Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ 7500 നഴ്സുമാര്‍ക്ക് ശമ്പളം കൂടും, ഇന്‍ക്രിമെന്റുകള്‍ പുനഃസ്ഥാപിക്കും

അയര്‍ലണ്ടിലെ 7500 നഴ്സുമാര്‍ക്ക് ശമ്പളം കൂടും, ഇന്‍ക്രിമെന്റുകള്‍ പുനഃസ്ഥാപിക്കും

ഡബ്ലിന്‍:ഇന്‍ക്രിമെന്റുകള്‍ പുനഃസ്ഥാപിക്കുന്നതോടെ അടുത്ത വര്‍ഷം രാജ്യത്തെ 7,500ഓളം നഴ്സുമാര്‍ക്ക് കുറഞ്ഞത് 1,000 യൂറോയുടെ ശമ്പള വര്‍ദ്ധനവ് ഉണ്ടാകും. 2017 ജനുവരി 1 മുതല്‍ ഇന്‍ക്രിമെന്റുകള്‍ പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ് വ്യാഴാഴ്ച വ്യക്തമാക്കി. 2011നും 2015നും ഇടയില്‍ യോഗ്യത നേടിയ നഴ്സുമാരുടെ 36 ആഴ്ച്ചയിലെ സ്റ്റുഡന്റ് പ്ലേസ്മെന്റ് ഇന്‍ക്രിമെന്റാണ് പുനഃസ്ഥാപിക്കുക. തീരുമാനത്തെ നഴ്സുമാരും യൂണിയനുകളും സ്വാഗതം ചെയ്തു.

നഴ്സുമാര്‍ അനുഭവിക്കുന്ന പ്രശ്നം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. ഇന്‍ക്രിമെന്റ് പുനഃസ്ഥാപിക്കാനുള്ള തീരുമാനം, രാജ്യം വിട്ടു പോയ നഴ്സമാരെ തിരികെ അയര്‍ലണ്ടിലെത്തി ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിനുള്ള ആദ്യ പടിയാണ് ഈ തീരുമാനം.

2011നും 2015നും ഇടയില്‍ യോഗ്യത നേടിയ നഴ്സുമാര്‍ക്ക് മറ്റ് നഴ്സുമാരുടെ തുല്യ ശമ്പളം ലഭിക്കണമെന്നത് ഏറെക്കാലായി ഉയരുന്ന ആവശ്യമാണ്.

അയര്‍ലണ്ടില്‍ ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 60664 നഴ്സുമാരാണ് ഉള്ളത്.ഇവരില്‍ 80 ശതമാനം പേരും ഇപ്പോള്‍ ജോലി ചെയ്യുന്നവരാണ്.ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഐറിഷുകാര്‍ തന്നെ(50891)

രണ്ടാം സ്ഥാനത്ത് ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരാണ്.4384 ഇന്ത്യന്‍ നഴ്സുമാരാണ് അയര്‍ലണ്ടില്‍ ഉള്ളത്.എന്നാല്‍ ഐറിഷ് പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരെ ഇക്കൂട്ടത്തില്‍ ചേര്‍ത്തിട്ടില്ല.അവരുടെ എണ്ണവും രണ്ടായിരത്തില്‍ അധികം വന്നേക്കുമെന്നു നഴ്സിംഗ് ബോര്‍ഡ് അധികൃതര്‍ കരുതുന്നു,

മൂന്നാം സ്ഥാനത്ത് 3775 പേരുള്‍പ്പെടുന്ന ഫിലിപ്പിനോ നഴ്‌സാസാണ്.തൊട്ടടുത്താണ് 2710 പേരടങ്ങുന്ന ബ്രിട്ടീഷ് നഴ്സുമാര്‍.2009 മുതലുള്ള ശമ്പള കട്ടിംഗ് ഇവര്‍ക്കെല്ലാം ബാധകമായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ അത് ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നുണ്ട്.ഇപ്പോഴത്തെ ബജറ്റില്‍ നിയോഗിച്ചിരിക്കുന്ന ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്ത ജൂലൈയോടെ പുറത്തു വരുമ്പോള്‍ എല്ലാ മേഖലയിലും ഉള്ള നഴ്സുമാര്‍ അടക്കമുള്ളവര്‍ ഗണ്യമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top