Friday December 09, 2016
Latest Updates

നാല്പതിലധികം പുതുതലമുറ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ചേര്‍ത്ത് റഷ്യ ആണവായുധശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് പുടിന്‍ 

നാല്പതിലധികം പുതുതലമുറ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ചേര്‍ത്ത് റഷ്യ ആണവായുധശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് പുടിന്‍ 

മോസ്‌കോ :നാല്പതിലധികം പുതുതലമുറ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ചേര്‍ത്ത് രാജ്യത്തിന്റെ ആണവായുധശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. സൈന്യത്തെ ആധുനികീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു. നീക്കം പാശ്ചാത്യ രാജ്യങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അത്യന്താധുനിക മിസൈല്‍വേധ പ്രതിരോധസംവിധാനത്തെവരെ മറികടക്കാന്‍ കഴിയുന്നവയായിരിക്കും പുതിയ മിസൈലുകളെന്നും മോസ്‌കോയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ആയുധപ്രദര്‍ശനത്തില്‍ സംസാരിക്കവേ പുടിന്‍ പറഞ്ഞു. കിഴക്കന്‍ യൂറോപ്പിലെ ബാള്‍ക്കന്‍നാറ്റോ രാജ്യങ്ങളില്‍ സൈനീകസാന്നിധ്യം വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രഖ്യാപനം. റഷ്യന്‍ അതിര്‍ത്തികളെ ആയുധ കലവറയാക്കാനുള്ള അമേരിക്കയുടെ നീക്കത്തെ ശീതസമരകാലഘട്ടത്തിനു ശേഷമുള്ള ഏറ്റവും പ്രകോപനപരമായ നടപടിയായാണ് പുടിന്‍ വിലയിരുത്തിയത്.
യുക്രൈന്‍ സംഘര്‍ഷത്തിലെ റഷ്യന്‍ പങ്കിനെക്കുറിച്ച് അമേരിക്കയുമായും യൂറോപ്പുമായും കടുത്ത അഭിപ്രായഭിന്നത നിലനില്‍ക്കേയാണ് അന്താരാഷ്ട്ര തലത്തില്‍ ആയുധമത്സരത്തിന് കളമൊരുക്കിയേക്കാവുന്ന പുടിന്റെ പുതിയനീക്കം. അതിനിടെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും, എണ്ണവിലയിലെ ഇടിവും മൂലം സാമ്പത്തിക മാന്ദ്യം മുന്നില്‍ കാണുമ്പോഴും ഭാരിച്ച സൈനിക ചിലവ് വരുത്തി വയ്ക്കുന്നതില്‍ രാജ്യത്തിനകത്തു തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

Scroll To Top