Friday January 19, 2018
Latest Updates

‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു, എന്‍ സ്വദേശം….’

‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു, എന്‍ സ്വദേശം….’

മയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു എന്‍ സ്വദേശം കാണ്മതിനായി ഞാന്‍ തനിയെ പോകുന്നു…മലയാളികളായി പിറന്നവരൊക്കെ കേട്ടിട്ടുള്ള ഒരു ഗാനമാണിത്.ഈ ഗാനം എഴുതിയത് ഒരു വിദേശിയാണ് എന്ന് അറിയുന്നവര്‍ കുറവാണ്.

മലയാളത്തില്‍ നിരവധി ക്രിസ്തീയ കീര്‍ത്തങ്ങളുടെ രചയിതാവായ ഒരു ജര്‍മ്മന്‍ വൈദീകന്‍ ആണ്വോള്‍ബ്രീറ്റ് നാഗല്‍.ഇപ്പോള്‍ കേരളാ ക്രൈസ്തവര്‍ സാധാരണ ശവസംസ്‌കാരശുശ്രൂഷയുടെ സമയത്ത് പാടാറുള്ള സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്നാരംഭിക്കുന്ന പ്രശസ്ത കീര്‍ത്തനത്തിന്റെ രചയിതാവ് ഈ നാഗല്‍ സായിപ്പ് ആണ്.

നാഗല്‍ സായിപ്പ് എന്ന പേരില്‍ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്.ജനനം 1867 നവംബര്‍ 3നു ജര്‍മ്മനിയിലെ ഹാസന്‍ എന്ന നഗരത്തില്‍ . മരണം 1921 മെയ് 12നു ജര്‍മ്മനിയില്‍.

സഞ്ചാര സുവിശേഷകനായിരുന്ന ഒരു ചെരുപ്പുകുത്തിയുടെ പ്രസംഗം കേട്ട് 18ആമത്തെ വയസ്സില്‍ നാഗലിനു മാനസാന്തരം ഉണ്ടായെന്നും, തുടര്‍ന്ന് സുവിശേഷകനായി ജീവിക്കണം എന്നു തീരുമാനിക്കുകയും ചെയ്‌തെന്ന് പറയപ്പെടുന്നു. ആ തീരുമാനത്തോടെ സിറ്റ്‌സ്വര്‍ലാന്‍ഡിലുള്ള ബാസല്‍ പട്ടണത്തിലെ ലൂഥറന്‍ വൈദീകപാഠശാലയില്‍ പ്രവേശിച്ചു. ആറു വര്‍ഷത്തെ അഭ്യസനത്തിനു ശേഷം 1892ല്‍ അദ്ദേഹത്തെ ഇവാഞ്ചലിക്കല്‍ ലൂതറന്‍ മിഷ്യന്റെ ഇന്ത്യയിലേക്കുള്ള പ്രവര്‍ത്തനത്തിനായി നിയോഗിച്ചു. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുന്‍പ് വൈദികപ്പട്ടവും ഏറ്റു.

1893ഡിസംബര്‍ മാസത്തിലാണു അദ്ദേഹം കണ്ണൂരില്‍ എത്തിയത്.വാണിയങ്കുളത്തെ ബാസല്‍ മിഷ്യന്‍ കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു. മിഷന്‍ സ്ഥാപനങ്ങളായ സ്‌കൂളുകളും വ്യവസായ സ്ഥാപനങ്ങളും അവയുടെ നടത്തിപ്പും പണത്തിന്റെ ഉത്തരവാദിത്വവും എല്ലാം തന്നെ സ്വതന്ത്രമായ സുവിശെഷഘോഷനത്തിനു തടസ്സമായി നാഗലിനു തോന്നി.അതിനാല്‍ മുന്നു വര്‍ഷത്തിനു ശേഷം സ്വതന്ത്ര സുവിശെഷ പ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടി മിഷന്‍ കെന്ദ്രത്തിന്റെ ഉത്തരവാദിത്വം ഉപേക്ഷിച്ചു.അധികം താമസിയാതെ ലൂതറന്‍ സഭയുടെ അധികാരത്തിലുള്ള പ്രവര്‍ത്തനം ബന്ധനമായി തോന്നുകയാല്‍ അതും ഉപെക്ഷിച്ചു.അവിടെ നിന്നു എങ്ങോട്ടു പോകണം എന്നു ലക്ഷ്യം ഇല്ലാതെ മിഷനറി തെക്കോട്ടു യാത്ര ചെയ്തു. കാളവണ്ടിയിലായിരുന്നു യാത്ര.കുന്നംകുളം പട്ടണത്തിലെത്തിയപ്പോള്‍ കണ്ട ഒരു പ്രാര്‍ത്ഥനാ കെന്ദ്രം കണ്ടപ്പോള്‍ അവിറ്റെ കയറി വിശ്രമിച്ചു.ആ പുരാതന ക്രൈസ്തവ കേന്ദ്രത്തില്‍ തന്റെ മിഷനറി പ്രവര്‍ത്തനം തുടങ്ങാന്‍ നിശ്ചയിച്ചു.സുവിശെഷപ്രചരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നാഗല്‍ മലയാളം പഠിച്ചു.ചുരുങ്ങിയ കാലം കൊണ്ട് മലയാള ഭാഷയില്‍ പ്രസംഗം നടത്തുന്നതിനും, പാട്ടുകള്‍ എഴുതുന്നതിനും പാടവം നേടി.മലയാളത്തില്‍ പാടുകയും പ്രസംഗിക്കുകയും ചെയ്യുന്ന നാഗല്‍ സായിപ്പ് നാട്ടുകാര്‍ക്ക് പ്രിയംകരനായി.കുന്നംകുളം പട്ടണത്തിലും ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും അദ്ദേഹം തന്റെ മിഷനറി പ്രവര്‍ത്തനം തുടര്‍ന്നു.
1897ല്‍ കുന്നംകുളത്ത് താമസിച്ച് മിഷനറി പ്രവര്‍ത്തനം ചെയ്യുന്ന സമയത്ത്, നാഗല്‍ സായിപ്പ് മിസ്. ഹാരിയറ്റ് മിച്ചല്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ വനിതയെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു.
വിവാഹത്തിനു ശെഷം ചില മാസങ്ങള്‍ നവദമ്പതികള്‍ നീലഗിരിയില്‍ ചെന്നു പാര്‍ത്തു.ആ സമയത്താണു ഇംഗ്ലീഷ്‌കാരനായ ബ്രദറണ്‍ മിഷനറി ഹാന്‍ലി ബോര്‍ഡുമായി നാഗല്‍ പരിചയപ്പെടുന്നത്.ബോര്‍ഡ് സായിപ്പിന്റെ പഠിപ്പിക്കലിനെത്തുടര്‍ന്ന് നാഗല്‍ സായിപ്പും ഭാര്യയും അദ്ദേഹത്തിന്റെ കൈകൊണ്ടു തന്നെ മുതിര്‍ന്ന സ്‌നാനം ഏല്‍ക്കയും ബ്രദറന്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
samayamaamനാഗലിന്റെ പ്രവര്‍ത്തനത്തിനു ഏറ്റവും നല്ല കൂട്ടാളിയായിട്ടാണു മിച്ചല്‍ പ്രവര്‍ത്തിച്ചത്.ജര്‍മ്മന്‍കാരനായിരുന്ന നാഗലിന്റെ എഴുത്തുകുത്തുകളിലും മറ്റുമുള്ള പോരായ്മ പരിഹരിക്കാന്‍ മിച്ചല്‍ സഹായിച്ചു.ഇവര്‍ക്കു 5 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും ഉണ്ടായി. ഇതില്‍ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ശൈശവത്തില്‍ തന്നെ മരിച്ചു പൊയി.

ഒരു സ്ഥലത്തു തന്റെ മിഷനറി പ്രവര്‍ത്തനം മൂലം സഭ സ്ഥാപിക്കപ്പെട്ടാന്‍ പിന്നീടു പുതിയ സ്ഥലത്തെക്ക് പോകണം എന്നായിരുന്നു നാഗല്‍ സായിപ്പിന്റെ ആഗ്രഹം.അതിനാല്‍ 1899ല്‍ തന്റെ 32ആമത്തെ വയസ്സില്‍ കുന്നംകുളത്തു നിന്നു ഏകദേശം 32 കി.മീ. അകലെയുള്ള പറവൂര്‍ എന്ന സ്ഥലത്തേക്ക് തന്റെ പ്രവര്‍ത്തനവും താമസവും മാറ്റി.
നാളുകള്‍ക്കു ശെഷം തന്റെ 39ആമത്തെ വയസ്സില്‍ 1906ല്‍ നാഗല്‍ തൃശൂര്‍ നഗര പ്രാന്തത്തിലുള്ള നെല്ലിക്കുന്നത്തു കുറേ സ്ഥലം വാങ്ങി. ഒരു അനാഥശാലയും വിധവാ മന്ദിരവും ആരംഭിച്ചു.ആ മിഷന്‍ കേന്ദ്രത്തിനു റഹബോത്ത് എന്നാണു നാമകരണം ചെയ്തത്. ഈ അനാഥശാല ഇന്നു 100 വര്‍ഷത്തില്‍ പരമുള്ള സേവന പാരമ്പര്യത്തോടെ ഇപ്പോഴും നിലനില്‍ക്കുന്നു.

കേരളത്തില്‍ വന്നു മിഷനറി പ്രവര്‍ത്തനം ലക്ഷ്യമാക്കി നാഗല്‍ സായിപ്പ് മലയാളം പഠിച്ചു എന്നു മാത്രമല്ല അതില്‍ പ്രാവീണ്യം ഉള്ളവനുമായി തീര്‍ന്നു.
ചെറുപ്പം മുതല്‍ തന്നെ പാട്ടുകള്‍ ഈണത്തില്‍ പാടാനും ജര്‍മ്മന്‍ ഭാഷയില്‍ കൊച്ചു കൊച്ചു ഗാനങ്ങള്‍ എഴുതാനും നാഗല്‍ സായിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.ഈ പ്രത്യേക വാസന മലയാല ഗാനരചനയ്ക്കായി അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങള്‍ അവലംബിച്ച് ഉപദേശ നിഷ്ഠയില്‍ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവര്‍ദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രച്ചിച്ചു. അതൊക്കെ ഇപ്പോള്‍ സഭാ വ്യത്യാസം കൂടാതെ കേരളാ ക്രൈസ്തവര്‍ അവരുടെ ആരാധനകളില്‍ ഉപയോഗിക്കുന്നു.
അദ്ദേഹത്തിന്റെ ചില പ്രശസ്തമായ മലയാള ക്രൈസ്തവ ഗാനങ്ങള്‍ താഴെ പറയുന്നവ ആണ്.

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
യേശുവേ നിന്റെ രൂപമീയെന്റെ കാണുകള്‍ക്കെത്ര സൗന്ദര്യം
സ്‌നേഹത്തില്‍ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ
വിതച്ചീടുക നാം സ്വര്‍ഗ്ഗത്തിന്റെ വിത്താം
യേശുവിന്‍ തിരുപ്പാദത്തില്‍ ഇരുന്നു കേള്‍ക്ക നാം (Sing them over again to me എന്ന ആംഗലേയ ഗാനത്തിന്റെ സ്വതന്ത്രവിവര്‍ത്തനം)

1914ല്‍ 47ആമത്തെ വയസ്സില്‍ തന്റെ ജന്മദേശം ഒന്നു സന്ദര്‍ശിച്ചിട്ട് ആറു മാസം കഴിഞ്ഞ് തിരിച്ചു വരാമെന്നുള്ള ആശയോടെ തന്റെ രണ്ട് മക്കളോടു കൂടി നാഗല്‍ സായിപ്പ് ജര്‍മ്മനിയിലെക്ക് പൊയി. പക്ഷെ ആ സമയത്ത് ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടതിനാല്‍ തിരിച്ചു വരവ് സാദ്ധ്യമായില്ല. 1914ല്‍ തന്നെ നിഷ്പക്ഷരാജ്യമായ സ്വിറ്റ്‌സ്വര്‍ലാന്റില്‍ അദ്ദേഹം അഭയം നേടി.
1917ജനുവരിയില്‍ അദ്ദേഹം ബാസലില്‍ നിന്നു പറവൂരുള്ള സഹപ്രവര്‍ത്തകനു എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു.

ഞാന്‍ എന്റെ രാജ്യത്തായിരുന്നുവെങ്കില്‍, നിയമ പ്രകാരം ജര്‍മ്മനിയുടെ വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുമായിരുന്നു. ഇംഗ്ലണ്ടോ ജര്‍മ്മനിയോ ആരോണോ ജയിക്കേണ്ടതെന്നും രണ്ടു കൂട്ടരും ദൈവത്തിന്റെ ശിക്ഷണത്തിനു വിധേയരാകണമോ എന്നും നിശ്ചയിക്കെണ്ടതു ഞാനല്ല ദൈവം മാത്രമാണ്. എന്റെ രാഷ്ട്രീയം ദൈവരാജ്യത്തിന്റെ രാഷ്ട്രീയമായതു കൊണ്ട് ജര്‍മ്മന്‍ സാമ്രാജ്യം തവിടു പൊടിയായാലും ക്രിസ്തുവിന്റെ ശിഷ്യനെന്ന നിലയില്‍ എനിക്കതില്‍ ഏതുമില്ല.

ജര്‍മ്മനിയിലുള്ള അനേക സുവിശേഷവേലക്കാര്‍ യുദ്ധത്തിന്റേയും വാളിന്റേയും സേവനത്തില്‍ മരിച്ചു. എന്തൊരു അജ്ഞത? ഭീകരമായ അടിമത്വം! യൂറോപ്പിലെ ക്രൈസ്തവരാണ് ക്രൂരമായ ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍. യേശുക്രിസ്തുവിലുള്ള പൂര്‍ണ്ണമായ സൗന്ദര്യം കണ്ടെത്തേണ്ടതിനു പകരം, അവരിപ്പോഴും പഴയനിയമത്തിന്റെ ആശയങ്ങളീലാണ് പൂണ്ടു കിടക്കുന്നത്. അതു കൊണ്ട് ക്രിസ്ത്യാനിയും യുദ്ധവും എന്ന ശീര്‍ഷകത്തില്‍ ജര്‍മ്മന്‍ ഭാഷയില്‍ ഞാനൊരു പുസ്തകം എഴുതിയത് അച്ചടിച്ചു കൊണ്ടിരിക്കുന്നു.

സ്വിറ്റ്‌സര്‍ലാന്‍ഡിലുള്ള എന്റെ താമസത്തിന്റേയും വേലയുടേയും ഫലമായി വിലപ്പെട്ട അനേകം ആത്മാക്കളെ ദൈവം എനിക്കു തന്നു. അതാണു വലിയൊരു ആശ്വാസം. എന്നാല്‍ ഇന്ത്യയിലുള്ള നിങ്ങളാണു എന്റെ വില തീരാത്ത നിധികള്‍. അതു കൊണ്ട് അവിടെയാണു എന്റെ ഹൃദയവും ആകാംക്ഷയും ഇരിക്കുന്നത്. വാഗ്ദാനപ്രകാരം ഇങ്ങളോടൊപ്പമെത്തി സ്‌നേഹത്തിന്റെ മധുരിമ അനുഭവിപ്പാനും സംസര്‍ഗ്ഗസുഖം ആസ്വദിപ്പാനും പ്രയത്‌നിപ്പാനും സംസര്‍ഗ്ഗസുഖം ആസ്വദിപ്പാനും അവന്റെ വരവിനു കാലതാമസ്മുണ്ടെങ്കില്‍ എന്റെ പ്രിയമുള്ള ഇന്ത്യയിലും ഇന്ത്യന്‍ ജനതയ്ക്കു വേണ്ടിയും മരിപ്പാനുള്ള എന്റെ ആഗ്രഹം അവന്‍ നിറവേറ്റട്ടെ.

പറവൂര്‍ സഭയിലെ വാത്സല്യഭാജനങ്ങളഅയ കൂട്ടു വിശ്വാസികള്‍ക്കു സ്‌നേഹസലാം ചൊല്ലിക്കൊണ്ടു കര്‍ത്താവില്‍ നിങ്ങളുടെ സഹോദരന്‍ വി. നാഗല്‍

ഈ കത്ത് എഴുതി അധികനാള്‍ കഴിയുന്നതിനു മുമ്പ് നാഗല്‍ പക്ഷവാതരോഗബാധിതനായി. 1921 മെയ് 12ആം തീയതി ജന്മസ്ഥലമായ ജര്‍മ്മനിയില്‍ വെച്ച് നാഗല്‍ അന്തരിച്ചു.
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്ന ഇദ്ദേഹത്തിന്റെ ഗാനം വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. നിരവധി ഭാഷകളിലേക്ക് ഈ ഗാനം വിവര്‍ത്തനം ചെയ്യപ്പെട്ടു.
ക്രൈസ്തവസമൂഹത്തിനും പുറത്തും ഈ ഗാനം പ്രസിദ്ധി ആര്‍ജ്ജിക്കുകയും അര നാഴിക നേരം എന്ന സിനിമയില്‍ ദേവരാജന്‍/വയലാര്‍ കൂട്ടുകെട്ട് വരികളില്‍ അല്പ സ്വല്പം വ്യത്യാസങ്ങളോടെ ഈ ഗാനം ഉള്‍പ്പെടുത്തുകയും ചെയ്തു.ആ സിനിമയ്ക്കു വേണ്ടി മാധുരി പാടിയ ഗാനമാണു എന്റെ അറിവില്‍ ഈ ഗാനത്തിന്റെ ലഭ്യമായ ഒരേ ഒരു ഓഡിയോ റെക്കാര്‍ഡ്.

ഈ ഗാനം മരണ/ശവസംസ്‌കാര സമയത്തല്ലാതെ പാടുന്നതോ പരാമര്‍ശിക്കുന്നതോ അന്ധവിശ്വാസമെന്നു പറയാവുന്ന ഒരു തരം പേടിയോടെയാണു കേരളാ ക്രൈസ്തവസമൂഹം കണ്ടു കൊണ്ടിരിക്കുന്നത്.അതിനാല്‍ തന്നെ ഒരു മാതിരി എല്ലാ ക്രൈസ്തവര്‍ക്കും ചിരപരിചിതമായ ഈ ഗാനത്തിന്റെ ഓഡിയോ റിക്കോര്‍ഡ് പോലും എങ്ങും കിട്ടാനില്ല.സാധാരണ സമയങ്ങളില്‍ ഈ പാട്ടിന്റെ വരികള്‍ പാടുന്നതോ പരാമര്‍ശിക്കുന്നതോ പരമാവധി ഒഴിവാക്കാന്‍ അറിഞ്ഞോ അറിയാതെയോ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടത്രെ.

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്ന ആ ഗാനത്തിന്റ തനതു വരികള്‍ പൂര്‍ണ്ണ രൂപത്തില്‍ താഴെ

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.

ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ! നിനക്കു സ്‌തോത്രം വേഗം നിന്നെ കാണും ഞാന്‍

രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം 

രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടായുന്നു

തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം

ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍

സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം 

നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായില്‍

എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു
ഷിജു അലക്‌സ് 


Scroll To Top