Wednesday May 23, 2018
Latest Updates

ഡബ്ലിനില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുന്നു,പട്ടാപ്പകലും മോഷണങ്ങള്‍,നിയന്ത്രിക്കാനാവാതെ ഗാര്‍ഡ

ഡബ്ലിനില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുന്നു,പട്ടാപ്പകലും മോഷണങ്ങള്‍,നിയന്ത്രിക്കാനാവാതെ ഗാര്‍ഡ

ഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ഓരോ ദിവസവും കൂടുന്നതായി ഗാര്‍ഡ. നഗരത്തിനും പുറത്തും സാമ്പത്തിക മാന്ദ്യത്തിനു ശേഷം കൊള്ളയടക്കമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്ന പലരും ഇന്ന് കൊള്ളയടിയിലേയ്ക്ക് മാറിയിരിക്കുന്നതായാണ് ഗാര്‍ഡ വിശ്വസിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് സെല്‍ബ്രിഡ്ജിലെ ഒരു വീട്ടില്‍ കയറിച്ചെന്ന രണ്ടു കൊള്ളക്കാര്‍ വീട്ടുടമയോട് പണം ആവശ്യപ്പെട്ട് അദ്ദേഹത്തെ മര്‍ദ്ദിച്ചവശനാക്കിയ സംഭവം ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.പട്ടാപ്പകല്‍ പോലും വീടുകള്‍ ആക്രമിക്കുന്ന സംഘങ്ങള്‍ പതിവായിരിക്കുകയാണ്.വീടിന്റെ പിന്‍വാതിലിലൂടെ കയറിയ സംഘം അകത്തുണ്ടായിരുന്ന ഉടമസ്ഥന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു.സാരമായ പരിക്കുള്ള ഇയാളെ ജെയിംസ് കൊണോലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2007ല്‍ അയര്‍ലണ്ടിലാകെ 23,603 കൊള്ളകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 2015ലേയ്ക്കെത്തുമ്പോള്‍ ഇത് 2,656 എണ്ണം വര്‍ദ്ധിച്ച് 26,259 ആയി. അതായത് 11% വര്‍ദ്ധന.

വര്‍ദ്ധിച്ച 2,656 കേസുകളില്‍ 2,610 എണ്ണവും ഡബ്ലിനിലെ ആറ് ഗാര്‍ഡ ഡിവിഷനുകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്. ബാക്കി 46 എണ്ണം മാത്രമാണ് രാജ്യത്താകമാനമുണ്ടായിട്ടുള്ള വര്‍ദ്ധനവ്. സാമ്പത്തിക മാന്ദ്യം കാരണം കൊള്ളയടി ഏറ്റവുമധികം കൂടിയിട്ടുള്ളത് ഡബ്ലിനിലാണെന്ന് വ്യക്തം.

അതേസമയം ഡോണഗലില്‍ 20%, മേയോയില്‍ 35%, കോര്‍ക്ക് വെസ്റ്റില്‍ 37% എന്നിങ്ങനെ കൊള്ളയടി കേസുകളില്‍ കുറവും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം ടാലയിലെ ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ നിന്നും 50,000 യൂറോ കൊള്ളയടിച്ച സംഘത്തെ പിടികൂടാനായി ഗാര്‍ഡ ഡിറ്റക്ടീവുകള്‍ സ്ഥിരം കൊള്ളക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു.കില്‍ഡെര്‍ കൗണ്ടിയിലെ സെല്‍ബ്രിഡ്ജില്‍ നടത്തിയ തെരച്ചിലില്‍ മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള തെളിവുകള്‍ അന്വേഷകര്‍ക്ക് ലഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

രാവിലെ ബാങ്കിലേയ്ക്ക് പണവുമായി എത്തിയ ജീവനക്കാരനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച സംഘം ക്യാഷ് ബോക്സില്‍ നിന്നും 50,000ഓളം യൂറോ മോഷ്ടിച്ചത്. ബാങ്കിനു പുറത്തുവച്ചായിരുന്നു മോഷണം. തുടര്‍ന്ന് ചെറിയ സില്‍വര്‍ കാറില്‍ ഡബ്ലിന്‍ സിറ്റി സെന്ററിലേയ്ക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.

ഈ സംഭവത്തിന് മിനിറ്റുകള്‍ മുമ്പ് 11.30ഓടെ, ഫിന്‍ഗ്ലസിലെ ചാള്‍സ് ടൗണ്‍ ഷോപ്പിങ് സെന്ററിലും കൊള്ള നടന്നു. എടിഎമ്മില്‍ നിക്ഷേപിക്കാനായി കൊണ്ടു പോകുകയായിരുന്ന 50,000 യൂറോ സെക്യൂരിറ്റി ജീവനക്കാരന്റെ കയ്യിലുള്ള ക്യാഷ് ബോക്സില്‍ നിന്നും ഒരാള്‍ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളും കൂട്ടാളിയും സഞ്ചരിച്ച കാര്‍ പിന്നീട് കത്തിച്ച നിലയില്‍ കണ്ടെത്തി.

കൊള്ളകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷക്കായി ഗാര്‍ഡ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അക്രമ സ്വഭാവമുള്ള കൊള്ളക്കാരെ തിരിച്ച് നേരിടാന്‍ ജനങ്ങള്‍ ശ്രമിക്കാതിരിക്കുകയാണ് നല്ലതെന്നാണ് ഗാര്‍ഡയുടെ അഭിപ്രായം.

Scroll To Top