Sunday December 04, 2016
Latest Updates

‘അടുത്ത മാസം ബില്ല് വരട്ടെ..ഞങ്ങള്‍ പണം അടയ്ക്കില്ല …സര്‍ക്കാരിനെതിരെ വെല്ലുവിളി ഉയര്‍ത്തി പതിനായിരങ്ങള്‍:ഡബ്ലിന്‍ പ്രതിഷേധക്കടലായി 

‘അടുത്ത മാസം ബില്ല് വരട്ടെ..ഞങ്ങള്‍ പണം അടയ്ക്കില്ല …സര്‍ക്കാരിനെതിരെ വെല്ലുവിളി ഉയര്‍ത്തി പതിനായിരങ്ങള്‍:ഡബ്ലിന്‍ പ്രതിഷേധക്കടലായി 

ഡബ്ലിന്‍ :ജനഹിതത്തിനനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജല നിരക്കിനെതിരെ സമരം കൂടുതല്‍ ശക്തമാക്കും എന്ന് ഓര്‍മ്മപ്പെടുത്തി തലസ്ഥാന നഗരിയില്‍ ജനസാഗരം തീര്‍ത്ത് ഡബ്ലിനില്‍ നടന്ന പ്രതിഷേധ സംഗമം. ശനിയാഴ്ച്ച ഉച്ചയോടെ ഹൂസ്റ്റണ്‍ സ്‌റ്റേഷന്‍, കൊണോലി സ്‌റ്റേഷന്‍, മെറിയണ്‍ സ്‌ക്വെയര്‍ എന്നിവിടങ്ങളിലായി പ്രതിഷേധക്കാര്‍ ഒരുമിച്ചുകൂടി. തുടര്‍ന്ന് മൂന്ന് സംഘവും സമാപന വേദിയായ ഒ കൊണലില്‍ സംഗമിച്ചു. പ്രധാനമന്ത്രി എന്‍ഡാ കെന്നിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.

വെള്ളക്കരത്തിനെതിരായ പ്രതിഷേധ സംഗമത്തില്‍ എണ്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തതായി റൈറ്റ് ടു വാട്ടര്‍ അവകാശപ്പെട്ടു. കുടിവെള്ളം മനുഷ്യാവകാശമാണെന്നും വെള്ളക്കരം പൂര്‍ണമായും നിര്‍ത്തലാക്കണമെന്നും പ്രതിഷേധക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളക്കരത്തിനെതിരായ പ്രതിഷേധത്തില്‍ സംഘടനയ്‌ക്കൊപ്പം അണിനിരക്കാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് റുത്ത് കോപ്പിന്‍ഗര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

വെള്ളക്കരത്തിനെതിരായ ജനങ്ങലുടെ പ്രതിഷേധം ശക്തമാകുന്നുവെന്നാണ് മാര്‍ച്ചിലെ ജനപങ്കാളിത്തം കാണിക്കുന്നതെന്ന് സിന്‍ ഫിയെന്‍ എംഇപി ലിന്‍ ബോളന്‍ഡ് പറഞ്ഞു. വെള്ളക്കരത്തിനെതിരായ പ്രതിഷേധ കൂട്ടായ്മ ഇല്ലാതാകുകയാണെന്ന സര്‍ക്കാര്‍ വാദങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളക്കരം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും ഒരടി പോലും പിന്നോട്ട് പോകില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്. വെള്ളക്കരം എടുത്തുകളയണമെന്നാവശ്യപ്പെട്ട് റൈറ്റ് ടു വാട്ടര്‍ സംഘടന കഴിഞ്ഞ വര്‍ഷം തുടങ്ങിയ പ്രക്ഷോഭം വിജയം വരെ തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു.

അടുത്ത മാസം മുതല്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ ജല നിരക്ക് അടച്ചു തുടങ്ങേണ്ടതുണ്ട്.ബില്‍ അടയ്ക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കരുത് എന്ന് പ്രതിഷേധ ക്യാംപയിന്‍ മുന്നറിയിപ്പ് നല്‍കി.’ഞങ്ങള്‍ ബില്‍ തുക അടയ്ക്കില്ല…ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഞങ്ങളെ ജയിലിലേയ്ക്ക് അയയ്ക്കു ‘എന്ന മുദ്രാവാക്യം മുഴക്കി എത്തിയ ജനക്കൂട്ടത്തില്‍ അയര്‍ലണ്ടിലെ എല്ലാ കൌണ്ടികളില്‍ നിന്നുമെത്തിയ പ്രക്ഷോഭകര്‍ ഉണ്ടായിരുന്നു.

Scroll To Top