Monday December 05, 2016
Latest Updates

റോളര്‍ കോസ്റ്ററില്‍ കൂട്ടിയിടി ,വന്‍ അപകടം ഒഴിവായി 

റോളര്‍ കോസ്റ്ററില്‍ കൂട്ടിയിടി ,വന്‍ അപകടം ഒഴിവായി 

ലണ്ടന്‍ :ബ്രിട്ടണിലെ സ്റ്റാഫോര്‍ഡ്‌ഷെയറില്‍ ആള്‍ട്ടണ്‍ ടവര്‍ റിസോര്‍ട്ടിലെ തീം പാര്‍ക്കിലുള്ള റോളര്‍ കോസ്റ്ററില്‍ രണ്ടു കാരേജുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റു 12 പേര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. റോളര്‍കോസ്റ്ററിലെ ചലിച്ചുകൊണ്ടിരുന്ന ഒരു കാരേജ് ഒഴിഞ്ഞു കിടന്ന മറ്റൊരു കാരേജില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപുരുഷന്‍മാര്‍ക്കും, രണ്ടു യുവതികള്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. 27 വയസ്സുള്ള യുവാവിനെ വിമാന മാര്‍ഗ്ഗം കവന്‍ട്രിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലും മറ്റു മൂന്നു പേരെ വിദഗ്ദ ചികിത്സാര്‍ത്ഥം റോയല്‍ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്ഥലത്തുണ്ടായിരുന്ന കമ്മ്യൂണിറ്റി ഫസ്റ്റ് ജീവനക്കാരും, കോസ്‌ഫോര്‍ഡില്‍ നിന്നുള്ള മിഡ്‌ലാന്‍ഡ് എയര്‍ ആംബുലന്‍സ് ജീവനക്കാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. 25 മീറ്റര്‍ ഉയരത്തില്‍ 45 ഡിഗ്രി ചെരിവില്‍ കുടുങ്ങി കിടന്ന സഞ്ചാരികളെ രക്ഷിക്കാന്‍ പ്രത്യേക പ്ലാറ്റ്‌ഫോം തന്നെ തയ്യാറാക്കേണ്ടി വന്നു. വൈകീട്ട് 6.30 ഓടെയാണ് മുഴുവന്‍ ആളുകളേയും
പുറത്തെത്തിക്കാനായത്.
എന്നാല്‍ ഇതേ ദിവസം നേരത്തെ തന്നെ ആളുകള്‍ റോളര്‍കോസ്റ്ററില്‍ കുടുങ്ങിയതായി പരാതിപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ പരാതി അവഗണിച്ച് പ്രവര്‍ത്തനം തുടരുകയായിരുന്നുവെന്ന് ചില യാത്രക്കാര്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
റിസോര്‍ട്ട് നടത്തിപ്പുകാരായ മെര്‍ലിന്‍ എന്റര്‍ടൈന്‍മെന്റ് 2013 മെയ് മാസത്തിലാണ് റോളര്‍കോസ്റ്ററിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. ഒരു റോളര്‍കോസ്റ്ററില്‍ ഏറ്റവുമധികം ലൂപ്പുകളുള്ളതിന്റെ ഗിന്നസ് റെക്കോര്‍ഡ് ഈ റോളര്‍കോസ്റ്ററിനുള്ളതായി ആള്‍ട്ടണ്‍
ടവര്‍ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നു.

Scroll To Top