Thursday December 08, 2016
Latest Updates

വാടക വര്‍ദ്ധനവിന് കാരണം വികലമായ സര്‍ക്കാര്‍ നയങ്ങളെന്ന് വിദഗ്ദര്‍,ഡബ്ലിനില്‍ 27 % വാടക കൂട്ടിയെന്ന വെളിപ്പെടുത്തലുമായി വന്‍കിട വാടക കമ്പനി

വാടക വര്‍ദ്ധനവിന് കാരണം വികലമായ സര്‍ക്കാര്‍ നയങ്ങളെന്ന് വിദഗ്ദര്‍,ഡബ്ലിനില്‍ 27 % വാടക കൂട്ടിയെന്ന വെളിപ്പെടുത്തലുമായി വന്‍കിട വാടക കമ്പനി

ഡബ്ലിന്‍:വാടക വീടുകള്‍ ലഭ്യമാവാത്തതിന് പ്രധാനകാരണം സര്‍ക്കാരിന്റെ വികലമായ ഭവനനയമാണെന്ന് വിലയിരുത്തല്‍.യാതൊരു തത്വദീക്ഷയുമില്ലാതെ ചില വന്‍കിട കെട്ടിട ഉടമസ്ഥര്‍ക്കും നാമയടക്കമുള്ള സര്‍ക്കാര്‍ ഭവനഎജന്‍സികള്‍ക്കും ആഗോളടെണ്ടര്‍ വിളിച്ച് അയര്‍ലണ്ടിലെ വീടുകള്‍ വില്‍ക്കാനുള്ള അവസരം ഒരുക്കിയതാണ് അയര്‍ലണ്ടിലെ പ്രത്യേകിച്ചും ഡബ്ലിന്‍ നഗരത്തിലെ വീടുകളുടെ വിലയും വാടകയും കൂടാന്‍ കാരണമെന്ന് അയര്‍ലണ്ടിലെ ഏറ്റവും കൂടുതല്‍ വീടുകള്‍ വാടകയ്ക്ക് കൊടുക്കുന്ന കമ്പനിയായ ഐറീഷ് റസിഡന്‍ഷ്യല്‍ പ്രോപര്‍ട്ടീസ് വെളിപ്പെടുത്തുന്നു.

ജൂണിന് ശേഷം മാത്രം വാടക നിരക്ക് 15 % വര്‍ദ്ധിപ്പിച്ചതായി കമ്പനി വെളിപ്പെടുത്തി.1000 യൂറോ വാടക ഉണ്ടായിരുന്ന വീടുകള്‍ 1150 യൂറോയാക്കി.ശരാശരി 1365 യൂറോ വാടകയായി കമ്പനിയുടെ ഡബ്ലിനിലെ അപ്പാര്‍റ്റ്‌മെന്റ് വാടക ജൂണില്‍ ഉയര്‍ന്നുവെന്ന് കമ്പനിയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.2014 ജൂണ്‍ മാസത്തില്‍ 1070 യൂറോ വാടകഉണ്ടായിരുന്നതില്‍ നിന്നും 27% വര്‍ദ്ധനവ് !എന്നാല്‍ തങ്ങളുടെ കമ്പനി വാടക കൂട്ടാനുള്ള കാരണങ്ങള്‍ കമ്പനി വിശദീകരിച്ചിട്ടില്ല!വാടക വര്‍ദ്ധിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ അതിനു യാതൊരു കാരണവും കാണിക്കേണ്ടതില്ല!

1566 വീടുകള്‍ വാടകയ്ക്ക് കൊടുത്തിട്ടുള്ള കമ്പനി ഡബ്ലിന്‍ നഗരത്തില്‍ മാത്രം 650 വീടുകള്‍ കൂടി വാങ്ങാന്‍ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്.കമ്പനിയുടെ കഴിഞ്ഞ 6 മാസത്തെ ലാഭം കണക്കു കൂട്ടിയിരിക്കുന്നത് 14.8 മില്യന്‍ യൂറോയാണ്.അതായത് മൊത്ത വരുമാനത്തിന്റെ 15 % മാത്രം.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായാണ് വീട്ടുവാടകയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ വര്‍ദ്ധനവ് ഡബ്ലിനില്‍ മാത്രമല്ല പുറത്തേക്കുകൂടി വ്യാപിച്ചിട്ടുമുണ്ട്.

കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ 7.6ശതമാനത്തോളം വര്‍ദ്ധനവാണ് ഇത്തവണ ഡബ്ലിനില്‍ മാത്രം ഉണ്ടായിരിക്കുന്നത് എന്ന ഡാഫ്റ്റ് കണക്കുകളുടെ ഇരട്ടിയാണ് കമ്പനികള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്ന വാടക എന്നാണ് അയര്‍ലണ്ടിലെ ഏറ്റവും വലിയ പ്രൈവറ്റ് ലാന്‍ഡ് ലോര്‍ഡിന്റെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ വെളിപ്പെടുന്ന വസ്തുത.

നാമയടക്കമുള്ള ഏജന്‍സികള്‍ വീടുകള്‍ വില്‍പ്പനയ്ക്ക് വച്ചതും ,വാടക കൂടിയേക്കാംഎന്ന ധാരണയില്‍ ഉടമകള്‍ വീട് വാടകയ്ക്ക് വയ്ക്കാത്തതുമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.നാമയുടെ വീടുകള്‍ വാടകയ്ക്ക് വെച്ചാല്‍ പോലും പരിഹരിക്കാവുന്നതെയുള്ളൂ ഡബ്ലിനിലെ വാടകപ്രശ്‌നം എന്ന് വിദഗ്ദര്‍ വിലയിരുത്തുമ്പോള്‍ പിടിപ്പുകേടിനു കാരണം ഏജന്‍സികള്‍ മാത്രമല്ല സര്‍ക്കാര്‍ നയങ്ങളും എന്ന് വ്യക്തം.

Scroll To Top