Saturday December 10, 2016
Latest Updates

റബര്‍ വിലയില്‍ കുത്തനെ ഇടിവ് 

റബര്‍ വിലയില്‍ കുത്തനെ ഇടിവ് 

കൊച്ചി: കര്‍ഷകരെ പ്രതിസന്ധിയിലാക്കി റബര്‍ വില പതിമൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. കൃത്രിമ റബറിന്റെ വിലയില്‍ യാതൊരു കുറവും രേഖപ്പെടുത്തിയില്ല. കഴിഞ്ഞ ദിവസം റബര്‍ വില കിലോയ്ക്ക് 94 രൂപയിലെത്തി. വില കുറഞ്ഞതോടെ ടാപ്പിങ് നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. 
റബര്‍ മേഖലയിലെ പന്ത്രണ്ട് ലക്ഷത്തോളം ചെറുകിട കര്‍ഷകരെയാണ് വിലത്തകര്‍ച്ച പ്രധാനമായും ബാധിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 150 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും വിപണിയെ അത് യാതൊരു തരത്തിലും ബാധിച്ചില്ല. സര്‍ക്കാരിന്റെ സബ്‌സിഡി റബര്‍ കമ്പനികള്‍ക്കാണ് ഗുണം ചെയ്യുന്നതെന്നും ആരോപണമുണ്ട്. വിലയിടവും വര്‍ധിച്ച ഉത്പാദന ചെലവും രാജ്യത്തെ റബര്‍ ഉത്പാദനത്തില്‍ 21 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വാഭാവിക റബര്‍ ഉത്പാദക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ ചൈനയ്ക്കും പിന്നില്‍ ആറാം സ്ഥാനത്താണ്. തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളാണ് ഉത്പാദനത്തില്‍ മുന്നില്‍. റബര്‍ ഇറക്കുമതി ക്രമാതീതമായി തുടരുന്ന വിലയിടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. എണ്ണ വില ഇടിയുമ്പോഴും കൃത്രിമ റബറിന്റെ വിലയില്‍ യാതൊരു കുറവും ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. നിര്‍മാണ ചെലവില്‍ വന്‍ കുറവുണ്ടായെങ്കിലും ആവശ്യക്കാര്‍ ഏറുന്നതാണ് കൃത്രിമ റബര്‍ വിലയില്‍ ഇടിവ് ഇല്ലാതാകാന്‍ കാരണം. ആഗോളതലത്തില്‍ കൃത്രിമ റബറിന്റെ ഉപയോഗം മൊത്തം റബര്‍ ഉപയോഗത്തിന്റെ 58 ശതമാനത്തിലേറെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇത് 35.5 ശതമാനാണ്.



Scroll To Top