Friday December 02, 2016
Latest Updates

അയര്‍ലണ്ടില്‍ ശമ്പള പുനഃസ്ഥാപനം വൈകും; പേ കട്ട്‌സ് നിയമം പുതുക്കി,ഇന്‍ക്രിമെന്റുകള്‍ നല്കാതിരിക്കാനും ജോലി സമയം വര്‍ദ്ധിപ്പിക്കാനുമുള്ള സര്‍ക്കാര്‍ നിയമം തുടരും

അയര്‍ലണ്ടില്‍ ശമ്പള പുനഃസ്ഥാപനം വൈകും; പേ കട്ട്‌സ് നിയമം പുതുക്കി,ഇന്‍ക്രിമെന്റുകള്‍ നല്കാതിരിക്കാനും ജോലി സമയം വര്‍ദ്ധിപ്പിക്കാനുമുള്ള സര്‍ക്കാര്‍ നിയമം തുടരും

ഡബ്ലിന്‍:പൊതുസേവന രംഗത്ത് പേ കട്ട്‌സ് അനുവദിക്കുന്ന നിയമം സര്‍ക്കാര്‍ പുതുക്കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ 2016ലും ഈ നിയമം നടപ്പിലാക്കേണ്ടതുണ്ടെന്ന് പബ്ലിക് എക്‌സെപന്‍ഡിച്ചര്‍ ആന്‍ഡ് റിഫോം മിനിസ്റ്റര്‍ പാസ്ചല്‍ ഡോണഗ് പ്രസ്താവനയില്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥ ശക്തിപ്പെട്ട സാഹചര്യത്തില്‍ നിയമം പിന്‍വലിക്കണമെന്ന് പബ്ലിക് സര്‍വീസ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു.

നിലവിലെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാനായി ആവശ്യമെങ്കില്‍ പേ കട്ട്‌സ്, ഇന്‍ക്രിമെന്റ് പിടിച്ചുവയ്ക്കല്‍, അലവന്‍സുകള്‍ നല്‍കാതിരിക്കല്‍, ജോലി സമയം വര്‍ദ്ധിപ്പിക്കുക എന്നിവ അടങ്ങുന്ന നിയമം തുടരുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരുക്കുന്നത്. ഇത് വര്‍ഷത്തില്‍ 2.2 ബില്ല്യണ്‍ യൂറോ ലാഭിക്കുമെന്ന് മന്ത്രി ഡോണഗ് പറഞ്ഞു. തൊഴിലില്ലായ്മ കുറയ്ക്കാനും, ധനക്കമ്മി നിയന്ത്രിക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ദിവസേന 13 മില്ല്യണ്‍ യൂറോയോളം രാജ്യത്തിന്റെ ചെലവുകള്‍ക്കായി കടം വാങ്ങേണ്ട വസ്ഥയാണ് എന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. ലാന്‍ഡ്‌സ്ഡൗണ്‍ എഗ്രിമെന്റ് നിയമത്തിന്റെ ഭാഗമായി നടപ്പിലാക്കുമെന്നും, പബ്ലിക് സര്‍വീസ് പെന്‍ഷന്‍ വെട്ടിച്ചുരുക്കുന്നത് ഭാഗികമായി നിര്‍ത്തലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വാഗ്വാദം: ഡോള്‍ നിര്‍ത്തിവച്ചു
പേ കട്ട്‌സ് അനുവദിക്കുന്ന നിയമം പുതുക്കാനുള്ള സര്‍ക്കാര്‍ ബില്ലിന്റെ ചര്‍ച്ചയില്‍ ചൂടേറിയ വാഗ്വാദത്തെത്തുടര്‍ന്ന് 32ാം ഡോള്‍ ആദ്യമായി നിര്‍ത്തിവച്ചു. പബ്ലിക് സര്‍വീസ് ജോലിക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്ന എഫ്ഇഎംപിഐ നിയമത്തെ എതിര്‍ത്ത് ഒരുപറ്റം ടിഡിമാര്‍ രംഗത്തു വന്നതോടെയായിരുന്നു ഡോള്‍ സ്തംഭിച്ചത്. എതിര്‍പ്പുകള്‍ക്കിടെ നിയമം ഈ വര്‍ഷവും തുടരുമെന്ന സര്‍ക്കാര്‍ വാദത്തെ തുടര്‍ന്ന് ബില്ലിന്റെ കോപ്പി വലിച്ചു കീറിയാണ് ചില അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചത്.ഇതോടെയാണ് ഡോള്‍ നിര്‍ത്തി വെച്ചത്.

ബ്രെക്‌സിറ്റ്,വാട്ടര്‍ ചാര്‍ജ് പിന്‍വലിക്കല്‍ തുടങ്ങി ഒട്ടേറെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നയ പുനഃപരിശോധനാ എന്നാണ് ലഭ്യമായ വിവരം.പക്ഷെ ഇത് ഔദ്യോഗിമായി ഒരിടത്തും സൂചിപ്പിച്ചിട്ടില്ല.ജനുവരിയില്‍ ആരംഭിച്ച ഭാഗിക ശമ്പള വര്‍ദ്ധനവ് തുടരുമെങ്കിലും പുതിയ ശമ്പള വര്‍ദ്ധനവ് ഉണ്ടാവില്ലെന്നാണ് സൂചനകള്‍.

അതേസമയം ഗാര്‍ഡ ശമ്പളവുമായി ബന്ധപ്പെട്ട ലാന്‍ഡ്‌സ്ഡൗണ്‍ എഗ്രിമെന്റ് പുനഃപരിശോധിക്കാന്‍ സംഘടനയ്ക്കുള്ളില്‍ വോട്ടെടുപ്പ് നടത്തുമെന്ന് ഗാര്‍ഡ സെര്‍ജന്റ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഓഗസ്റ്റിലായിരിക്കും ഈ വോട്ടെടുപ്പ് നടക്കുക. ഗാര്‍ഡ അസോസിയേഷന്‍ ലാന്‍ഡ്‌സ്ഡൗണ്‍ എഗ്രിമെന്റ് അംഗീകരിക്കില്ല എന്ന നിലപാടാണ് മുമ്പ് എടുത്തിട്ടുള്ളത്.

Scroll To Top