Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലും ആര്‍ എസ് എസ്സിന് ശാഖയായി,ശിബിരങ്ങളും പഠനക്ലാസുകളും സജീവം,നൂറുകണക്കിന് അംഗങ്ങള്‍ 

അയര്‍ലണ്ടിലും ആര്‍ എസ് എസ്സിന് ശാഖയായി,ശിബിരങ്ങളും പഠനക്ലാസുകളും സജീവം,നൂറുകണക്കിന് അംഗങ്ങള്‍ 

ഡബ്ലിന്‍: ഇന്ത്യ വിട്ട് ലോക രാജ്യങ്ങളിലെല്ലാം ശാഖകള്‍ പടുത്തുയര്‍ത്താന്‍ ആര്‍എസ്എസിന് വിപുലമായ പദ്ധതി. നിലവില്‍ നേപ്പാളിലും യുഎസിലുമാണ് സംഘിന് ഏറ്റവുമധികം ശാഖകള്‍ ഉള്ളത്.അയര്‍ലണ്ടിലും സംഘടന സജീവമായ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

വിദേശ രാജ്യങ്ങളില്‍ ആര്‍ എസ് എസ് എന്ന പേരല്ല സംഘിന്. രാഷ്ട്രത്തിനു പുറത്തായതിനാല്‍ ഹിന്ദു സ്വയം സേവക് സംഘ് (എച്ച് എസ് എസ്) എന്നാണ് പേര്. ലോകമെമ്പാടും ചിതറിക്കിടക്കുന്ന ഹിന്ദു സമൂഹത്തെ ഏകോപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘിന്റെ വിദേശകാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന രമേശ് സുബ്രഹ്മണ്യം പറയുന്നു.

നിലവില്‍ അയര്‍ലണ്ട് അടക്കം 39 രാജ്യങ്ങളില്‍ എച്ച് എസ് എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ ചിട്ടയോടെയും ഉത്തരവാദിത്വബോധത്തോടെയും ഭാരതീയ സംസ്‌കൃതിയെക്കുറിച്ചുള്ള ബോധ്യത്തോടെയും വളരുമെന്നതിനാല്‍ രക്ഷിതാക്കള്‍ക്ക് ശാഖകളില്‍ മക്കളെ അയയ്ക്കാന്‍ താത്പര്യമാണെന്നും രമേശ് സുബ്രഹ്മണ്യം വ്യക്തമാക്കി. യുകെയില്‍ മാത്രം 84 ശാഖകളുണ്ട്.

അയര്‍ലണ്ട് ശാഖയുടെ ആഭിമുഖ്യത്തില്‍ ജൂലൈയില്‍ ബാലഗോകുലം പ്രവര്‍ത്തകര്‍ക്കായി പഠനക്യാമ്പും ആഗസ്റ്റില്‍ ഡബ്ലിനിലെ ഡോണിബ്രൂക്ക് ജോണ്‍ സ്‌കോട്ട് സ്‌കൂളില്‍ വെച്ചു ഗുരുപൂര്‍ണിമ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് ഉത്തരേന്ത്യന്‍ ഹിന്ദുക്കളാണ്.മലയാളികളായ രണ്ടായിരത്തോളം ഹിന്ദുക്കള്‍ അയര്‍ലണ്ടില്‍ ഉണ്ടെങ്കിലും അവരുടെ സാന്നിധ്യം എച്ച് എസ് എസ് പ്രവര്‍ത്തനങ്ങളില്‍ കുറവാണ്.

മലയാളികളുടെ സംഘടനയായ സദ്ഗമയ സദ്‌സംഘിന്റെ നേതൃത്വത്തില്‍ ധര്‍മ്മപ്രചാരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതോടൊപ്പം വേദപഠനത്തിനുള്ള അവസരവും ഒരുക്കുന്നുണ്ട്.ഇവര്‍ എച്ച് എസ് എസ്സുമായി നിലവില്‍ ബന്ധം പുലര്‍ത്തുന്നില്ല.അതേ സമയം എന്‍ എസ് എസ്സിന്റെയും ,എസ് എന്‍ ഡി പി യുടെയും ശാഖകള്‍ അയര്‍ലണ്ടില്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജീതമാണ്.

മാതാ അമൃതാനന്ദമയിയുടെ അനുയായികളുടെ സംഘടനയായ അമ്മ അയര്‍ലണ്ട് എന്നാല്‍ എച്ച് എസ് എസ്സുമായി ബന്ധം സ്ഥാപിക്കുന്നുണ്ട്.വാട്ടര്‍ഫോര്‍ഡിലെ ടല്ലോയില്‍ ‘അമ്മ അയര്‍ലണ്ട്’ ഡിസംബര്‍ 19 ന് സത് സംഗ് സംഘടിപ്പിച്ചിരുന്നു. 
നിലവില്‍ വിഎച്ച് പി യെക്കാള്‍ അംഗബലമുണ്ട് എച്ച് എസ് എസിന് വിദേശങ്ങളില്‍. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്.അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും എച്ച് എസ് എസ്സിന് വേണ്ടി കാര്യമായ ഫണ്ട് റേസിംഗും നടക്കുന്നുണ്ട്. 

ഇന്ത്യയില്‍ കാവി നിക്കറും വെള്ള ഷര്‍ട്ടുമാണ് പ്രവര്‍ത്തകരുടെ വേഷമെങ്കില്‍ എച്ച് എസ് എസ് പ്രവര്‍ത്തകരുടെ വേഷം കറുത്ത പാന്റും വെള്ള ഷര്‍ട്ടുമാണ്. 

Scroll To Top