Tuesday May 22, 2018
Latest Updates

അയര്‍ലണ്ടിലെ താമസക്കാരുടെ രാജ്യാന്തര വരുമാനസ്രോതസ്സുകള്‍ക്ക് നികുതി; നടപടികള്‍ പുരോഗമിക്കുന്നു

അയര്‍ലണ്ടിലെ താമസക്കാരുടെ  രാജ്യാന്തര വരുമാനസ്രോതസ്സുകള്‍ക്ക് നികുതി; നടപടികള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഇന്ത്യക്കാരടക്കമുള്ള വരുമാനസ്രോതസ്സുകള്‍ പൂര്‍ണമായും വെളിപ്പെടുത്തി നികുതി ഈടാക്കുതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചാണ് റവന്യു കമ്മീഷണറേറ്റിന്റെ നടപടികള്‍.
അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയവരുടെ രാജ്യാന്തര സ്വത്തുക്കളും വസ്തുവകകളും വെളിപ്പെടുത്തേണമെന്ന ഉത്തരവിനെ ഇന്ത്യയ്ക്കാരടക്കമുള്ള താമസക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.വിദേശ സ്വത്തുക്കളുടെ നിജസ്ഥിതി വെളിപ്പെടുത്താത്ത പക്ഷം പിഴ നല്‍കുകയോ വിചാരണ നേരിടുകയോ ചെയ്യേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

.അയര്‍ലണ്ടിലെ ഇന്ത്യക്കാരടക്കമുള്ളവരെ സംബന്ധിച്ചു ഇത് പുതിയ അനുഭവമാണ്.എങ്കിലും ഇതു പ്രാവര്‍ത്തികമാകുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം.ഒട്ടേറെപ്പേര്‍ ഇതിനകം തന്നെ ടാക്‌സ് പ്രാക്ടീഷണര്‍മാരുമായി ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ തുടങ്ങി കഴിഞ്ഞു.

രാജ്യാന്തര സ്വത്തുവകകളെ സംബന്ധിച്ചു വെളിപ്പെടുത്തുതിനു ഏപ്രില്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയവര്‍ മറ്റേതു രാജ്യത്തു നിന്നെങ്കെിലും സമ്പാദിക്കുന്നുണ്ടെങ്കില്‍ അതിന്റെ വിഹിതം നികുതിയിനത്തില്‍ സര്‍ക്കാരിലെത്തണമെന്നാണ് ബജറ്റിലൂടെ ലക്ഷ്യമിട്ടത്.

വിവിധ രാജ്യങ്ങളിലെ റവന്യു-നികുതി വിഭാഗങ്ങള്‍ മുന്‍കാലങ്ങളിലുള്ളതിനേക്കാള്‍ അടുത്ത ബന്ധത്തിലാണ്. ആയതിനാല്‍ നമ്മുടെ വരുമാനസ്രോതസ്സുകളെ സംബന്ധിച്ച വിവരങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും റവന്യു അധികൃതര്‍ക്ക് ലഭിച്ചിട്ടിണ്ടാവും.അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള വരുമാനം സംബന്ധിച്ച മറച്ചുവെക്കലുകളോ കളവുപറയലോ കുഴപ്പത്തിലാക്കുമൊണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എങ്കിലും അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ രാജ്യങ്ങളിലെ പൗരന്‍മാരുടെ കാര്യത്തില്‍ അതാത് രാജ്യങ്ങളിലെ ടാക്‌സ് സമ്പ്രദായത്തില്‍ ഇതിനകം ഉള്‍പ്പെട്ടിട്ടുള്ളവരെയും അന്താരാഷ്ട്ര തലത്തില്‍ ഭീമമായ പണമിടപാടുകള്‍ രേഖാമൂലം നടത്തിയവരെയും ആവും ആദ്യഘട്ടത്തില്‍ ഇത് ബാധിക്കുക.ഇന്ത്യയിലെ ബഹു ഭൂരിപക്ഷം പേരും ഇപ്പോഴും ഇന്‍കം ടാക്‌സ് സമ്പ്രദായത്തിന് പുറത്താണ്.പാന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് എന്നിവ മാത്രമാവും ഇത്തരത്തിലുള്ള വിദേശ ഇന്ത്യയ്ക്കാരെ കണ്ടെത്താന്‍ ഉപയോഗിക്കാനാവു.എന്നാല്‍ വിദേശ ഇന്ത്യയ്ക്കാരില്‍ ഒട്ടേറെ പേര്‍ക്ക് ഇതൊന്നും ഇനിയും സ്വന്തമായിട്ടില്ലെന്ന അവസ്ഥയില്‍ എത്രത്തോളം കണ്ടെത്തലുകള്‍ക്ക് അയര്‍ലണ്ടിലെ റവന്യൂ വകുപ്പ് അടക്കമുള്ളവര്‍ക്ക് സാധിക്കുമെന്നത് കണ്ടറിയണം.

മറ്റ് രാജ്യങ്ങളിലെ അവധിക്കാല വസതികള്‍,പെന്‍ഷന്‍ ആനുകൂല്യങ്ങള്‍,ഓഹരിയിടപാടുകള്‍ തുടങ്ങിയ വരുമാനങ്ങള്‍ക്കുമേലാണ് നികുതി നല്‍കേണ്ടി വരിക.

സ്വത്തുക്കളുടെ വെളിപ്പെടുത്തലിന് ആളുകളെ സഹായിക്കുതിനായി കാല്‍ക്കുലേറ്ററടക്കമുള്ള എല്ലാ വിധ സജ്ജീകരണങ്ങളുമായി റവന്യു വെബ്സൈറ്റും ഒരുങ്ങിക്കഴിഞ്ഞു.നിങ്ങളുടെ അയര്‍ലണ്ടിലെ പഴയകാല ബാങ്ക് അക്കൗണ്ട് മുതലുള്ള വിശദാംശങ്ങളും അതിലേക്ക് വരുമാനം ഒഴുകിയെത്തിയ വഴികളുമെല്ലാം വെളിപ്പെടുത്തുതിന് ഇതില്‍ സംവിധാനമുണ്ട്. എത്ര വരുമാനം ലഭിച്ചുവെന്നതും അതിനു എത്ര നികുതി നല്‍കണമെന്നും നിങ്ങള്‍ക്കു തന്നെ നിശ്ചയിക്കാം. അതു കൃത്യമായി കണക്കാക്കുന്നതിനു സഹായിക്കാനാണ് കാല്‍ക്കുലേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

.വരുമാനം സംബന്ധിച്ച തികച്ചു സത്യസന്ധമായ വെളിപ്പെടുത്തലുകളാണ് നടത്തേണ്ടതെന്നും വെബ്സൈറ്റ് ഓര്‍മ്മപ്പെടുത്തുന്നു,ഇനി നിങ്ങള്‍ രാജ്യാന്തര വരുമാനമൊന്നും ഇല്ലാത്തവരാണോ,എങ്കില്‍ ഒന്നും വെളിപ്പെടുത്തേണ്ട ബാധ്യതയും നിങ്ങള്‍ക്കില്ല.

‘വിദേശ നിക്ഷേപം സംബന്ധിച്ച നിയമങ്ങളുടെ ഇടപെടലില്‍ നികുതി സമ്പ്രദായം കൂടുതല്‍ സങ്കീര്‍ണമായ പ്രകിയയായി മാറിയിരിക്കുകയാണ് .നിങ്ങള്‍ക്ക് ഓഹരി നിക്ഷേപങ്ങളുള്ള കമ്പനികളുടെ യഥാര്‍ഥ ബാധ്യതകളും മറ്റും അറിയുന്നതിനും ഈ ടാക്സേഷന്‍ പ്രയോജനപ്പെടും’റവന്യു ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

Scroll To Top