Saturday January 20, 2018
Latest Updates

ഗ്രീസ്:യാനിസ് വാര്‍ഫാകിസിന്റെ രാജിയുടെ പിന്നിലെ ചതുരംഗക്കളികള്‍ 

ഗ്രീസ്:യാനിസ് വാര്‍ഫാകിസിന്റെ രാജിയുടെ പിന്നിലെ ചതുരംഗക്കളികള്‍ 

ഏതന്‍സ്:ഒരു ചതുരംഗ പലകയിലെ നീക്കങ്ങള്‍ പോലെയാണ് ഗ്രീസിലെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍.ഈ നൂറ്റാണ്ടില്‍ ലോകം കണ്ടതില്‍ ഏറ്റവും വലിയ ഇടതുപക്ഷ ബുദ്ധിജീവി എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രീസ് ധനകാര്യമന്ത്രിയുടെ രാജി എന്തിനായിരുന്നു എന്ന ആശങ്കയിലായിരുന്നു ഇന്ന് ലോകം.സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഗ്രീസില്‍ നടന്ന ഹിതപരിശോധനയില്‍ സര്‍ക്കാര്‍ നിലപാടിന് ജനങ്ങള്‍ പിന്തുണ നല്‍കിയതിന് തൊട്ടു പിന്നാലെയാണ് ഗ്രീക്ക് ധനകാര്യമന്ത്രി യാനിസ് വാര്‍ഫാകിസ് രാജിവെച്ചത്.

യൂറോസോണിലെ ചിലരുടെ താല്‍പര്യം മാനിച്ചാണ് രാജിയെന്ന് യാനിസ് ബ്ലോഗില്‍ അറിയിച്ചു.താന്‍ മാറി നില്‍ക്കുന്നത് ഗ്രീസ് – യൂറോസോണ്‍ ചര്‍ച്ചകളെ സഹായിക്കുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി അലക്‌സി സിപ്രാസ് ഈ നീക്കത്തോട് അനുകൂലമാണെന്നും യാനിസ് വ്യക്തമാക്കി.

റഫറണ്ടം പരാജയപ്പെടതോടെ മുഖം നഷ്ട്ടപെട്ട യൂറോപ്യന്‍ യൂണിയന്‍ ഇനിയും നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ട് കാത്തിരിപ്പ് തുടങ്ങി.ഗ്രീസിന്റെ ആവശ്യങ്ങള്‍ ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത അറിയിച്ച ഇ യു നേതാക്കള്‍ ഒറ്റക്കെട്ടായി ഒറ്റക്കാര്യമേ ഗ്രീക്ക് പ്രധാനമന്ത്രിയെ അറിയിച്ചുള്ളൂ.’യാനിസ് വാര്‍ഫാകിസിനെ ചര്‍ച്ചയ്ക്ക് കൊണ്ട് വരരുത്.’

ധനമന്ത്രി ഇല്ലാതെ ചര്‍ച്ചയുണ്ടാവില്ലല്ലോ?ഗ്രീസിന് നന്മയുണ്ടാവുമെങ്കില്‍ ബ്രസല്‍സിലേയ്ക്ക് താന്‍ തന്നെ പോകണം എന്നില്ല എന്ന് പ്രധാനമന്ത്രിയോട് അറിയിച്ച യാനിസ് ധനകാര്യമന്ത്രാലയത്തില്‍ എത്തി സര്‍ക്കാര്‍ വാഹനം തിരികെ ഏല്‍പ്പിച്ചു മോട്ടോര്‍ സൈക്കിളില്‍ കയറി ഭാര്യയോടൊപ്പം വീട്ടിലേയ്ക്ക് പോയി!

യാനിസ് മോട്ടോര്‍ സൈക്കിളില്‍ ഭാര്യയോടൊപ്പം വീട്ടിലേയ്ക്ക്

യാനിസ് മോട്ടോര്‍ സൈക്കിളില്‍ ഭാര്യയോടൊപ്പം വീട്ടിലേയ്ക്ക്

ജനങ്ങളുടെ വോട്ട് യൂറോപ്യന്‍ യൂണിയന് എതിരായതോടെ ഗ്രീസ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.യൂറോ മഖലയില്‍ നിന്നും യൂറോ കറന്‍സിയില്‍ നിന്നും ഗ്രീസ് പുറത്താകുമെന്ന അവസ്ഥ ഒഴിവാക്കാനാണ് വീണ്ടും യൂറോപ്യന്‍ യൂണിയന്‍ തിരക്കിട്ട് ചര്‍ച്ച .യൂറോയ്ക്ക് പകരം പഴയ കറന്‍സിയായ ദ്രാക്മയോ മറ്റൊരു പുതിയ കറന്‍സിയോ ഗ്രീസില്‍ നിലവില്‍ വരുന്നതിനു മുമ്പ് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കേണ്ടത് യൂറോപ്യന്‍ യൂണിയന്റെ ആവശ്യമാണ്.സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ യൂറോപ്യന്‍ യൂണിയന്‍ യോഗം ചേരും..

യൂറോപ്പിന്റെ പൊതുതാത്പര്യങ്ങള്‍ ഗ്രീസിന് അനുകൂലമായ നിലപാടുകളിലേയ്ക്ക് മാറ്റുവാന്‍ ഒരു പടിയെങ്കിലും തന്റെ രാജി അനുകൂലമാകുന്നെങ്കില്‍ അതിനുള്ള അവസരം സൃഷ്ട്ടിക്കുകയായിരുന്നു യാനിസ്

യൂറോപ്പിന്റെ പൊതുതാത്പര്യങ്ങള്‍ ഗ്രീസിന് അനുകൂലമായ നിലപാടുകളിലേയ്ക്ക് മാറ്റുവാന്‍ ഒരു പടിയെങ്കിലും തന്റെ രാജി അനുകൂലമാകുന്നെങ്കില്‍ അതിനുള്ള അവസരം സൃഷ്ട്ടിക്കുകയായിരുന്നു യാനിസ്.
മുതലാളിത്വത്തിന്റെ അന്തകന്‍ 
മുതലാളിത്തം ജനങ്ങളെ അടിമകളാക്കുന്നത് മാത്രമല്ല, മനുഷ്യപ്രകൃതി വിഭവശേഷി പാഴാക്കുകയും ഒരേപോലുള്ള ഉത്പന്നങ്ങള്‍ പ്രൊഡക്ഷന്‍ ലൈനുകളില്‍ നിര്‍മ്മിച്ച് അളവറ്റ സമ്പാദ്യം വാരിക്കൂട്ടി ആഴത്തിലുള്ള അസന്തുഷ്ടിയും പ്രതിസന്ധികളും സൃഷ്ടിക്കുന്നവര്‍ കൂടിയാണ് എന്ന മാര്‍ക്‌സിയന്‍ സിദ്ധാന്തത്തില്‍ ഉറച്ച് വിശ്വസിക്കുന്ന യാനിസ് ബ്രിട്ടണില്‍ 1979 മുതലുണ്ടായ മാര്‍ഗരറ്റ് താച്ചറുടെ ഭരണകാലത്ത് സൃഷ്ട്ടിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മുതലാളിത്വം എങ്ങനെ രക്ഷപെട്ടു എന്ന് പഠിച്ചത് അദ്ധേഹത്തില്‍ പുതിയ ദിശാബോധം നല്‍കി.അന്താരാഷ്ട്ര തലത്തില്‍ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം അധികാരം പിടിച്ചെടുക്കുമെന്നുള്ള മാര്‍ക്‌സിന്റെ പ്രവചനങ്ങളെ പല കുറി തോല്‍പ്പിക്കാന്‍ മുതലാളിത്വം എങ്ങനെ തന്ത്രങ്ങള്‍ മെനഞ്ഞു എന്ന് യാനിസ് എന്ന വിദ്യാര്‍ഥി പഠിച്ചത് മാര്‍ഗരറ്റ് താച്ചറില്‍ നിന്നായിരുന്നു.

മൂലധനം ഒഴുക്കി വിട്ടും,ജനങ്ങള്‍ക്കായി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഒരുക്കിയും മുതലാളിത്വം വീണ്ടും പ്രതിസന്ധിയെ അതിജീവിച്ചു.പക്ഷേ വില നിശ്ചയിക്കുന്ന ഘടകങ്ങള്‍ സപ്ലേയും ഡിമാന്റും ആണെന്ന പരമ്പരാഗത സങ്കല്‍പ്പം മാറ്റിയെഴുതി അവരുടേത് മാത്രമായ വില സൂചികകള്‍ രൂപപ്പെടുത്താന്‍ ഇക്കാലയളവില്‍ മുതലാളിത്വത്തിന് കഴിഞ്ഞു.

ബ്രിട്ടണില്‍ വിജയം കണ്ട നവീന മുതലാളിത്വം യൂറോപ്പില്‍ അങ്ങോളമിങ്ങോളം വളരാന്‍ സഹായകമായത് പുരോഗമന പ്രസ്ഥാനങ്ങളുടെ പരമ്പരാഗത കാഴ്ച്ചപ്പാടുകളെയും വിപ്ലവ വീര്യത്തെയും സാമൂഹ്യ ക്ഷേമ പദ്ധതികളുടെ മറയില്‍ തടഞ്ഞു വെയ്ക്കാന്‍ 1993 ല്‍ രൂപപ്പെട്ട യൂറോപ്യന്‍ യൂണിയനും കഴിഞ്ഞുവെന്നതാണ് .

അങ്ങനെ തൊഴിലാളി വര്‍ഗം രണ്ടായി.ഒന്ന് മുതലാളിത്വതിന്റെ നക്കാപിച്ചകള്‍ അനുഭവിച്ച് അവരോടു സന്ധി ചെയ്തവര്‍,രണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകന്ന് വേദനയോടെ അന്തര്‍മുഖരായവര്‍.

ആദ്യ വിഭാഗം കാലത്തോടൊപ്പം ഒഴുകിയും ഇടപഴകിയും പോവാന്‍ തയാറായപ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ വിപ്ലവക്കനല്‍ കെടുത്താതെ ഉള്ളില്‍ നീറി നീറി ഒളിച്ചിരുന്നു.ഏതെങ്കിലും ചെറിയ മുന്നേറ്റങ്ങള്‍ വന്നപ്പോഴൊക്കെ ഭൂരിപക്ഷമുള്ളവരും മുഖം മൂടി ധരിച്ച് പ്രത്യക്ഷപ്പെടുന്നവരുമായ മൂലധന ശക്തികള്‍ ഒന്നിച്ചു നിന്ന് ശ്രമിച്ചത് ആ തീ കനലുകള്‍ ഊതി കെടുത്താനായിരുന്നു.കുഴലൂത്തുകാരായ മാധ്യമങ്ങളെയും സൃഷ്ട്ടിച്ചെടുത്തത് അവര്‍ തന്നെയായിരുന്നു.യാനിസ് പറയുന്നു.

നയോ ലിബറല്‍ ചങ്ങലകളില്‍ ബന്ധിതമായ യൂറോപ്പിലെ പുരോഗമന പ്രസ്ഥാനം, കെട്ടുപൊട്ടിച്ചു പറക്കാനുള്ള ഊര്‍ജം കിട്ടാനാവാതെ നട്ടം തിരിയുമ്പോള്‍ സമൂലമായ ഒരു മാറ്റം എങ്ങനെയുണ്ടാവാന്‍?

ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോയ യാനിസിന്റെ മനസ് ഗ്രീസിലെ തന്റെ ജനത്തിനു നേരിടേണ്ടി വരുന്ന ‘അരാജകത്വസംരക്ഷണം’അവസാനിപ്പിക്കാനുള്ള ജാഗ്രതയിലായിരുന്നു.യൂറോപ്പിന്റെ ഭൂമിശാസ്ത്രപരമായ ഐക്യത്തിലുപരി സാമ്പത്തിക ഐക്യം എങ്ങനെ സംരക്ഷിക്കപ്പെടും എന്നതില്‍ ആശങ്കാകുലരായ ഗ്രീസ് ജനത,മുതലാളിത്വ പരിപ്രേക്ഷ്യത്തില്‍ തിളങ്ങി നില്‍ക്കുന്ന ജര്‍മിനിയുടെയും ഫ്രാന്‍സിന്റെയും മേലാളിത്വത്തെ അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ആയിരുന്നുവെങ്കിലും അവരുടെ ഇച്ഛകള്‍ക്ക് വഴങ്ങി കൊടുക്കാന്‍ തയാറാവാതെ ചിലപ്പോഴെങ്കിലും വഴിയില്ലായിരുന്നു.അവിടെയാണ് സിപ്രാസിയും യാനിസും ഗ്രീസുകാര്‍ക്ക് ദീപം തെളിച്ചു കൊടുത്തത്.

പ്രതിരോധിക്കുകയും, അതിജീവനത്തിന്റെ പടയൊരുക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രമത്തിന് രൂപം നല്‍കാന്‍ ഗ്രീസിലെ ഇടതു പക്ഷ നേതൃത്വത്തിന് കഴിഞ്ഞു.

ലോകം തള്ളിക്കളയുമോ എന്നാണിനി നോക്കേണ്ടത്.അത്തരമൊരു പാരമ്പര്യം ഗ്രീസിനുണ്ട്.

എല്ലാ തെറ്റുകളും വരുന്നത് അജ്ഞതയില്‍ നിന്നാണെന്നും ശരി ഏതെന്ന് ആളുകള്‍ക്ക് ബോധ്യം വന്നാല്‍ തെറ്റുകളില്‍ നിന്നവര്‍ പിന്മാറുമെന്നും വിശ്വസിച്ച് ലോകത്തെ അന്ധകാരത്തില്‍ നിന്നും അടിമത്വത്തില്‍ നിന്നും കരകയറ്റാന്‍ ശ്രമിച്ച വിശ്വപ്രസിദ്ധ തത്വജ്ഞാനി സോക്രട്ടീസ് ഗുരുവിനെ വധിച്ചു കൊണ്ട് ഏതന്‍സിലെ ജനങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തുടക്കമിട്ട നന്ദി കേടിന്റെ ഒരു ശീലമുണ്ട്.

ലോകസ്വതന്ത്യ്രം എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി ലോകത്തിന്റെ ഭൂരിഭാഗവും കാല്‍കീഴിലാക്കാന്‍, മനുഷ്യന് ദൈവങ്ങള്‍ അനുവദിച്ച അവസാന അതിരുകള്‍ വരെയും എത്തിച്ചേരാന്‍ വിജ്ഞാനത്തിന്റെ ആത്മധൈര്യം നല്‍കി, ഒരു പ്രഭാതനക്ഷത്രത്തെപ്പോലെ വഴിതെളിച്ച ഗുരു അരിസ്റ്റോട്ടില്‍,അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന വിശ്വവിജ്ഞാനകോശം പൂര്‍ത്തിയാക്കാനാവാതെ, തന്റെ ഭാര്യയുടെ പൈതൃക സ്വത്ത് മുഴുവന്‍ ചെലവഴിച്ച് തുടങ്ങിയ വിദ്യാലയത്തില്‍നിന്ന് പടിയിറങ്ങി ഏവരാലും ഉപേക്ഷിക്കപ്പെട്ട് കാലത്തിന്റെ യവനികക്കുള്ളില്‍ മറയും മുമ്പ് അദ്ദേഹത്തെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ലയെന്നതും ചരിത്രം.. 

വിജ്ഞാനത്തിന് നല്‍കാന്‍ കഴിയാത്ത ലോകസമാധാനം, ലോകം മുഴുവന്‍ ഒറ്റഭരണത്തിന്‍ കീഴില്‍ ആയാല്‍ നേടാന്‍ കഴിയുമെന്ന് സ്വപ്നം കണ്ട്, അതിനുവേണ്ടി സ്വന്തം ജീവിതവും ജീവനും ബലി നല്‍കി മുപ്പത്തി മൂന്നാം വയസില്‍ ലോകത്തില്‍ നിന്നുംകടന്നു പോകുമ്പോള്‍ അരിസ്റ്റോട്ടിലിന്റെ മഹാനായ ശിഷ്യന്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി, ഏതന്‍സിലെ തെരുവിലൂടെ പട്ടാപ്പകല്‍ വിളക്കുമായ് ഒരു യാര്‍ത്ഥമനുഷ്യനെ അന്വേഷിച്ചു നടന്ന തത്വജ്ഞാനി ഡയോജനിസിന്റെ ജീവിതം കൊതിച്ചിരുന്നു.അവസാനം തന്റെ രണ്ടു കരങ്ങളും ശവമഞ്ചത്തിന് വെളിയില്‍ കാണത്തക്ക വിധം വേണം അന്ത്യയാത്രയൊരുക്കുവാന്‍ എന്ന് കല്‍പ്പിച്ച് മരണകിടക്കയിലായിരിക്കുമ്പോള്‍ സാമ്രാജ്യത്തിന്റെ അധികാര ചക്രം എങ്ങോട്ടാണ് ചലിപ്പിക്കേണ്ടത് എന്നാലോചിച്ചു തര്‍ക്കിക്കുകയായിരുന്നു അനുചരന്മാര്‍.

ഭൂമിയില്‍ അഗ്‌നി ഇല്ലാതിരുന്ന കാലത്ത് ദേവലോകത്ത് നിന്ന് അഗ്‌നി മോഷ്ടിച്ച് മനുഷ്യര്‍ക്ക് നല്‍കി കഷ്ടതയകറ്റിയ അമാനുഷികന്‍ പ്രൊമിത്യൂസ് എന്ന് ഹോമറിന്റെ ഇതിഹാസം. സ്യൂസ്സ് ദേവന്‍ അതിന് കടുത്ത ശിക്ഷ നല്‍കി. പ്രൊമിത്യൂസിനെ പാറയോട് ചേര്‍ത്ത് ചങ്ങലയില്‍ ബന്ധിച്ചു. 

സ്യൂസ്സ് ദേവന്‍ അയച്ച കഴുകന്‍ അദ്ദേഹത്തിന്റെ കരള്‍ കൊത്തിപ്പറിച്ച് ആഹാരമാക്കുന്നു. വീണ്ടും കരള്‍ പൂര്‍വ്വസ്ഥിതിയിലാകുകയും കഴുകന്‍ ദിവസവും കൊത്തിപ്പറിച്ച് ആഹാരമാക്കുകയും ചെയ്യുന്നു. മരണം വരെ ഈ കഠിനവേദന അദ്ദേഹം അനുഭവിച്ചു. ഭൂമിക്ക് വെളിച്ചം നല്‍കിയതിന് പകരമായ് പ്രൊമിത്യൂസ്സിന് നല്‍കേണ്ടിവന്നത് സ്വന്തം ബലിയും കഠിനവേദനയും.

ചരിത്രനായകന്മാരും തത്വജ്ഞാനികളും ഗുരുക്കന്മാരും സ്വയം ബലി നല്‍കുകയും കഠിനവേദന അനുഭവിക്കുകയും ചെയ്തവരാണ്. വിദ്യയുള്ള കാലത്തോളം പ്രൊമിത്യൂസ്സുമാരുടെ വേദനയുമുണ്ടാകും.

ഗ്രീസിന്റെ ചരിത്രത്തില്‍ ഇവരൊക്കെ വേദന അനുഭവിച്ചവരാണ്. പക്ഷേ ഗ്രീസിന്റെ നവവിപ്ലവത്തിന്റെ കടിഞ്ഞാണ്‍ പിടിയ്ക്കുന്ന യാനിസ് വാര്‍ഫാകിസ് ഗ്രീസിന് പുത്തന്‍ അഗ്‌നി പകരാന്‍ അയയ്ക്കപ്പെട്ട പ്രൊമിത്യൂസ് ആണെന്ന് ഗ്രീസിലെ സാധാരണക്കാരായ മനുഷ്യര്‍ പറയുമ്പോള്‍ ചെവിയോര്‍ക്കുക.അവെരെന്തോ ഈ മനുഷ്യനില്‍ വ്യത്യസ്ഥത കണ്ടിരിക്കുന്നു.കമ്യൂണിസ്റ്റ് അനുഭാവിയായ പിതാവും,സ്ത്രീകളുടെ തുല്യതയ്ക്കായി ദേശീയ പ്രസ്ഥാനം കെട്ടിപ്പടുത്ത് സമരം ചെയ്ത ഒരമ്മയും കനലുകള്‍ ചവിട്ടി യാത്ര ചെയ്യുന്നത് കണ്ട മകന്‍.

ബ്രിട്ടണില്‍ പഠിക്കാന്‍ എത്തുമ്പോള്‍ നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ നിന്നും ബ്രിട്ടണ്‍ പിന്മാറണം എന്നാവശ്യപ്പെടുന്ന ട്രൂപ് ഔട്ട് മൂവ്‌മെന്റായിരുന്നു യാനിസിന്റെ ആവേശം.ചെറുപ്പകാലത്ത് അദ്ദേഹം പ്രവര്‍ത്തിച്ച ഏക രാഷ്ട്രീയപ്രസ്ഥാനം.അയര്‍ലണ്ടുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെങ്കിലും താന്‍ കുഞ്ഞുനാളില്‍ അപ്പനില്‍ നിന്നും കേട്ട് വളര്‍ന്നത് ഐറിഷ് സ്വാതന്ത്ര്യവിപ്ലവഗീതങ്ങള്‍ ആയിരുന്നുവെന്ന് യാനിസ് വെളിപ്പെടുത്തുന്നു.

യൂറോപ്പിന്റെ രാഷ്ട്രീയമനക്കണക്കുകള്‍ നേരിട്ടറിയാന്‍ ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്സ്റ്റിക്‌സില്‍ എംഎസ് സിയും,അനീതിയുടെ സാമ്പത്തിക നീതിശാസ്ത്രങ്ങളോട് പൊരുതാന്‍ എസക്‌സില്‍ നിന്നും ഇക്കണോമിക്‌സില്‍ പി എച്ച് ഡിയും നേടിയ ശേഷമാണ് സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തില്‍ യാനിസ് എത്തിയത്.

അത് കൊണ്ട് തന്നെ യൂറോപ്പിന്റെ നേതാക്കള്‍ യാനിസ് വാര്‍ഫാകിസിനെ ഭയപ്പെടുകയാണ്.ഒരു തുടര്‍ചര്‍ച്ച വേണമെങ്കില്‍ യാനിസ് മാറി നില്‍ക്കണം എന്നാണ് അവരുടെ ആവശ്യം.പക്ഷെ ഇപ്പോഴിതാ ഭൂമിയോളം താണ് യാനിസ് രാജി വെച്ചിരിക്കുന്നു.യൂറോപ്പിന്റെ ആകെയുള്ള സമാധാനവും സുരക്ഷയുമാണ് തന്റെയും ആവശ്യം എന്ന് യാനിസ് പറഞ്ഞു കഴിഞ്ഞു

കാറല്‍ മാര്‍ക്‌സിന്റെയും കെയിന്‍സിന്റെയും കടുത്ത ആരാധകനായ ഈ 54 വയസുകാരനെ രാജി വെപ്പിച്ചു മാറ്റി നിര്‍ത്താമെന്ന് യൂറോപ്പ് കരുതുന്നില്ല.ഒരു കൊടുംങ്കാറ്റിന് മുന്നേയുള്ള ശാന്തത മാത്രമാവും ഇനിയുള്ള താല്‍ക്കാലിക നിശബ്ദത.യൂറോപ്പ് മുഴുവന്‍ വിപ്ലവാഗ്‌നി പടര്‍ത്താന്‍ തീയുമായി ഒരു പ്രൊമിത്യൂസായി യാനിസ് തിരിച്ചു വരിക തന്നെ ചെയ്യും.കരള്‍ കൊത്തിപ്പറിക്കാന്‍ അയയ്ക്കുന്ന കഴുകന്‍മാരെ നേരിടാന്‍ കരുത്തുള്ള ധീരനാണ് ഈ മനുഷ്യന്‍.യവനകഥയിലെ വീരനായകനായി ചാരത്തില്‍ നിന്നുയര്‍ന്നു പറക്കുന്ന യൂറോപ്പിന്റെ ഫീനിക്‌സ് പക്ഷിയാവാന്‍ യാനീസ് തയാറെടുക്കുന്നതും കാത്തിരിക്കുകയാണ് ഗ്രീസിലെ സാധാരണക്കാര്‍. 

റെജി സി ജേക്കബ് 

Scroll To Top