Friday December 09, 2016
Latest Updates

വി ഐ പി കള്‍ വരുമ്പോള്‍ എഴുനേല്‍ക്കണമെന്ന് പ്രോട്ടോക്കോളിലില്ലെന്ന് ഋഷിരാജ് സിങ്:വിവാദം കൊഴുക്കുന്നു 

വി ഐ പി കള്‍ വരുമ്പോള്‍ എഴുനേല്‍ക്കണമെന്ന് പ്രോട്ടോക്കോളിലില്ലെന്ന് ഋഷിരാജ് സിങ്:വിവാദം കൊഴുക്കുന്നു 

കൊച്ചി : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വേദിയില്‍ വന്നപ്പോള്‍ എഴുന്നേറ്റുനിന്നില്ലെന്ന വിവാദത്തില്‍ കഴമ്പില്ലെന്ന് എഡിജിപി ഋഷിരാജ് സിങ്.
ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ, വിഐപികള്‍ വരുമ്പോള്‍ വേദിയിലുള്ളവര്‍ എഴുന്നേല്‍ക്കണമെന്നു പ്രോട്ടോക്കോളില്‍ ഒരിടത്തും പറയുന്നില്ല. ഇതു സംബിന്ധിച്ച വിവാദം അനാവശ്യമാണെന്നും ഋഷിരാജ് സിങ് പറഞ്ഞു.
ഇതേസമയം, തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന വനിതാ പോലീസ് പാസിങ് ഔട്ട് പരേഡ് വേദിയില്‍ താന്‍ എത്തിയപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന സിങിന്റെ പെരുമാറ്റത്തില്‍ തനിക്കു പരാതിയൊന്നുമില്ലെന്നും അതില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടോ എന്നു പരിശോധിക്കേണ്ടത് ഡിജിപിയാണെന്നും പറഞ്ഞ് രമേശ് ചെന്നിത്തല വിഷയത്തില്‍നിന്ന് ഒഴിഞ്ഞുമാറി.
വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന ഋഷിരാജ് സിങിനെ ആംഡ് ബറ്റാലിയന്‍ എ.ഡി.ജി.പി.യായി മാറ്റിയത് ഏതാനും ദിവസം മുന്‍പാണ്. മുത്തൂറ്റ് ഗ്രൂപ്പിന്റെ വന്‍ കറന്റ് കൊള്ള കണ്ടെത്തി നടപടി എടുക്കാന്‍ തുടങ്ങിയപ്പോഴാണ് സിങിനെ തട്ടിയത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് ടിഎച്ച് മുസ്തഫയുടെ കറന്റ് കൊള്ള കണ്ടുപിടിച്ചതു മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സിങിനെ നോട്ടമിട്ടിരിക്കുകയായിരുന്നു.ആംഡ് ബറ്റാലിയന്‍ എ.ഡി.ജി.പി.യായി മാറ്റിനിയമിച്ചതില്‍ സിങ് അതൃപ്തനാണ്. ആ അതൃപ്തി തന്നെയാണ് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്.

പാസിങ് ഔട്ട് പരേഡിന്റെ ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് ആഭ്യന്തരമന്ത്രി എത്തുന്ന വിവരം മൈക്കിലൂടെ അനൗണ്‍സ് ചെയ്തിരുന്നു. മന്ത്രി എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരെല്ലാം എഴുന്നേറ്റ് സല്യൂട്ട് ചെയ്തു. എന്നാല്‍, ഋഷിരാജ് സിങ് സോഫയില്‍ തന്നെ ഇരുന്നു. ആഭ്യന്തരമന്ത്രിയെ കവാടത്തില്‍ സ്വീകരിക്കാനും ഋഷിരാജ് സിങ് പോയില്ല.

ചടങ്ങ് കഴിഞ്ഞ് മന്ത്രിമാരടക്കമുള്ളവര്‍ എഴുന്നേറ്റതിനു ശേഷമാണ് ഋഷിരാജ് സിങ് എഴുന്നേറ്റത്. വന്നവരവിനു രാഷ്ട്രീയക്കാരുടെ പതിവു ചിര രമേശ് ചിരിച്ചെങ്കിലും സിങ് കണ്ടതായി നടിച്ചില്ല. ഇതോടെ മന്ത്രിയുടെ മുഖം കറുത്തെങ്കിലും ഭാവമാറ്റം ആരും ശ്രദ്ധിക്കാതിരിക്കാന്‍ രമേശ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആഭ്യന്തര മന്ത്രിയുമായി സംസാരിക്കുവാനും സിങ് തയ്യാറായില്ല. സിങ്ങിനോടും മന്ത്രിയും ഒന്നും പറയാതെയാണ് മടങ്ങിയത്.

കോടികളുടെ കിട്ടാക്കടത്തില്‍ നട്ടം തിരിയുന്ന കെഎസ്ഇബിക്ക് അതെല്ലാം തിരിച്ചുപിടിച്ചു കൊടുക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു സിങ്. വമ്പന്‍ വ്യവസായികളും വന്‍കിട സ്വകാര്യ ആശുപത്രികളും വരുത്തിയിട്ടുള്ള കോടികളുടെ കുടിശ്ശിക പിരിച്ചെടുത്ത് സാധാരണക്കാരനു മേല്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയുടെ ആഘാതം വരാതെ നോക്കുകയായിരുന്നു സിങ്. അതിനിടെയാണ് അദ്ദേഹത്തെ ആംഡ് ബറ്റാലിയനിലേക്കു മാറ്റിയത്.

Scroll To Top