Monday May 29, 2017
Latest Updates

‘പ്രേമ’ത്തിലെ ജോര്‍ജിന്റെ സഹപാഠിയുടെ (ഞെട്ടിപ്പിക്കുന്ന)ചില വെളിപ്പെടുത്തലുകള്‍ ! 

‘പ്രേമ’ത്തിലെ ജോര്‍ജിന്റെ സഹപാഠിയുടെ (ഞെട്ടിപ്പിക്കുന്ന)ചില വെളിപ്പെടുത്തലുകള്‍ ! 

സിനിമയെ വിമര്‍ശിക്കാനോ പുകഴ്ത്താനോ ഉള്ള വിവരമില്ലാത്തത് കൊണ്ട് പ്രേമം എന്ന സിനിമയെ പറ്റി എനിക്ക് കാര്യമായി ഒന്നും പറയാനില്ല.. പക്ഷെ ഈ ജോര്‍ജിനെ ഞാന്‍ അറിയും.പ്ലസ് ടു തട്ടില്‍ കേറുന്നതിനു വളരെ മുന്‍പ് ഓഫ് വൈറ്റ് ഷര്‍ട്ടും മുണ്ടും ഇട്ടു സ്‌കൂളില്‍ പോയിരുന്ന കാലം മുതലേ ! . 

സത്യത്തില്‍ ഈ കഥ ജോര്‍ജ് നാലാം ക്ലാസില്‍ പഠിക്കുന്നിടം വെച്ചേ തുടങ്ങാമായിരുന്നു .. പോട്ടെ.. സമയ പരിമിതി എന്ന് സമാധാനിക്കാം .. അപ്പൊ എന്താ പറഞ്ഞത് ? ങാ ..ഓഫ് വൈറ്റ് ഷര്‍ട്ട് .ഗവന്മേന്റ്‌റ് ഹസ്‌കൂള്‍ ഷാപ്പുംപടിയില്‍ ജോര്‍ജ് പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് അതായിരുന്നു യൂണിഫോം . എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സുന്ദരിക്കുട്ടിയെ കാണാന്‍ സ്‌കൂളിന്റെ പിന്നിലെ സിമന്റിട്ട ഇടവഴിയില്‍ ശംഭുവിനോടും , കോയയോടും ഒപ്പം കാത്തു നില്‍ക്കുമ്പോള്‍ , പര്‍പ്പിള്‍ നിറമുള്ള ഐസ് തിന്നു കയ്യില്‍ പറ്റിയ നിറം മുണ്ടിന്റെ കോന്തല കൊണ്ട് തുടയ്ക്കുന്ന ജോര്‍ജിനെ ഞാന്‍ കണ്ടിട്ടുണ്ട്… .

നീല പൂക്കളുള്ള മിഡിയും അതിനു ചേരുന്ന ടോപും ഇട്ടു സ്‌കൂളിലേക്ക് തിരക്കിട്ട് കയറിപ്പോയ ആ പെണ്‍കുട്ടി ഇടം കണ്ണാല്‍ ജോര്‍ജിനെ നോക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.നേരെ എതിര്‍ വശത്തുള്ള ക്ലാസ്സുകളില്‍ ഇരുന്നു കണ്ണുകള്‍ കൊണ്ട് കഥകള്‍ കൈമാറുന്ന ജോര്‍ജിനെയും എട്ടാം ക്ലാസ്സുകാരിയെയും ഒരു പ്രണയ ചിത്രത്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്‌ലാഷ് ബാക്ക് സീന്‍ പോലെ ഞാന്‍ ഓര്‍മ്മിക്കുന്നു.പിന്നീടൊരിക്കല്‍,അത്ര മോശമല്ലാത്ത പ്രീ ഡിഗ്രിക്ക് പഠിക്കാന്‍,ഒരു പാര്‍ട്ടി പോപ്പര്‍ പൊട്ടുമ്പോള്‍ എന്ന പോലെ , നിറങ്ങള്‍ പറന്നിറങ്ങുന്ന കാംപസ്സിലേക്ക് ഒരു BSA SLR ചവിട്ടി കയറിപ്പോയ ജോര്‍ജിനെ നോക്കി അവള്‍ നിര്‍നിമേഷയായി നിന്നതും ഇന്നലത്തെ പോലെ ഓര്‍ക്കുന്നു.

പ്രീ ഡിഗ്രിയില്‍ തട്ടി വീണു,താഴ്മ താന്‍ അഭ്യുന്നതി എന്ന് ഓട്ടോ സജഷനും ആവര്‍ത്തിച്ചു ചെന്ന് കയറിയ സമാന്തര പാഠശാലയിലാണ് ജോര്‍ജ് തന്റെ തിരുസ്വരൂപം തിരിച്ചറിയുന്നത്.സിസര്‍ ഫില്‍റ്ററിനു എഴുപത്തഞ്ചു പൈസയെ ഉള്ളു എന്ന തിരിച്ചറിവും,സിസ്സര്‍ മെന്തോളിന്റെ വിക്‌സ് വലിക്കുന്നത് പോലെയുള്ള ഫീലിങ്ങും ചേര്‍ന്ന് ചെയിന്‍ സ്‌മോക്കര്‍ എന്നത് ഷെവലിയര്‍ എന്നത് പോലെയുള്ള എന്തോ പട്ടമാണെന്ന് തന്നെ ധരിപ്പിച്ചു എന്ന് ജോര്‍ജ് തന്നെ എന്നോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട് ! 

മലരല്ല , ഒരു നക്ഷത്രമായിരുന്നു അന്ന് ജോര്‍ജിന് കൂട്ട്.താരയുടെ കെമിസ്ട്രി ക്ലാസുകള്‍ ചുമ്മാതല്ല താന്‍ കട്ട് ചെയ്യാത്തത് എന്ന് ‘ധര്‍ത്തിപുത്ര’ കാണാന്‍ കോട്ടയം അഭിലാഷില്‍ ക്യൂ നില്‍ക്കുമ്പോള്‍ ജോര്‍ജ് എന്നോട് പറഞ്ഞിട്ടുണ്ട്.അല്ലെങ്കില്‍ തന്നെ കെമിസ്ട്രി ക്ലാസ് എടുക്കുന്നതിനിടയില്‍ ജോര്‍ജിനെ നോക്കുന്ന താരയുടെ കണ്ണുകളില്‍ ഒരനാവശ്യ തിളക്കമില്ലേ എന്ന് ഞാന്‍ സംശയിച്ചിട്ടും ഉണ്ട് .

പ്രീ ഡിഗ്രി വിജയശ്രീലാളിതനായി , അത്യാവശ്യം അഹങ്കാരിയായി ,വര്‍ഷമൊന്നു മുന്‍പ് തന്നെ കഴുത്തിനു പിടിച്ചു തള്ളിയ കാംപസ്സിലേക്ക് R X 100 ഓടിച്ചു കയറിയ ജോര്‍ജ്,ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പോസ്റ്റ് ആപ്പീസിനു അടുത്തുള്ള ലക്കി സെവന്‍ ബാറില്‍ ഹാജര്‍ വെച്ചിരുന്നതായി എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. കൂടെ മറ്റൊരു ശംഭുവും കോയയും,പിന്നെ ചില ചില്വാനങ്ങളും. കാന്റീനില്‍ നിന്നും സോഡാ മോഷ്ടിച്ച് , ഫ്രീ അവറില്‍ ചെറിയ രീതിയിലുള്ള മദ്യപാനവും ഈ ചില്വാനങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്നും ഞാന്‍ കണ്ടറിഞ്ഞ കാര്യമാണ്.ക്ലാസ്സിലിരുന്നു കാശു വെച്ച് ചീട്ടു കളിച്ചത് നിങ്ങള്‍ അറിഞ്ഞില്ലല്ലോ ? എനിക്ക് അതും അറിയാം ! പക്ഷെ ഇന്നേ വരെ ജോര്‍ജ് ആരെയും തല്ലാനോ ,ആരുടെ എങ്കിലും തല്ലു കൊള്ളാനോ പോയതായി ഞാന്‍ കണ്ടിട്ടില്ല കേട്ടോ .

നഷ്ട പ്രണയത്തിന്റെ ദുഖത്തെ കുറിച്ച് പറഞ്ഞാല്‍ , ഡിഗ്രി ക്ലാസ്സിലെ സതീര്‍ത്ഥ്യയുടെ കണ്‍കോണുകളില്‍ മൂന്നു വര്‍ഷത്തെ വൈവിദ്ധ്യമാര്‍ന്ന കൌണ്‍സിലിംഗ്കള്‍ക്ക് ശേഷവും പ്രണയ സുമങ്ങള്‍ പൊട്ടി വിടരാതിരുന്നതിനേക്കാള്‍ ജോര്‍ജിനെ കുപ്പിനീര്( അതെ, സ്വര്‍ണ വര്‍ണ്ണമുള്ള .. അത് തന്നെ ) കുടിപ്പിച്ചത് , മൂന്നു വര്‍ഷം നിഴലായി പിന്നാലെ നടന്ന ‘വെറും’ കൂട്ടുകാരി ഒരു ബജാജ് ചേതക്കിന്റെ പിന്നില്‍ ഇരുന്നു ടാറ്റാ കാണിച്ച് പോയ സംഭവം ആയിരുന്നു . . കലണ്ടര്‍ സ്പീഡില്‍ മുമ്പോട്ട് മറിച്ചാല്‍ ഇനിയും ചില സ്ത്രീ കഥാ പാത്രങ്ങളെ കൂടി ജോര്‍ജിന്റെ ജീവിതത്തില്‍ നിന്നും എനിക്ക് നിങ്ങളെ പരിചയപ്പെടുത്താന്‍ പറ്റും . പക്ഷെ , സോറി ! എനിക്ക് ഇപ്പൊ തന്നെ ബോറടിച്ചു . നിങ്ങള്‍ക്കും ബോറടിച്ചു കാണും എന്നെനിക്കറിയാം .. എന്നാലും ഇത് കൂടെ പറയാതെ വയ്യ .

ജോര്‍ജ് ഒരു ഹീറോ ആയിരുന്നില്ല,ഇപ്പോളും അല്ല .ധാര്‍മികതയെ പറ്റിയോ തന്റെ ചെയ്തികളിലെ ശരി തെറ്റുകളെ കുറിച്ചോ ചിന്തിക്കാതെ , ജീവിതം മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ,അപ്പപ്പോള്‍ ഉള്ള തോന്നലുകളില്‍ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു വെറും ജോര്‍ജ് മാത്രം . ജോര്‍ജിനെ പോലെയുള്ളവര്‍ എല്ലാക്കാലത്തും എല്ലാ കാമ്പസ്സിലും ഉണ്ടായിരുന്നു.ഇപ്പോളും ഉണ്ട് , ഇനിയും ഉണ്ടാവും.കാമ്പസ് ജീവിതം ആഘോഷിക്കുന്ന ഓരോ ചെറുപ്പക്കാരിലും ഒരു ജോര്‍ജ് ഉണ്ട് ! അങ്ങിനെ സ്വന്തം ജീവിതവുമായി സിനിമയെ റിലേറ്റ് ചെയ്യാന്‍ ലക്ഷങ്ങള്‍ക്ക് പറ്റിയതാവണം ഈ സിനിമയുടെ വിജയം 

കാമ്പസ്സില്‍ നിന്നൊക്കെ ഇറങ്ങിയിട്ട് കാലങ്ങള്‍ ആയെങ്കിലും ഇപ്പോളും ബെവ്‌കോ ഔട്ട് ലെറ്റിനു മുന്‍പില്‍ കൂടെ കാറില്‍ വരുന്ന ജോര്‍ജ് ക്യൂവില്‍ ആള് കുറവുണ്ടോ എന്ന് ചവിട്ടി നിര്‍ത്തി നോക്കിയെന്നു വരും ! തിയേറ്ററില്‍ പ്രേമം കാണാന്‍ രണ്ടു പിള്ളേരും സെലിനും ആയിട്ട് ക്യൂ നില്‍ക്കുമ്പോ , ശംഭുവോ കോയയോ മൊബൈലില്‍ വിളിച്ചാല്‍ സെലിനെ ക്യൂ നിര്‍ത്തിയിട്ട് പോയി രണ്ടു പെഗ് അടിച്ചിട്ട് ഓടി വന്നെന്നു വരും . ചിലപ്പോ പോയില്ലെന്നും വരും ! തന്റെ ജീവിതം മലയാളികളെ സദ്ഗുണ സമ്പന്നരാക്കാന്‍ വേണ്ടി ഉഴിഞ്ഞു വെക്കാന്‍ ജോര്‍ജിന് സൌകര്യമില്ല . അത്ര തന്നെ !

NB: സിരകളില്‍ ഭാംഗിന്റെ ലഹരിയുമായി നടന്ന , പോലീസുകാരെ തല്ലുന്ന , ഒരാളെ തല്ലിക്കൊന്നു കുഴിച്ചിട്ടിട്ട് നുണ പറയുന്ന ടൈപ്പ് നായകന്മാരെ ഉണ്ടാക്കുന്ന സംവിധായകര്‍ക്ക് ബാധകമല്ലായിരുന്ന ധാര്‍മികതയൊന്നും മിസ്റ്റര്‍ അല്‍ഫോന്‍സ് പുത്രനും ഉണ്ടാവണ്ട കാര്യമില്ല !rajesh

മലയാളം സിനിമയും രക്ഷപെടട്ടെ കിളവന്മാരുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് !

രാജേഷ് സുകുമാരന്‍ (സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ ചങ്ങനാശ്ശേരി സ്വദേശിയായ രാജേഷ് സുകുമാരന്‍ ഇപ്പോള്‍ അയര്‍ലണ്ടിലെ റോസ് കോമണിലെ താമസക്കാരനാണ്.) 

Scroll To Top