Sunday December 11, 2016
Latest Updates

ജോസ് കെ മാണിയെ രക്ഷിക്കാന്‍ മാണിയും സരിതയും കൂടിക്കാഴ്ച്ച നടത്തിയെന്ന് പി സി ജോര്‍ജ് 

ജോസ് കെ മാണിയെ രക്ഷിക്കാന്‍ മാണിയും സരിതയും കൂടിക്കാഴ്ച്ച നടത്തിയെന്ന് പി സി ജോര്‍ജ് 

ഈരാറ്റുപേട്ട: സരിതാ നായരും കെ എം മാണിയും തമ്മില്‍ നടത്തിയ കൂടികാഴ്ച്ചയുടെ വിവരങ്ങളുമായി പി സി ജോര്‍ജ് രംഗത്തെത്തി. പുതിയ ലൈംഗിക അപവാദത്തില്‍ മകന്‍ ജോസ് കെ. മാണിയുടെ പേര് പുറത്തുവരാതിരിക്കാന്‍ സരിതാ നായരുമായി ധനമന്ത്രി കെ.എം മാണി രഹസ്യകൂടിക്കാഴ്ച നടത്തിയെനാണ് പി.സി ജോര്‍ജിന്റെ കണ്ടെത്തല്‍.
മാവേലിക്കരയില്‍ വച്ചായിരുന്നു സരിതമാണി കൂടിക്കാഴ്ച. സരിതയുടെ കത്തില്‍ ജോസ്. കെ മാണിയുടെ പേരുണ്ടായിരുന്നു. അത് പുറത്തുവരാതിരിക്കാന്‍ മാണി സരിതയുമായി ചര്‍ച്ച നടത്തുകയായിരുന്നു.

സരിതയെ കാണാന്‍ ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് മാണി പോയത്. ബാര്‍ മുതലാളിമാരില്‍ നിന്ന് പിരിച്ച പണത്തിന്റെ പകുതിയും സരിത കൊണ്ടുപോയെന്ന് സംശയിക്കുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

തന്നെ പുറത്താക്കിയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. മുന്നണി നേതാക്കളില്‍ നിന്നും തനിക്ക് നീതി ലഭിച്ചില്ല. മുഖ്യമന്ത്രിയെ പോലും കെ.എം മാണി അനുസരിക്കുന്നില്ല. ഉമ്മന്‍ചാണ്ടി ഫോണില്‍ വിളിച്ചാല്‍ ബന്ധപ്പെടാന്‍ പോലും മാണി തയ്യാറല്ല.

മാണിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. രണ്ടില ചിഹ്നം തനിക്ക് അവകാശപ്പെട്ടതാണ്. പ്രായമായ മാണി മാന്യമായ വിരമിക്കലിന് തയ്യാറാകണം. പാര്‍ട്ടിയില്‍ നിന്നു ലീവെടുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടും. നിരസിച്ചാല്‍ സംസ്ഥാന കമ്മറ്റി വിളിച്ചുചേര്‍ത്ത് മാണിക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല. രാജിവെക്കരുതെന്നാണ് പൂഞ്ഞാറിലെ ജനങ്ങളുടെ താത്പര്യം. മാണി മന്ത്രിയായി തുടരുന്നത് അന്തസ്സിന് ചേര്‍ന്നതാണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കണം. മറ്റൊരു മുന്നണിയുമായോ പാര്‍ട്ടിയുമായോ സഹകരിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു.

ഇതേസമയം, പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി തിരുവനന്തപുരത്തു പറഞ്ഞു. ആരെയും പുറത്താക്കാന്‍ തനിക്ക് ആഗ്രഹമില്ല. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുന്പ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാണി.

ജോര്‍ജിനെ പുറത്താക്കിയല്ലോ എന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ നല്ലത് എന്നായിരുന്നു മാണിയുടെ മറുപടി. പാര്‍ട്ടിയുടെ തീരുമാനം മുഖ്യമന്ത്രി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. തനിക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ ജനം വിലയിരുത്തട്ടെയെന്നും മാണി പറഞ്ഞു.

Scroll To Top