Thursday April 26, 2018
Latest Updates

കോഴിക്കോട്ടുകാര്‍ അയര്‍ലണ്ടിനൊപ്പം:ബ്രസീലിനെതിരെ ഇന്ന് സെമി ഫൈനല്‍

കോഴിക്കോട്ടുകാര്‍ അയര്‍ലണ്ടിനൊപ്പം:ബ്രസീലിനെതിരെ ഇന്ന് സെമി ഫൈനല്‍

നാഗ്ജി ടൂര്‍ണമെന്റിലെ ആദ്യ സെമിയില്‍ ഐറിഷ് ടീമായ ഷാംറോക്ക് റോവേഴ്‌സ് ബ്രസീലിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ പരാനെസിനെ നേരിടും. ഇന്ന് രാത്രി ഏഴിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.വാശിയേറിയ മത്സരത്തില്‍ അയര്‍ലണ്ടിന് പിന്തുണയുമായി ആയിരകണക്കിന് കാണികള്‍ ഇന്ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തി ചേരും.
കോഴിക്കോടിന്റെ ഫുട്‌ബോള്‍ പ്രേമം ലോകമെങ്ങും കേള്‍വി കേട്ടതാണ്.കളിക്കാരെ മാത്രമല്ല കളിക്കാരുടെ ക്ലബ്ബിനെയും രാജ്യത്തെയും അവര്‍ നെഞ്ചിലേറ്റും.അവിചാരിതമായാണ് അയര്‍ലണ്ട്കാര്‍ മലബാറിലെ ഫുട്‌ബോള്‍ പ്രേമികളുടെ വീരതാരങ്ങളായത്.ബ്രസീലിന്റെയും അര്‍ജന്റീനയുടെയുടെയും ആരാധകര്‍ ഏറെയുള്ള കോഴിക്കോട്ടെ അര്‍ജന്റീനിയന്‍ ആരാധകര്‍ ഒന്നടങ്കം ഇന്ന് അയര്‍ലണ്ട് പടയ്ക്ക് പിന്തുണയുമായി ഗാലറിയില്‍ ഉണ്ടാവും.വന്‍ പ്രതീക്ഷയോടെയെത്തിയ അര്‍ജന്റീനയുടെ ടീം മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടാണ് പുറത്തായത്. കാണികളുടെ മികച്ച പിന്തുണയുണ്ടായിട്ടും കാര്യമായൊന്നും ചെയ്യാനാവാതെയാണ് അര്‍ജന്റീനയുടെ യുവതയുടെ മടക്കം.sham oo

അര്ജന്റീനയുടെ പരമ്പരാഗത ഫുട്‌ബോള്‍ എതിരാളികളായ ബ്രസീലിയന്‍ ടീമിനെയാണ് അയര്‍ലണ്ട് ഇന്ന് നേരിടുന്നത്.അതിനാല്‍ കൂടിയാണ് ബ്രസീലിയന്‍ പിന്തുണക്കാര്‍ അയര്‍ലണ്ടിന്റെ പിന്തുണക്കാരായി മാറിയത്.

ടീം എന്ന രീതിയില്‍ ഷാംറോക്ക് മികച്ച പ്രകടനമാണ് റൗണ്ട് മത്സരങ്ങളില്‍ കാഴ്ചവെച്ചതെന്ന് അത്‌ലറ്റിക്കോ പരാനസ് ഇന്റര്‍നാഷണല്‍ അഫയേസ് ഡയറക്ടര്‍ ലൂയി ഗ്രേക്കോ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. സെമിയില്‍ ഷാംറോക്കിനെതിരായ മത്സരം കടുത്തതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനിയന്‍ രാജ്യാന്തര ടീമിനെ നാഗ്ജി ടൂര്‍ണമെന്റില്‍ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഏതൊരു ബ്രസീലുകാരനെയും പോലെ അര്‍ജന്റീനയ്‌ക്കെതിരെ കളത്തിലിറങ്ങണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും വ്യക്തമാക്കി.

അണ്ടര്‍ 23 ടീമിനെയാണ് ഇത്തവണ അത്‌ലറ്റിക്കോ പരാനെസ് നിലനിര്‍ത്തിയിട്ടുള്ളത്. എന്നാല്‍ മുതിര്‍ന്ന താരങ്ങളുമായി മത്സരിക്കുമ്പോള്‍ ഇവര്‍ കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ആക്രമണ ശൈലി എന്നും ബ്രസീലിയന്‍ ഫൂട്‌ബോളിന്റെ ഭാഗമാണ്. ടൂര്‍ണമെന്റില്‍ ഇത് പിന്തുടരും. എന്നാല്‍ ആക്രമണ മുന്നേറ്റത്തോടൊപ്പം പ്രതിരോധത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ ലോക കപ്പില്‍ ജര്‍മ്മനിക്കെതിരെ ബ്രസീല്‍ തകര്‍ന്നടിയാന്‍ പ്രധാന കാരണം ആക്രമണ ശൈലിയിലേക്ക് മാത്രം ഊന്നിയത് കൊണ്ടാണ്.

വരുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് പരിശീലന സാഹചര്യം ഒരുക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ട്. ഓള്‍ ഇന്ത്യ ഫൂട്‌ബോള്‍ ഫെഡറേഷനുമായി ഇതുസംബന്ധിച്ച് ക്ലബ്ബ് ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ തുടര്‍ന്നും ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതില്‍ സന്തോഷമുണ്ട്. ഇന്ത്യന്‍ കാലാവസ്ഥയും ബ്രസീലിയന്‍ കാലാവസ്ഥയും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ലാത്തതിനാല്‍ ടീമിന് മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെക്കാന്‍ സാധിക്കുന്നുണ്ട്. ഇത് മറ്റു ടീമുകളെ അപേക്ഷിച്ച് മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും ഗ്രേക്കോ കൂട്ടിച്ചേര്‍ത്തു.

റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പിഴവുകള്‍ പരിഹരിച്ച് മികച്ച പ്രകടനങ്ങള്‍ കാഴ്ച്ച വെക്കാന്‍ സാധിക്കുന്നുണ്ടെന്ന് മുഖാമുഖത്തില്‍ പങ്കെടുത്ത ഷാംറോക്ക് റോവേഴ്‌സ് മാനേജര്‍ പാട്രിക് ഫെന്‍ലോണ്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ ലീഗ് ക്ലബ്ബുകളുമായി മത്സരിച്ചു പരിചയമുണ്ടെങ്കിലും ലാറ്റിനമേരിക്കന്‍ ടീമുകളുമായി എതിരിടാന്‍ സാധിക്കുന്നത് ഇതാദ്യമായാണ്. പരാെനസിനെതിരെ തുറന്ന മത്സരമാണ് പ്രതീക്ഷിക്കുന്നത്. അവസരങ്ങള്‍ സൃഷ്ടിച്ച് ഗോള്‍ നേടാന്‍ ഇരു ടീമുകളും ശ്രമിക്കുമെന്ന് കരുതുന്നു.

പരിക്കേറ്റതിനാല്‍ ക്യപ്റ്റന്‍ ഗാരി മെക്കാബെയ്ക്ക് തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്ടമാകും. നാഗ്ജി ടൂര്‍ണമെന്റിലൂടെ ഇന്ത്യയെകുറിച്ചുള്ള കാഴ്ച്ചപ്പാട് മാറിയിട്ടുണ്ട്. ക്രിക്കറ്റ് പോലെ തന്നെ ഫുട്‌ബോളിനെയും സ്‌നേഹിക്കുന്ന ജനത ഇവിടെയുണ്ടെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top