Sunday December 04, 2016
Latest Updates

റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ പദ്ധതി,കിലോയ്ക്ക് 150 രൂപ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി

റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ പദ്ധതി,കിലോയ്ക്ക് 150 രൂപ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏത് സാഹചര്യത്തിലും റബറിന് കിലോക്ക് 150 രൂപ ഉറപ്പാക്കുമെന്നും പദ്ധതിക്ക് ബുധനാഴ്ച അന്തിമ രൂപംനല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
അടുത്തയാഴ്ച മുതല്‍ ഇത് നടപ്പാക്കും. ബജറ്റില്‍ പ്രഖ്യാപിച്ച 300 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പദ്ധതി തയാറാക്കുക. കിലോക്ക് 135 രൂപ വിലയുണ്ടെങ്കില്‍ 15രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
125ആണെങ്കില്‍ 25രൂപ സര്‍ക്കാര്‍ നല്‍കിയാകും 150രൂപ ഉറപ്പുനല്‍കുക.

പദ്ധതി നടപ്പാക്കാന്‍ നിയോഗിച്ച സമിതി ബുധനാഴ്ച യോഗം ചേരുമെന്നും മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി.

രണ്ട് ഹെക്ടറോ അതില്‍ താഴെയോ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം. ഒരു വര്‍ഷത്തേക്ക് ഉല്‍പാദനക്ഷമത എത്രയെന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഒരു ഹെക്ടറിലെ ഉല്‍പാദനം എത്രയെന്ന് നിജപ്പെടുത്തും.
നേരത്തെ സംഭരണത്തിന് നടപടി എടുത്തെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ല.
സംസ്ഥാനം ആവശ്യപ്പെട്ടപ്രകാരം ഇറക്കുമതിതീരുവ അഞ്ച്ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇറക്കുമതി നിയന്ത്രിക്കണമെന്ന ആവശ്യത്തിന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
റബര്‍ബോര്‍ഡ് കണക്ക് അംഗീകരിച്ചേ ഇറക്കുമതി പാടുള്ളൂവെന്നും ഇവിടെ ഉല്‍പാദനം കൂടുമ്പോള്‍ ഇറക്കുമതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റബര്‍വ്യാപാരികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരത്തിന് ശ്രമിച്ചെങ്കിലും അവര്‍ എല്ലാ ദിവസവും റബര്‍ എടുക്കില്ല. എടുക്കുന്ന ദിവസം മാത്രമേ വിലയില്‍ മാറ്റംവരൂ.
സര്‍ക്കാറിന് നികുതിനഷ്ടം വന്നതല്ലാതെ കര്‍ഷകര്‍ക്ക് പ്രയോജനമുണ്ടായില്ല. കൊച്ചിന്‍ റിഫൈനറിയുമായി ബന്ധപ്പെട്ട് റോഡ് ടാറിങ്ങിന് റബര്‍ ഉപയോഗിക്കാന്‍ നടപടിയെടുക്കും. ഇതിന് കുറച്ച് റബര്‍ മതിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Scroll To Top