Saturday December 03, 2016
Latest Updates

സീരിയല്‍ താരങ്ങളെ അപമാനിച്ചെന്ന വിവാദം; മമ്മൂട്ടിയുടെ തമാശ എല്ലാവരും തെറ്റിദ്ധരിച്ചതാണെന്ന് സത്യന്‍ അന്തിക്കാട്

സീരിയല്‍ താരങ്ങളെ അപമാനിച്ചെന്ന വിവാദം; മമ്മൂട്ടിയുടെ തമാശ എല്ലാവരും തെറ്റിദ്ധരിച്ചതാണെന്ന് സത്യന്‍ അന്തിക്കാട്

ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സീരിയല്‍ താരങ്ങളെ അപമാനിച്ചുവെന്ന വിവാദത്തില്‍ നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മമ്മൂട്ടിയുടെ തമാശ എല്ലാവരും തെറ്റിദ്ധരിച്ചതാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സത്യന്‍ അന്തിക്കാട് പറഞ്ഞു. സ്വതവേ ഗൗരവപ്രകൃതക്കാരനായ മമ്മൂട്ടി അന്ന് പതിവിനു വിരുദ്ധമായി തമാശരീതിയില്‍ സംസാരിച്ചതാണ് തെറ്റിധാരണയ്ക്ക് വക ഒരുക്കിയത്. മമ്മൂട്ടി ആരെയും അധിക്ഷേപിച്ചിട്ടുമില്ല, പരിഹസിച്ചിട്ടുമില്ല. മമ്മൂട്ടിയുടെ തമാശ അവിടെ കൂടിയിരുന്നവര്‍ക്ക് മനസ്സിലാകാതെ പോയതാണ് പ്രശ്‌നമെന്ന് സത്യന്‍ അന്തിക്കാട് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതിനെ പല രീതിയില്‍ ആളുകള്‍ വ്യാഖ്യാനിച്ചതാണ് പ്രശ്‌നമായത്. ശ്രീനിവാസനും ഇന്നസെന്റിനുമൊക്കെ സ്‌റ്റേജില്‍ കയറി ഹാസ്യം കൈകാര്യം ചെയ്യാന്‍ സാധിക്കും, എന്നാല്‍ മമ്മൂട്ടിക്ക് അത് സാധിച്ചില്ല അതോടെ അത് തെറ്റിധരിക്കപ്പെട്ടു. മമ്മൂട്ടി അധിക്ഷേപിച്ചു എന്ന രീതിയില്‍ പരാമര്‍ശിക്കപ്പെട്ടു. ഒരു ഫലിതം വേണ്ട രീതിയില്‍ ഏറ്റില്ലെങ്കില്‍ വി കെ എന്‍ പറയും ‘ഒരു ഫലിതം കാറ്റില്‍ പറന്നു’ എന്ന്. മമ്മൂട്ടി പറഞ്ഞ ഫലിതങ്ങള്‍ കാറ്റില്‍ പറന്നു അതാണ് സംഭവിച്ചത്. സത്യന്‍ അന്തിക്കാട് പറഞ്ഞു.

പരിപാടിയ്ക്കിടയില്‍ വച്ച് മമ്മൂട്ടി ഇറങ്ങിപ്പോയി എന്ന ആരോപണവും അന്തിക്കാട് നിഷേധിച്ചു. പരിപാടി തുടങ്ങുമ്പോള്‍ തന്നെ പത്തര, പതിനൊന്ന് മണിയായിരുന്നു. അത്ര വൈകിയ സമയത്തും തൊടുപുഴയില്‍ നിന്ന് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി അങ്കമാലിയിലെത്തിയത്. സീരിയില്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ ഇത്ര പ്രയാസപ്പെട്ട് മമ്മൂട്ടി വരേണ്ടതുണ്ടായിരുന്നോ എന്ന് സംവിധായകന്‍ ചോദിക്കുന്നു. മാത്രവുമല്ല മമ്മൂട്ടിയുടെ സഹോദരന്‍ സീരിയല്‍ രംഗത്താണ് പ്രവര്‍ത്തിയ്ക്കുന്നത്. ഒത്തിരി സീരിയല്‍ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടി അഭിനയിച്ചിട്ടുമുണ്ട്. അഞ്ചോ ആറോ തവണ മമ്മൂട്ടിയെ സ്‌റ്റേജിലേക്ക് വിളിച്ചിട്ടുണ്ട്. അപ്പോഴൊക്കെ യാതൊരു മടിയും കൂടാതെയാണ് അദ്ദേഹം വേദിയില്‍ കയറിയത്. അതിനു ശേഷം പുതുതായി തുടങ്ങുന്ന ഷോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വഹിച്ചതിനു ശേഷമാണ് പോയത്. അല്ലാതെ ക്ഷുഭിതനായി വേദി വിടുകയോ പരിപാടിയുടെ ഇടയ്ക്കുവച്ച് ഇറങ്ങി പോവുകയോ ഒന്നും ചെയ്തിട്ടില്ലെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

എന്നാല്‍, മമ്മൂട്ടി പറഞ്ഞ കാര്യങ്ങളെ പിന്തുണയ്ക്കാനും മമ്മൂട്ടി തമാശമട്ടില്‍ പറഞ്ഞ കാര്യം ആര്‍ക്കും മനസ്സിലാകാതെ പോയതാണ് കാരണമെന്ന വിശദീകരണം നല്‍കാനും മമ്മൂട്ടിയുടെ സുഹൃത്തുക്കളും സിനിമാ രംഗത്ത് ഉള്‍പ്പെടെയുള്ളവരും നേരത്തെ തീരുമാനം എടുത്തിരുന്നു. മമ്മൂട്ടിയെ പിന്തുണയ്ക്കാനുള്ള സുഹൃത്തുക്കളുടെ തീരുമാനത്തിന്റെ ഫലമാണ് ഇപ്പോള്‍ മനോരമ ഓണ്‍ലൈനില്‍ വന്നിരിക്കുന്ന അഭിമുഖം.

 

Scroll To Top