Sunday December 04, 2016
Latest Updates

1916 റൈസിങ് ശതാബ്ദി; ജനസാഗരം നഗരവീഥികളെ വര്‍ണ്ണാഭമാക്കി,ഇന്ന് ഈസ്റ്റര്‍ മണ്‍ഡേ പുനരാവിഷ്‌കരണം

1916 റൈസിങ് ശതാബ്ദി; ജനസാഗരം നഗരവീഥികളെ വര്‍ണ്ണാഭമാക്കി,ഇന്ന് ഈസ്റ്റര്‍ മണ്‍ഡേ പുനരാവിഷ്‌കരണം

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ചരിത്രത്തിലെ തിളങ്ങുന്ന ഏടായ 1916 റൈസിങ്ങിന്റെ ഓര്‍മ്മ പുതുക്കലും ശതാബ്ദിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഡബ്ലിനില്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍.ഓര്‍മ്മകളുറങ്ങുന്ന ഗ്ലാസ്‌നെവിന്‍ സെമിത്തേരി, സ്‌റ്റോണ്‍ബ്രേക്കേഴ്‌സ് യാര്‍ഡ്,കില്‍മൈനം ഗയോള്‍ എന്നവിടങ്ങളില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു വര്‍ണ്ണാഭമായ ചടങ്ങുകളുടെ തുടക്കം.

പ്രതിരോധസേനയിലെ 3,700 പേര്‍ പങ്കെടുത്ത പരേഡേ രാവിലെ 10.30ന് ആരംഭിച്ചു. സെന്റ് സ്റ്റീഫന്‍സ് ഗ്രീന്‍ മുതല്‍ കാപ്പല്‍ സ്ട്രീറ്റ് വരെയുള്ള 4.5 കിലോമീറ്റര്‍ പരേഡില്‍ ഗാര്‍ഡയും അടിയന്തിരാവശ്യ സേനയും അണിനിരന്നു മാര്‍ച്ച് നടത്തി. പരേഡ് കാണാനായി വലിയ ജനക്കൂട്ടമാണ് തെരുവോരങ്ങളില്‍ കാത്തുനിന്നത്.

ജി.പി.ഒയില്‍ അസാനിച്ച പരേഡില്‍ അയര്‍ലണ്ടിലെ ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് പുഷ്പചക്രം സമര്‍പ്പിച്ചു. ശേഷം പോരാട്ടത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കായി ഒരു മിനിറ്റ് നേരത്തെ മൗനപ്രാര്‍ത്ഥന.

തുടര്‍ന്ന് 1916 പ്രഖ്യാപനം ഐറിഷ് ഡിഫന്‍സ് ഫോഴ്‌സ് ക്യാപ്റ്റന്‍ പീറ്റര്‍ കെല്ലര്‍ ഏവര്‍ക്കുമായി വീണ്ടും ഒരിക്കല്‍ കൂടി ഉറക്കെ വായിച്ചു. 100 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഈസ്റ്റര്‍ മണ്‍ഡേയില്‍ ജി.പി.ഒയുടെ പടികളില്‍ നിന്ന് പ്രഖ്യാപനം ആദ്യമായി വായിച്ചത് പോരാട്ട നേതാവായിരുന്ന പാഡ്രെയ്ഗ് പിയേഴ്‌സ് ആയിരുന്നു. അദ്ദേഹവും ജെയിംസ് കോണോളിയും ചേര്‍ന്നായിരുന്നു ഇത് തയ്യാറാക്കിയത്.

ഒ കോണല്‍ സ്ട്രീറ്റിനു മുകളില്‍ വായുസേനയുടെ വിമാനങ്ങള്‍ ഇരമ്പിപ്പറക്കുകയും ചെയ്തു.

പോരാട്ടത്തില്‍ പങ്കെടുത്തവരുടെ 2,000 ബന്ധുക്കള്‍ക്കും ക്ഷണിക്കപ്പെട്ട 1,000 അതിഥികള്‍ക്കുമായി പിന്നീട് ഡബ്ലിന്‍ കാസിലില്‍ വിരുന്നും ഒരുക്കിയിരുന്നു.ഈസ്റ്റര്‍ മണ്‍ഡേയില്‍ (ഇന്ന്) ഡബ്ലിന്‍ ഓ കോണല്‍ സ്ട്രീറ്റില്‍ ആര്‍ ടി ഇ ഒരുക്കുന്ന ഐറിഷ് റിപ്പബ്ലിക്ക് പ്രഖ്യാപന ദിന പ്രത്യേക പരിപാടിയിലും ആയിരങ്ങള്‍ പങ്കെടുക്കുംboy2easter-risinIreland Easter Rising

Scroll To Top