Monday September 25, 2017
Latest Updates

ഡബ്ലിനിലെ സാഗട്ടില്‍ മലയാളികളുടെ കാര്‍ഷിക കൂട്ടായ്മ ശ്രദ്ധേയമാകുന്നു,ഇത് നഗര കൃഷിയുടെ ഒന്നാം പാഠം !

ഡബ്ലിനിലെ സാഗട്ടില്‍ മലയാളികളുടെ കാര്‍ഷിക കൂട്ടായ്മ ശ്രദ്ധേയമാകുന്നു,ഇത് നഗര കൃഷിയുടെ ഒന്നാം പാഠം !

ഡബ്ലിന്‍:താലയിലെ സാഗട്ടില്‍  മലയാളികള്‍ ഒരു പുതിയ പുറപ്പാടിലാണ്.വീട്ടാവശ്യത്തിന് വേണ്ട പച്ചക്കറികള്‍ സ്വയമായി വളര്‍ത്തിയെടുക്കാന്‍ വേണ്ടി ഒരു സഹകരണ സംഘം തന്നെ രൂപികരിച്ചിരിക്കുകയാണ് അവര്‍.പ്രകൃതിയോടും,മണ്ണിനോടും,കൃഷിയോടും മമത വിട്ടൊരു ജീവിതക്രമവും തങ്ങള്‍ക്ക് വേണ്ടെന്ന ഉറച്ച നിലപാടിലാണവര്‍ 

യാദൃശ്ചികമായിരുന്നു കൃഷി മേഖലയിലേയ്ക്കുള്ള ഇവരുടെ ഇടപെടല്‍.സാഗട്ട് സെന്റ് മേരീസ് സ്‌കൂളില്‍ മക്കളെ പഠിക്കാന്‍ അയയ്ക്കുന്ന രക്ഷിതാക്കളുടെ സംഘം ഒന്നിച്ചു കൂടാന്‍ തുടങ്ങിയതോടെയാണ് തുടക്കം.അയര്‍ലണ്ടിലെ മിക്ക സ്‌കൂളുകളുടെയും മുമ്പില്‍ രാവിലെയും വൈകുന്നേരവും കുട്ടികളെ വിടാന്‍ എത്തുന്നവരെ പോലെ സാധാരണ സംഘമായിരുന്നു ഇവരുടെതും.മക്കളെ സ്‌കൂളില്‍ കയറ്റിയ ശേഷം ‘നാട്ടു വിശേഷങ്ങളും,പ്രാദേശിക ഭാഷണങ്ങളും’പങ്കു വെയ്ക്കുന്ന ഒരു സാധാരണ സംഘം.
അങ്ങനെയിരിക്കെയാണ് അവര്‍ ഒരു തീരുമാനത്തിലെത്തിയത്.ആഴ്ചയില്‍ ഒരിക്കലെങ്കിലും സംഘത്തിലെ എല്ലാവരും ചേര്‍ന്ന് പ്രയോജനകരമായ എന്തെങ്കിലും ചെയ്യണം. ഒരു സാമൂഹികമായ എന്തെങ്കിലും ഒരു ഇടപെടല്‍.

ബ്രേക്ക്ഫാസ്റ്റ് ക്ലബ് എന്ന പേരില്‍ രക്ഷിതാക്കളുടെ നാട്ടു കൂട്ടത്തിന് അങ്ങനെ തുടക്കമായി.ആദ്യമൊക്കെ ഏതെങ്കിലും വീട്ടില്‍ ഒന്നിച്ചു ചേര്‍ന്ന് പാട്ടും,ഗെയിംസുകളുമൊക്കെയായി ദിവസം നീക്കി സമൃദ്ധമായ ബ്രേക്ക് ഫാസ്റ്റോടെ സംഘം പിരിഞ്ഞു.ഒരു വര്‍ഷത്തിനു ശേഷം അത്തരം ഒരു മീറ്റിംഗിലാണ് കൃഷിയെക്കുറിച്ച് ആലോചന വന്നത്.പച്ചക്കറികള്‍ വളര്‍ത്താന്‍ വാടകയ്ക്ക് ലഭ്യമാകുന്ന സമീപത്തുള്ള സാഗട്ട് ഹില്ലിലെ പുരയിടത്തിന്റെ ഉടമയെ സമീപിക്കുന്നതിനു ഒരൊറ്റ മനസായിരുന്നു എല്ലാവര്‍ക്കും.

അയര്‍ലണ്ടിലെ കൃഷിരീതികള്‍ നമ്മുടെ പരമ്പരാഗത രീതികളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്.അത് കൊണ്ട് തന്നെ അത്യാവശ്യം കൃഷിവിദ്യാഭ്യാസം ഇല്ലാതെ പാടത്തേയ്ക്ക് ഇറങ്ങാന്‍ ആവില്ലെന്ന് മനസിലാക്കി.ഇവിടെയും നല്ലൊരു കൃഷിക്കാരന്‍ കൂടിയായ ഫാം ഉടമ സഹായത്തിനെത്തി.കൃഷിയ്ക്ക് അനുയോജ്യമായ സമയം,വിത്തിനങ്ങള്‍,വളപ്രയോഗം,നനയ്ക്കല്‍ രീതി അവയ്‌ക്കൊക്കെ മുന്‍ കൂട്ടി ഒരു ‘ട്യൂഷന്‍’തന്നെ ലഭിച്ചു സാഗട്ടിലെ ഫാമേഴ്‌സ് ഫോറം സുഹൃത്തുക്കള്‍ക്ക്.കേരളത്തില്‍ മണ്ണിനോട് മല്ലിടുന്ന ,അദ്ധ്വാനിക്കുന്ന കര്‍ഷകകുടുംബങ്ങളില്‍ നിന്നുള്ള ‘പഠിതാക്കള്‍ക്ക് നാട്ടിലെയും അയര്‍ലണ്ടിലെയും കൃഷി വ്യത്യാസങ്ങള്‍ മനസിലാക്കാന്‍ പെട്ടന്നായി.

കേരളത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട്.മേടം പത്തിന് വിത്തിട്ടാല്‍ കന്നി പത്തിന് കൊയ്ത്ത്’.എന്ന് പറയും പോലെ അയര്‍ലണ്ടിലെ കര്‍ഷകര്‍ക്കും പരമ്പരാഗതമായ ചില ദിവസങ്ങള്‍ വിത്തിടാനുണ്ട്.അവയില്‍ ഒന്നായ മാര്‍ച്ച് 22 ന് തന്നെ വിത്തിടണം എന്ന ഉദ്ദേശത്തോടെ പുരയിടം കിളച്ചു റെഡിയാക്കാന്‍ സംഘത്തിലെ പത്തു പേരും ഉണ്ടായിരുന്നു.പിന്നെ ആഘോഷമായ വിത്തിടല്‍.jijos farm 3
ജോലിയില്‍ നിന്നും മുന്‍കൂട്ടി അവധി ക്രമീകരിച്ച് അന്ന് എല്ലാവരും കുടുംബാംഗങ്ങള്‍ ഒന്നിച്ചു പാടത്തിറങ്ങി.കൃഷി സ്ഥലത്ത് പണിയുമ്പോള്‍ ആവശ്യമായ ഷൂസും പണിയായുധങ്ങളും തയ്യാറായിരുന്നു.ഒരു ദിവസം കൊണ്ട് രണ്ടു പ്ലോട്ടിലും വിത്ത് വിതച്ചു,തൈകള്‍ നട്ടു.

ഏപ്രില്‍ ആദ്യ വാരങ്ങളില്‍ മഴ കുറവ് വന്നപ്പോള്‍ വെള്ളം ഒഴിച്ച് കൊടുക്കേണ്ടി വന്നു.ഫാം ഉടമ വന്‍തോതില്‍ നിര്‍മ്മിച്ചിട്ടുള്ള കമ്പോസ്റ്റ് നിര്‍മ്മാണകേന്ദ്രത്തില്‍ നിന്നും ജൈവവളങ്ങള്‍ ലഭിച്ചു.ഒരേ മനസോടെ എല്ലാവരും മണ്ണില്‍ പണിയാന്‍ ഇറങ്ങിയപ്പോള്‍ ഭൂമി ദേവിയും പ്രസാദിച്ചു.(ഭീകരന്‍മാരുടെ രൂപത്തില്‍ നുഴഞ്ഞു കയറുന്ന മുയലുകള്‍ മാത്രമാണ് ഇവിടെ ഭീഷണി!)ഇപ്പോള്‍ തൈകള്‍ വളര്‍ന്നു തുടങ്ങിയിട്ടുണ്ട്.ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ എല്ലാ വിളകളും പൂര്‍ണ്ണമായും ഫലം നല്കിതുടങ്ങും.പൊട്ടൊറ്റോ,തക്കാളി,ബീന്‍സ്,ഒണിയന്‍, സ്‌ട്രോബറി,കാബേജ്,സ്പൗട്ട്. കാരറ്റ്.എന്ന് വേണ്ട അയര്‍ലണ്ടില്‍  അയര്‍ലണ്ടില്‍ വളരുമെന്ന് ഉറപ്പുള്ള എല്ലായിനം പച്ചക്കറികളും സാഗട്ടിലെ ഫാമേഴ്‌സ് ഫോറം ഇവിടെ പരീക്ഷിക്കുന്നുണ്ട്.

ഇത് നമ്മുടെ മക്കള്‍ക്ക് ഒരു മാതൃക കൂടിയാണ്.അപ്പാര്‍റ്റ്‌മെന്റിന് പുറത്തിറങ്ങി അവരും ഭൂമിയെ കണ്‍തുറന്നു കാണട്ടെ,,,ഫാമേഴ്‌സ് ക്ലബ് അംഗങ്ങള്‍ പറയുന്നു.ഭക്ഷണവസ്തുക്കള്‍ എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് അവര്‍ പഠിക്കട്ടെ.,അതായിരുന്നു ഞങ്ങളുടെ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ തുടങ്ങാനുള്ള ഒരു പ്രധാന കാരണം.അവര്‍ വ്യക്തമാക്കി.
ഡബ്ലിനില്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്ന 

പാലാ കടനാട് നിന്നുള്ള ജിജോ പീടികമല,കാരിത്താസ് സ്വദേശി സതീഷ് മാത്യു,അതിരമ്പുഴയില്‍ നിന്നുള്ള ജിന്‍സ് ജോര്‍ജ്.കുര്യനാട്ട് നിന്നുള്ള ബിജോ ജോണ്‍.സോണി ജോസഫ് മൂഴിയില്‍(മണിമല)റ്റോബന്‍ തോമസ്(കുര്യനാട്)തൊടുപുഴ സ്വദേശി ബ്ലെസണ്‍ തുരുത്തിക്കര,ബിജി ജോസഫ്(പിഴക്)ചേര്‍പ്പുങ്കല്‍ സ്വദേശി ജോമോന്‍ ജോസഫ്,ഷിജിമോന്‍ വര്‍ഗീസ്(പിറവം)എന്നിവരടങ്ങുന്ന പത്തംഗങ്ങളും വിവിധ ആശുപത്രികളില്‍ സ്റ്റാഫ് നഴ്‌സുമാരായി ജോലി ചെയ്യുന്ന ഇവരുടെ ഭാര്യമാരും,കുട്ടികളും അടങ്ങുന്നതാണ് സിറ്റി വെസ്റ്റിലെ ഈ ഹരിത സേന.

jijos fam 555അടുത്ത പ്ലോട്ടുകളില്‍ പണിയാന്‍ വരുന്ന ഐറിഷ്‌കാര്‍ അവധി ദിവസങ്ങളില്‍ മിക്കപ്പോഴും കുടുംബം ഒന്നാകെയാണ് ഇവിടെ എത്താറുള്ളത്.അവരുടെ കൃഷി ശീലങ്ങള്‍,അവരുടെ ഭക്ഷണ സംസ്‌കാരം,നാട്ടറിവുകള്‍ എന്നിവയൊക്കെ അതിശയം ഉളവാക്കുന്നതാണ്.നമുക്ക് പഠിക്കാന്‍ ഏറെയുള്ളത്!സാഗട്ടിലെ യുവ കര്‍ഷകര്‍ പറയുന്നു.
അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ പ്ലോട്ടുകള്‍ എടുത്തു കൃഷി ചെയ്യാനാണ് ഫാമേഴ്‌സ് ഫോറത്തിന്റെ ഉദ്ദേശ്യം.ലാഭം നേടുക എന്നത് ഇവരുടെ ഉദ്ദേശങ്ങളില്‍ പെടുന്നില്ല എന്നതും ശ്രദ്ധേയം.
അയര്‍ലണ്ടില്‍ ഉടനീളം പ്രൈവറ്റ് മേഖലയില്‍ മാത്രമല്ല കൌണ്ടി/സിറ്റി കൌണ്‍സിലുകളുടെ കീഴിലായി ലീസിനു പച്ചക്കറി കൃഷി ചെയ്യാന്‍ അടക്കമുള്ള പ്ലോട്ടുകള്‍ ലഭ്യമാണ്,സര്‍ക്കാര്‍ സഹായത്തോടെ കൃഷി ചെയ്യുന്ന നൂറുകണക്കിന് ഫാമുകളാണ് അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നത്.ഇത്തരം ചെറിയ ഫാമുകളുടെ വിജയരഹസ്യം കണ്ടെത്താനും സാഗട്ടിലെ മലയാളി സുഹൃത്തുക്കള്‍ക്ക് പദ്ധതിയുണ്ട്.

എന്തായാലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സാഗട്ടിലെ ഫാമേഴ്‌സ് ഫോറം അംഗങ്ങള്‍..അതിശയകരമായ മറ്റൊരു കാര്യം തങ്ങളുടെ എളിയ തുടക്കത്തെ പ്രോത്സാഹിപ്പിക്കാനും .മാതൃക തേടുവാനുമായി ഒട്ടേറെ ആള്‍ക്കാര്‍ ഇവരുമായി ബന്ധപെടുന്നു എന്നതാണ്.തിരക്കേറിയ നഗര ജീവിതത്തിനിടയില്‍ അല്‍പ്പം സമയം കൃഷിക്കായി നീക്കി വെയ്ക്കുമ്പോള്‍ ഒട്ടേറെയുണ്ട് നേട്ടങ്ങള്‍,അത് നല്ല പച്ചക്കറികള്‍ നല്കുന്ന സന്തോഷം മാത്രമല്ല ശാരീരികവും മാനസികവുമായ സംതൃപ്തി കൂടിയാണ്. ‘ശുഭ പ്രതീക്ഷയുള്ള’കര്‍ഷക മനസ് ‘ നന്മയുടെ കൂടി വിളനിലമാകുന്നത് അങ്ങനെയാണ് !

റെജി സി ജേക്കബ്

ഫാ,ജോസ് ഭരണികുളങ്ങര യുവകര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയപ്പോള്‍

ഫാ,ജോസ് ഭരണികുളങ്ങര യുവകര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയപ്പോള്‍

കമ്മ്യൂണിറ്റി ഗാര്‍ഡനുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.http://www.dublin.ie/uploadedFiles/City_Development_Board/Community%20Gardens%20Booklet%202013.pdf

 http://www.giyinternational.org/

 

Scroll To Top