Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ ഭവനമേഖലയിലെ പ്രശ്‌നപരിഹാരത്തിനായി റിപ്പോര്‍ട്ടായി; 50,000 പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ ശുപാര്‍ശ

അയര്‍ലണ്ടിലെ ഭവനമേഖലയിലെ പ്രശ്‌നപരിഹാരത്തിനായി റിപ്പോര്‍ട്ടായി; 50,000 പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ ശുപാര്‍ശ

ഡബ്ലിന്‍:ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഏപ്രിലില്‍ രൂപീകരിച്ച ഡോള്‍ ഹൗസിങ് കമ്മറ്റി,അടുത്ത അഞ്ചു വര്‍ഷങ്ങളിലേയ്ക്കുള്ള ഭവന മേഖലയില്‍ നടപ്പാക്കേണ്ട പ്രശ്‌നപരിഹാര റിപ്പോര്‍ട്ട് വെള്ളിയാഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചു.മോര്ട്ട്‌ഗേജ് എടുത്ത് ജപ്തി നടപടികള്‍ നേരിടുന്നവരുടെ മേലുള്ള നിയമ നടപടികള്‍ തല്‍ക്കാലം നിര്‍ത്തി വെച്ച് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന കാലത്തോളം അവരെ അവിടെ തന്നെ തുടരാന്‍ അനുവദിക്കണം എന്നതാണ് ഏറ്റവും പ്രധാന നിര്‍ദേശം.മറ്റു നിര്‍ദേശങ്ങള്‍ താഴെ പറയുന്നവയാണ്.

1. പുതുതായി 50,000 വീടുകള്‍ പണി കഴിപ്പിക്കണം. ഇതില്‍ 10,000 എണ്ണം വീതം ഓരോ വര്‍ഷത്തിലും പൂര്‍ത്തിയാകണം.

2. വാടകയ്ക്ക് വീടെടുക്കുന്നവര്‍ക്കും, വീടില്ലാത്തവര്‍ക്കും നല്‍കിവരുന്ന സഹായധനം വര്‍ദ്ധിപ്പിക്കുക.

3. ഒരു ഹൗസിങ് പ്രോക്യുവര്‍മെന്റ് ഏജന്‍സി സ്ഥാപിക്കുക. ഇതിലെ അംഗങ്ങള്‍ ഹൗസിങ് ഏജന്‍സി, ദി നാഷണല്‍ ട്രഷറി മാനേജ്‌മെന്റ് ഏജന്‍സി(എന്‍ടിഎംഎ), ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ്, ധനകാര്യ വകുപ്പ് എന്നിവയില്‍ നിന്നുള്ളവരായിരിക്കണം. ഈ ഏജന്ഡസി, ഭവനപ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികളില്‍ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കണം.

4 . ഭവനനിര്‍മ്മാണ പ്രവര്‍ത്തിനത്തിലേയ്ക്ക് ഓഫ് ഷീറ്റ് ബാലന്‍സ് പ്രക്രിയ വഴി കൂടുതല്‍ തുക വകയിരുത്തുക.

5 . നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കാനുള്ള കാലയളവ് എട്ടു മാസത്തില്‍ നിന്നും ആറു മാസമാക്കി കുറയ്ക്കുക. അനാവശ്യമായ കാലതാമസത്തിന് അറുതി വരുത്തുക.

ടിഡിയായ ജോണ്‍ കുറാന്‍ ആണ് കമ്മറ്റിയുടെ ചെയര്‍മാന്‍. കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഹൗസിങ് മിനിസ്റ്റര്‍ ശ്രദ്ധയോടെ പരിഗണിക്കുമെന്ന് കരുതുന്നതായി കുറാന്‍ പറഞ്ഞു.

അതേസമയം ഹൗസിങ് കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ല എന്നഭിപ്രായപ്പെട്ട ടിഡി റൂത്ത് കോപ്പിംഗര്‍ സ്വന്തമായി റിപ്പോര്‍ട്ടുണ്ടാക്കി പ്രസിദ്ധപ്പെടുത്തി. ഹൗസിങ് കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ നിന്നും വ്യത്യസ്തമായ നിര്‍ദ്ദേശങ്ങളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ഹൗസിങ് കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ ഭവനനിര്‍മ്മാണത്തിനുള്ള പണം കണ്ടെത്തുന്നത് എങ്ങനെയെന്ന് പറയുന്നില്ല എന്നാണ് കോപ്പിംഗറുടെ പക്ഷം.

കോപ്പിംഗര്‍ക്കു പുറമെ ചാരിറ്റി സംഘടനയായ ‘എലോണ്‍,’ ദി ഐറിഷ് സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ചില്‍ഡ്രണ്‍ (ഐഎസ്പിസിസി) എന്നിവയും കമ്മറ്റിയുടെ റിപ്പോര്‍ട്ട് നിരാശയുണ്ടാക്കുന്നതായി പ്രതികരിച്ചു.

ഭവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റിയായ ദി പീറ്റര്‍ മക്‌വെറി ട്രസ്റ്റ് റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

Scroll To Top