Monday August 21, 2017
Latest Updates

ആസ്തിയുടെ അളവില്‍ ഒരു ഇന്ത്യാക്കാരനെ തോല്‍പ്പിക്കാന്‍ ഐറിഷ്‌കാര്‍ എത്ര വര്‍ഷം കാത്തിരിക്കേണ്ടി വരും?സമ്പത്തില്‍ അയര്‍ലണ്ടില്‍ ഒന്നാം സ്ഥാനം പല്ലോന്‍ജിയ്ക്ക് തന്നെ 

ആസ്തിയുടെ അളവില്‍ ഒരു ഇന്ത്യാക്കാരനെ തോല്‍പ്പിക്കാന്‍ ഐറിഷ്‌കാര്‍ എത്ര വര്‍ഷം കാത്തിരിക്കേണ്ടി വരും?സമ്പത്തില്‍ അയര്‍ലണ്ടില്‍ ഒന്നാം സ്ഥാനം പല്ലോന്‍ജിയ്ക്ക് തന്നെ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ധനികരുടെ പട്ടിക എല്ലാ വര്‍ഷവും പുറത്തിറങ്ങുമ്പോള്‍ ഐറിഷ്‌കാര്‍ ഒന്ന് അന്ധാളിക്കും. ആസ്തിയുടെ അളവില്‍ ഒരു മുംബൈക്കാരനെ തോല്‍പ്പിക്കാന്‍ ഇത്തവണയും ഐറിഷ്‌കാര്‍ക്ക് ആര്‍ക്കും ആയിട്ടില്ല. വര്‍ഷങ്ങളായി അനേകര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇന്ത്യന്‍ വംശജനായ പല്ലോന്‍ജി മിസ്ത്രിയെ കടത്തി വെട്ടാനാവുന്ന ഒരാളും വളര്‍ന്നിട്ടില്ല.ഐറിഷ് പൗരത്വം സ്വീകരിച്ച ഈ ഇന്ത്യാക്കാരനാണ് ഇത്തവണയും അയര്‍ലണ്ടിലെ ഏറ്റവും വലിയ ധനികന്‍.

കഴിഞ്ഞ വര്‍ഷം 9.36 ബില്യന്‍ ആയിരുന്ന സമ്പത്ത് പല്ലോന്‍ജി ഇത്തവണ 14.5 ബില്യണ്‍ യൂറോ ആയാണ് വര്‍ദ്ധിപ്പിച്ചത്.

ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് അയര്‍ലണ്ടിലെ ഏറ്റവും വലിയ ധനികരെ കണ്ടെത്തിയത്.

ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഷപൂര്‍ജി പല്ലോന്‍ജിയുടെ സ്ഥാപകനായ മിസ്ത്രി ലോക ധനികരുടെ പട്ടികയില്‍ 103 മതു സ്ഥാനക്കാരനാണ്. 

2003 ലാണ് പല്ലോന്‍ജി ഐറിഷ് പൗരത്വം സ്വീകരിച്ചത് .അദ്ദേഹത്തിന്റെ ഭാര്യ പാറ്റ്‌സി ഡബ്ലിനില്‍ ജനിച്ചയാളാണ് എങ്കിലും അയര്‍ലണ്ടിലെക്ക് അവധിക്കാലം ചിലവഴിക്കാന്‍ മാത്രമാണ് ഇവര്‍ വരാറുള്ളത് .

പല്ലോന്‍ജി മിസ്ത്രി കുടുംബത്തോടൊപ്പം

പല്ലോന്‍ജി മിസ്ത്രി കുടുംബത്തോടൊപ്പം

കുതിരകളെ അതിരറ്റു സ്‌നേഹിക്കുന്ന പല്ലോന്‍ന്ജി ഹോഴ്‌സ് ഷോ കാണുവാനും മറ്റും ഇടയ്ക്കിടെ അയര്‍ലണ്ടില്‍ എത്താറുണ്ട് .പക്ഷെ അയര്‍ലണ്ടിലെ മീഡിയയ്ക്ക് അദ്ദേഹം ഇതേ വരെ പിടി കൊടുത്തിട്ടില്ല.ശതകോടികളുടെ ആസ്തിയുള്ള ടാറ്റായുടെ പ്രധാന ഓഹരി ഉടമ കൂടിയാണ്. മുംബൈ ഹൗസിലെ ഈ ധനികന്റെ മകനെ ഇന്ത്യയില്‍ ,പക്ഷെ എല്ലാവരും അറിയും.സൈറസ് മിസ്ത്രി ,ലോക പ്രശസ്തമായ ടാറ്റാ ഗ്രൂപ്പിന്റെ തലവന്‍.നാല് മക്കളാണ് പല്ലോന്‍ജിക്ക് .നാല് പേരും ഐറിഷ് പൗരത്വമുള്ളവരാണ് .

മുംബൈയിലെ വീട്ടില്‍ ഒതുങ്ങി കഴിയുന്ന പല്ലോന്‍ജി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ‘ മുംബൈ ഹൗസിലെ ഫാന്റം’ എന്നാണു ഇന്ത്യയില്‍ തന്നെ വിളിക്കപെടുന്നത് .പൊതു രംഗത്ത് പ്രത്യക്ഷപ്പെടാന്‍ പൊതുവെ വിമുഖത കാണിക്കുന്നയാളാണ് പല്ലോന്‍ജി

ഇന്ത്യയിലാണ് താമസമെങ്കിലും അയര്‍ലണ്ടുമായി സ്‌നേഹബന്ധത്തിലാണ് പല്ലോന്ജി.അടുത്ത പത്ത് വര്‍ഷത്തേക്ക് ക്രിക്കറ്റ് അയര്‍ലണ്ടിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പല്ലോന്‍ജി ഗ്രൂപ്പ് തീരുമാനിച്ചത് അടുത്തയിടയാണ്.ശത കോടികളുടെ കരാറാണിത്.ഐറിഷ് ക്രിക്കറ്റിന്റെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിയുള്ള ഈ കരാര്‍ വഴി നൂറുകണക്കിന് സ്‌കോളര്‍ഷിപ്പുകളും ലക്ഷ്യമിടുന്നുണ്ട്.

ക്രിക്കറ്റ് അയര്‍ലണ്ട് അക്കാദമിയുടെ പേര് മാറ്റാനുള്ള അവകാശം കൂടി ഉള്‍പ്പെടുന്ന കരാറാണ് ഒപ്പ് വച്ചത്.ഈ കരാറിന്റെ ഭാഗമായി ക്രിക്കറ്റ് അയര്‍ലണ്ടിന്റെ പേര് ഇനി മുതല്‍ ‘ഷപൂര്‍ജി പല്ലോന്‍ജി ക്രിക്കറ്റ് അയര്‍ലണ്ട് അക്കാദമി’ എന്ന പേരില്‍ അറിയപ്പെടും.കാശ് കൊടുക്കുന്നവര്‍ക്ക് പേരും വേണമല്ലോ?

തീര്‍ന്നില്ല ഐറിഷ് യൂണിവേഴ്‌സിറ്റികളുടെ ഏകോപന സമിതി രൂപീകരിച്ച് സമഗ്രമായ ഒരു ഓണ്‍ലൈന്‍ വിദ്യാഭ്യാസപദ്ധതിയും പല്ലോന്‍ജി മിസ്ത്രി മുന്‍കൈയ്യെടുത്ത് രൂപീകരിച്ചു വരുന്നുണ്ട്. 

ഐറിഷ് ബിസിനസുകാരനായ ഹിലാരി വെസ്റ്റന്‍ , ഡെനിസ് ഒ’ബ്രിയാന്‍, ജോണ്‍ ഗ്രയ്‌കെന്‍ തുടങ്ങിയവരും ധനികരുടെ പട്ടികയില്‍ പല്ലോന്‍ജിക്ക് തൊട്ടടുത്തായി സ്ഥാനം നേടിയിട്ടുണ്ട്. 

ഡബ്ലിനിലെ സാന്‍ഡി മൌണ്ടില്‍ നിന്നുള്ള ഹിലാരി വെസ്റ്റനാണ് ധനികരില്‍ രണ്ടാം സ്ഥാനത്തുള്ളത്.കാനഡയില്‍ ബിസിനസ് ചെയ്യുന്ന ഇവര്‍ ഒരു സാധാരണ ബേക്കറി സ്ഥാപനത്തില്‍ നിന്നും കുതിപ്പ് തുടങ്ങിയതാണ്.ഇപ്പോഴത്തെ ആസ്തി 8.8 ബില്യന്‍ യൂറോയാണ്.

മീഡിയ രംഗത്തെ പ്രമുഖരായ ഡിജിസെല്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് ഉടമ ഡെനിസ് ഒബ്രിയാന്‍ ആണ് അയര്‍ലണ്ടിലെ എറ്റവും വലിയ മൂന്നാമത്തെ ധനികന്‍.5.97 ബില്യന്‍ യൂറോയാണ് ഒബ്രിയാന്റെ സമ്പാദ്യം. നിലവില്‍ കരീബിയന്‍, പസഫിക്, മധ്യ അമേരിക്കന്‍ മേഖലകളില്‍ ബിസിനസ് നടത്തുന്ന ഡിജിസെല്‍ കൂടുതല്‍ മേഖലകളിലേക്ക് ഡിജിസെല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഡിജിസെല്‍ കൂടാതെ ഇന്‍ഡിപ്പെന്‍ഡന്റ് പ്രസാധക ഗ്രൂപ്പില്‍ ഓഹരി പങ്കാളിത്തവും അയര്‍ലണ്ടിലും യുകെയിലും പടിഞ്ഞാറന്‍ യൂറോപ്പിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ റേഡിയോ ഗ്രൂപ്പിലും ഇദ്ദേഹത്തിനു പങ്കാളിത്തമുണ്ട്.

85 വയസുകാരനായ പല്ലോന്‍ജിയുടെ കാലശേഷവും അതിശയങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യക്കാര്‍ തന്നെയാവും അയര്‍ലണ്ടിലെ ഏറ്റവും ആസ്തിയുള്ളവരായി തുടരുക.കാരണം പല്ലോന്ജിയുടെ സമ്പത്ത് കൂടി കൈമാറ്റം ചെയ്യപ്പെട്ടാല്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കും അയര്‍ലണ്ടിലെ ഒന്നാം സ്ഥാനത്തെത്താം!അത്ര മാത്രമുണ്ട് ഈ ഇന്ത്യന്‍ കുടുംബത്തിന്റെ സമ്പത്ത്.

Scroll To Top