: സൗദിയില്‍ കൃഷിയിടത്തില്‍ കൂട്ടുകാരനായ നേപ്പാളിയെ കൊന്ന് മൃതദേഹം തമ്പിലിട്ട് കത്തിച്ച കേസില്‍ മലയാളി യുവാവ് പിടിയില്‍. കായംകുളം മുതുകുളം സ്വദേശി ആദര്‍ശാ(22)ണ് സുഹൃത്തായ നേപ്പാളിയെ പെട്ടെന്നുള്ള പ്രകോപനത്തില്‍ കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാന്‍ പിന്നീട് തമ്പിനു തീ കൊളുത്തുകയും ചെയ്തു.

അല്‍ ഹസയില്‍ നിന്നും 155 കിലോമീറ്റര്‍ അകലെ ഫദീലയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഫോണ്‍ ചെയ്യാന്‍ മൊബൈല്‍ നല്‍കാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സ് പൂര്‍ത്തിയാക്കിയ ആദര്‍ശ് കഴിഞ്ഞ ഏഴിനാണ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയത്. ഭാര്യയും രണ്ടുവയസുള്ള കുഞ്ഞുമുണ്ട്. സ്വന്തമായി സിം കാര്‍ഡ് ലഭിക്കാത്തതിനാല്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ സഹപ്രവര്‍ത്തകനായ നേപ്പാളിയുടെ ഫോണാണ് ആശ്രയിച്ചിരുന്നത്. രണ്ടു ദിവസമായി വീട്ടിലേക്ക് വിളിക്കാന്‍ സാധിച്ചിരുന്നില്ല. വ്യാഴാഴ്ച ഫോണ്‍ ചോദിച്ചപ്പോള്‍ നേപ്പാളി നല്‍കിയില്ലെന്നു മാത്രമല്ല മുഖത്തടിക്കുകയും ചെയ്തു. ദേഷ്യം നിയന്ത്രിക്കാനാകാതെ ട്രാക്ടര്‍ റിപ്പയര്‍ ചെയ്യുകയായിരുന്ന നേപ്പാളിയെ ഇരുമ്പ് പൈപ്പുകൊണ്ട് പിന്നില്‍ നിന്നടിക്കുകയായിരുന്നു.

ബോധം കെട്ടുവീണ അയാളെ തൊട്ടടുത്തുള്ള ടെന്റില്‍ കൊണ്ടുപോയിടുകയും അവിടെയുണ്ടായിരുന്ന ഡീസല്‍ കാന്‍ എടുത്ത് ടെന്റിനു മീതെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു വെന്ന് ആദര്‍ശ് പൊലീസിന് മൊഴി നല്‍കി. തീ പടര്‍ന്ന ഉടനെ കുറച്ചകലെയുള്ള മറ്റൊരു ടെന്റിലേക്കോടി. കമിഴ്ന്നു കിടക്കുന്ന മുപ്പതുകാരനായ നേപ്പാളിയുടെ ജഡം തമ്പിനകത്ത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തീകണ്ട് ഓടിയെത്തിയ സൗദി പൗരനാണ് പൊലീസില്‍ വിവരമറിയിച്ചത്.

മര്‍ദനത്തില്‍ ബോധരഹിതനായ കൂട്ടുകാരനെ തമ്പിനകത്ത് വലിച്ചിഴച്ച് കൊണ്ടുപോയി തമ്പിന് പ്രതി തീയിടുകയായിരുന്നെന്ന് കിഴക്കന്‍ പ്രവിശ്യാ പൊലീസ് വക്താവ് ലെഫ്. കേണല്‍ സിയാദ് അല്‍റഖീത്തി പറഞ്ഞു.

പുല്‍കൃഷിയുള്ള തോട്ടം നനയ്ക്കുക, പുല്ലുവെട്ടുക തുടങ്ങിയ ജോലികളാണ് ഇരുവരും ചെയ്തിരുന്നത്. ആദ്യമായി വിദേശ യാത്ര നടത്തിയ ആദര്‍ശിന് അപരിചിത ദേശത്തെത്തിയതിന്റെ വിഭ്രാന്തികളുണ്ടായിരുന്നു. 21 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഹസയില്‍ മലയാളി കൊലക്കേസില്‍ പിടിക്കപ്പെടുന്നത്.

Scroll To Top