Thursday December 08, 2016
Latest Updates

വാടകയ്ക്ക് താമസിക്കുന്നവരോട് വെള്ളത്തിന് ആയിരം യൂറോ ഡെപ്പോസിറ്റ് വാങ്ങാന്‍ നീക്കം

വാടകയ്ക്ക് താമസിക്കുന്നവരോട് വെള്ളത്തിന് ആയിരം യൂറോ ഡെപ്പോസിറ്റ് വാങ്ങാന്‍ നീക്കം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരോട് വെള്ളത്തിന് 1000 യൂറോ ഡെപ്പോസിറ്റ് വാങ്ങാന്‍ നീക്കം.അയര്‍ലണ്ടിലെ വീട്ടുടമസ്ഥരുടെ സംഘടനയാണ് ഈ നീക്കം നടത്തുന്നത്.നിലവില്‍ വാടക ഡെപ്പോസിറ്റ് വാങ്ങുന്നത് കൂടാതെയാണ് വെള്ളത്തിന് കൂടി ഡെപ്പോസിറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.ജലനിരക്ക് അടയ്ക്കുന്നതില്‍ വാടകക്കാരന്‍ വീഴ്ച വരുത്തിയാല്‍ തുക ഈടാക്കുന്നതിനാണ് ജലനിരക്കിനും ഡെപ്പോസിറ്റ് ഈടാക്കാന്‍ പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷന്റെ നീക്കം. 

വാടകക്കാര്‍ ജലനിരക്ക് അടയ്ക്കുന്നില്ലെങ്കില്‍ അത് വാടക ഡെപ്പോസിറ്റില്‍ നിന്ന് കുറവ് ചെയ്യാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ഇത് അസാധ്യമാണെന്ന് വീട്ടുടമകളുടെ അസോസ്സിയേഷന്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അവര്‍ വാടകക്കാരോട് വെള്ളത്തിന് കൂടി ഡെപ്പോസിറ്റ് തുക ഈടാക്കാന്‍ ആലോചിക്കുന്നത്.വാടക വീടിന് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്കോ വാടക കുടിശിഖയ്‌ക്കോ മാത്രമേ റെന്റ് ഡെപ്പോസിറ്റ് പിടിച്ചെടുക്കാവൂ എന്നാണു നിയമം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ പുതിയ നീക്കം. 

വാടകക്കാരന്‍ ജലനിരക്ക് അടയ്ക്കുന്നില്ലെങ്കില്‍ വീട്ടുടമകളുടെ കയ്യില്‍ നിന്ന് ജലനിരക്ക് ഈടാക്കുമെന്ന നിയമമാണ് പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷനെ ചൊടിപ്പിച്ചത്. ഈ നിര്‍ദ്ദേശം പിന്‍വലിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ ആലോചനയിലുള്ള 1000 യൂറോ ഡെപ്പോസിറ്റ് വാടകക്കാരില്‍ നിന്ന് വാങ്ങാനാണ് സംഘടനയുടെ തീരുമാനം.ഇത് വ്യക്തമാക്കി മന്ത്രി അലന്‍ കെല്ലിയ്ക്ക് സംഘടന അപേക്ഷ സമര്‍പ്പിച്ചു.

വാടകക്കാരന്റെ ജലനിരക്കിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്ന് സംഘടന ചെയര്‍മാന്‍ സ്റ്റീഫന്‍ ഫോഗാന്‍ പറഞ്ഞു. ഇതാണ് വാടക ഡെപ്പോസിറ്റ് കൂടാതെ പുതിയൊരു ഡെപ്പോസിറ്റ് കൂടി ഏര്‍പ്പെടുത്താനുള്ള ആലോചനയിലേക്ക് സംഘടനയെ നയിച്ചതെന്നും സ്റ്റീഫന്‍ പറഞ്ഞു. 

രണ്ടു പേരുള്ള ഒരു കുടുംബത്തിനു പരമാവധി 160 യൂറോ വാര്‍ഷികാടിസ്ഥാനത്തിലേ ഈടാക്കാനുള്ള നീക്കമുള്ളപ്പോള്‍ വാടകക്കാരനോട് 1000 യൂറോ ഡിപ്പൊസിറ്റ് വാങ്ങുന്നതിന്റെ സാംഗത്യത്തെകുറിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ‘ആറ് മാസം ഒരു വാടക വീട്ടില്‍ താമസിച്ചയാള്‍ക്ക് വാക്കാല്‍ ,കരാര്‍ പുതുക്കി മൂന്നര വര്‍ഷം കൂടി താമസിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടെന്നും അത് പ്രകാരമുള്ള തുകയാണ് 1000 യൂറോ എന്ന് കണക്കാക്കി വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും സ്റ്റീഫന്‍ വ്യക്തമാക്കി.

വാടകക്കാരില്‍ നിന്നും കുടിശിക അടച്ചുവെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം വീട്ടുടമയ്ക്ക് ഉണ്ടെന്നും,അല്ലായെങ്കില്‍ അത്തരം കുടിശിക അടച്ചു തീര്‍ക്കാനുള്ള ഉത്തരവാദിത്വം വീട്ടുടമയ്ക്കാണെന്നും നിയമ നിര്‍മ്മാണം നടത്തുമെന്ന് പരിസ്ഥിതികാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്.

ഐറിഷ് വാട്ടറിന്റെ നിലപാട് അംഗീകരിച്ചാല്‍ ഇ എസ് ബി യും ടി വി ലൈസന്‍സിംഗ് അതോറിറ്റിയും അടക്കമുള്ള ഏജന്‍സികള്‍ അത് പിന്തുടരുമെന്നും ,വീട്ടുടമസ്ഥരുടെ ഉത്തരവാദിത്വത്തില്‍ വാടകക്കാരന്റെ കട കുടിശികകള്‍ വീട്ടേണ്ട അവസ്ഥ വരുമെന്നും സ്റ്റീഫന്‍ ഫോഗാന്‍ മുന്നറിയിപ്പ് നല്‍കി. 

റെജി സി ജേക്കബ് 

Scroll To Top