Friday December 09, 2016
Latest Updates

ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചു

ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ജയരാജനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

ബന്ധുനിയമന വിഷയത്തില്‍ കടുത്ത വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ ജയരാജന്‍ മന്ത്രിയായി തുടരുന്നത് ധാര്‍മികമല്ലെന്ന് വിലയിരുത്തിയ യോഗം ജയരാജനോട് രാജിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇന്നുതന്നെ അദ്ദേഹം രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറും. ജയരാജന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യും. ജയരാജന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉടന്‍ മാധ്യമങ്ങളെ കാണും.

രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജനെതിരേ രുക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, തോമസ് ഐസക്, എ.കെ.ബാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിമര്‍ശനം.

സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ നടപടിയാണ് ജയരാജന്‍ ചെയ്തതെന്നായിരുന്നു യോഗത്തിലെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് ജയരാജന്റെ രാജി പ്രഖ്യാപനം. യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ജയരാജന്‍ എകെജി സെന്റര്‍ വിട്ടു.

ജയരാജനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമന വിവാദത്തെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജയരാജന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു.

Scroll To Top