Thursday September 21, 2017
Latest Updates

മദ്യവ്യാപാരികളും മാംസ വ്യാപാരികളും

മദ്യവ്യാപാരികളും മാംസ വ്യാപാരികളും

കേരള സമൂഹം അടുത്തകാലത്ത് കണ്ട രണ്ട് കുപ്രസിദ്ധ മുഖങ്ങളാണ് സരിതാ എസ് നായരുടേതും ബിജു രമേശിന്റെയും.രണ്ടു പേരും ഉന്നം വെച്ചത് ഒരേ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന സൂചനകളാണ് അവരുടെ പുതിയ വെളിപ്പെടുത്തലുകളിലൂടെ പുറത്തു വരുന്നത്.

വളരെയേറെ പേരെ സംശയാസ്പദമായ വലയങ്ങളില്‍ പെടുത്തിയ ശേഷം അവരില്‍ വേണ്ടപ്പെട്ടവരെ മാത്രം കുടുക്കിലാക്കാനാണ് ഇരുവരും ശ്രമിക്കുന്നത്.ഇതിന്റെ അര്‍ഥം ഇവര്‍ രണ്ടു പേരുടെയും പേരില്‍ ഉണ്ടാക്കിയ തിരക്കഥകള്‍ക്ക് പിന്നില്‍ ഒരേ ശക്തികള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ്.

ഏറെ കാലത്തെ നിശബ്ദതയ്ക്കും വിശ്രമത്തിനും ശേഷം സരിതാ എസ് നായര്‍ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഇന്ന് തിരിച്ചെത്തിയത് സ്വന്തം വ്യഭിചാര കഥകള്‍ വിപുലീകരിച്ചു കൊണ്ടാണ്.കേരള കോണ്‍ഗ്രസ് എംപി ജോസ് കെ. മാണി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് സരിത എസ്.നായര്‍ എഴുതിയ കത്ത് പുറത്തായതോടെ സരിത തന്റെ രതിലീലകള്‍ വീണ്ടും മാധ്യമങ്ങളിലൂടെ വിളമ്പി.ജോസ് കെ. മാണി ഡല്‍ഹിയിലെ ഓഫീസിലും മറ്റ് സ്ഥലങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് സരിതയുടെ കത്തിലെ ആരോപണം.24 പേജുള്ള കത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന്റെയും മറ്റ് പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെയും മന്ത്രിമാരുടെയും പേരുകളുണ്ട്.

ചാനലുകളാവട്ടെ കേരള രാഷ്ട്രീയത്തെ വീണ്ടും നീല ചര്‍ച്ചകളിലേക്കു വഴിമാറ്റുകയാണ്.ജയിലില്‍ കിടന്ന കാലത്ത് സരിത എഴുതിയെന്നു പറയപ്പെടുന്നതാണ് പുറത്തായ കത്ത്.

പി സി ജോര്‍ജും സരിതയെ ന്യായീകരിക്കുന്ന ജുഗുപ്‌സാവഹമായ കാഴ്ച്ച ഇന്ന് കേരളം കണ്ടു.തലങ്ങും വിലങ്ങും വ്യഭിചരിച്ചു നടന്ന(അങ്ങനെ തന്നെ എഴുതേണ്ടി വന്നു.ദയവായി വായനക്കാര്‍ ക്ഷമിക്കുക!പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന പദങ്ങള്‍ അറിയിയുമെങ്കില്‍ ഈ പദം മാറ്റി വായിക്കാവുന്നതാണ്.)സരിതയെ ന്യായീകരിക്കാന്‍ അന്തസുള്ള പൊതു പ്രവര്‍ത്തകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നജോര്‍ജിനെ പോലുള്ളവര്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ അവസരവാദം തെളിയിക്കുന്നതാണ്.
സരിതയുടെയും ബിജു രമേശിന്റെയും നാടകങ്ങള്‍ക്ക് പിന്‍കര്‍ട്ടന്‍ വലിയ്ക്കുന്നത് പി സി ജോര്‍ജിനെ പോലുള്ളവരാണ് എന്ന് ആരെയും തോന്നിപ്പിക്കും വിധമാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

നെറികെട്ടതെന്ന് ചിലരെങ്കിലും വിളിയ്ക്കുന്ന കുടിലതന്ത്രങ്ങള്‍ മെനയുന്ന ബിജുവും സരിതയും വരച്ച വരയില്‍ നിര്‍ത്തുന്ന കേരളം നയിക്കേണ്ട രാഷ്ട്രീയ നേതാക്കളെ അടുത്ത തവണയെങ്കിലും കൈകാര്യം ചെയ്യാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറായില്ലെങ്കില്‍ യഥാര്‍ഥ ജനാധിപത്യ വാദികള്‍ക്ക് വേദനിക്കും.സരിതയും ശാലിനിയും ആയി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒന്നാം സ്ഥാനത്തു നിന്ന കൊടിക്കുന്നേല്‍ സുരേഷിനെയും കെ സി വേണുഗോപാലിനെയും വീണ്ടും ജയിപ്പിച്ച കേരളത്തിലെ ജന സമൂഹം ലോകത്തിനു നല്‍കുന്ന സന്ദേശം ഒരു ജീര്‍ണ്ണസമൂഹത്തിന്റെതാണ്.യഥാ രാജ തഥാ പ്രജ എന്നാ പഴഞ്ചൊല്ല് ഇവിടെ അന്വര്‍ഥമാവുന്നു.

മാറേണ്ടത് കേരളത്തിലെ ജനങ്ങളാണ്.അനാവശ്യമായ ചര്‍ച്ചകളാണ് ചാനലുകള്‍ നടത്തുന്നത്.ഉമ്മന്‍ ചാണ്ടിയെ ഭരണത്തില്‍ നിന്നിറക്കുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന പ്രതിപക്ഷവും,ഏതു വൃത്തികെട്ട സംവിധാനങ്ങളില്‍ കൂടിയും ഭരണം നിലനിര്‍ത്തുവാന്‍ ശ്രമിക്കുന്ന ഭരണ പക്ഷവും കൊല ചെയ്യുന്നത് കേരളത്തിന്റെ മഹനീയമായ പാരമ്പര്യവും സംസ്‌കാരവുമാണ്.
ഗൂഡോദ്ദേശ്യവുമായി ആരോപണങ്ങളുമായി ഇറങ്ങുന്നവരെയും,പച്ച ഈര്‍ക്കിലിയില്‍ സാരി ചുറ്റിയാല്‍ അതിനെ പോലും പുണരാന്‍ എത്തുന്ന മന്ദബുദ്ധി രാഷ്ട്രീയക്കാരെയും,കള്ളപ്പണസംരക്ഷകരെയും പിടി കൂടി മുക്കാലിയില്‍ കെട്ടിയടി കൊടുക്കാനും ആര്‍ജ്ജവമുള്ള രാഷ്ട്രീയ നിയമ നേതൃത്വങ്ങള്‍ നമുക്കുണ്ടാവട്ടെ എന്നാശിക്കാനേ നമ്മള്‍ മലയാളികള്‍ക്ക് വഴിയുള്ളൂ.

പാപ്പച്ചന്‍ പാലാക്കാരന്‍

Scroll To Top