Sunday May 28, 2017
Latest Updates

വാടക പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് :400 യൂറോ വരെ ഒറ്റയടിയ്ക്ക് കൂട്ടാനൊരുങ്ങി ഉടമകള്‍ 

വാടക പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് :400 യൂറോ വരെ ഒറ്റയടിയ്ക്ക് കൂട്ടാനൊരുങ്ങി ഉടമകള്‍ 

ഡബ്ലിന്‍:ഹൗസിംഗ് പ്രതിസന്ധി നിയന്ത്രണവിധേയമല്ലെന്ന സൂചന നല്കിക്കൊണ്ട് വാടക നിരക്ക് പിടികിട്ടാത്ത ഉയരങ്ങളിലേക്ക് നീങ്ങുന്നു.പുതിയ ഭവന വാടക നയം പുറത്തു വന്നതോടെ നൂറുകണക്കിന് വീട്ടുടമകള്‍ വാടക വീണ്ടും  കുത്തനെ ഉയര്‍ത്താന്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ്. ഡബ്ലിനില്‍ വസ്തു വിലയും എക്കാലത്തെയും ഉന്നതിയിലെത്തിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഹൗസിങ്ങ് മാനേജ്‌മെന്റ്‌റ് ഗ്രൂപ്പുകളും,കൂടുതല്‍ വീടുകള്‍ ഉടമസ്ഥതയിലുള്ള വീട്ടുടമകളും വാടക ഉയര്‍ത്താന്‍ യോജിച്ചു പദ്ധതിയുണ്ടാക്കി പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോട്ടുകള്‍. 

ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് വാടക നിരക്ക് ഒമ്പത് ശതമാനമാണ് വര്‍ദ്ധിച്ചതെന്ന പ്രൈവറ്റ് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് (പിആര്‍റ്റിബി) റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വന്നു. ഹൗസിംഗ് പ്രതിസന്ധി അനിയന്ത്രിതമായിരിക്കുന്നുവെന്ന് ഹോംലെസ് ചാരിറ്റിയായ സൈമണ്‍ കമ്മ്യുണിറ്റി ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ വര്‍ഷം സിംഗിള്‍ പ്രൈവറ്റ് പ്രോപ്പര്‍ട്ടിക്ക് പ്രതിമാസ വാടക 700 യൂറോ ആയിരുന്നത് ഇപ്പോള്‍ 900 യൂറോ ആയാണ് ഉയര്‍ന്നിരിക്കുന്നത് എന്നാണു റിപ്പോര്‍ട്ട് പറയുന്നതെങ്കിലും ആ വിലയ്ക്ക് നഗരങ്ങളില്‍ വാടകയ്ക്ക് വീടുകള്‍ ലഭിക്കാനില്ല.

അയര്‍ലണ്ടിലെ അഞ്ചിലൊന്ന് കുടുംബങ്ങളും സ്വകാര്യ മേഖലയെയാണ് വാടകയ്ക്ക് താമസിക്കുന്നതിനായി ആശ്രയിക്കുന്നത്. എന്നാല്‍ 2007ല്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ വാടക നിരക്കിനെ അപേക്ഷിച്ച് വെറും 11 ശതമാനം കുറവാണ് മാത്രമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എട്ടു വര്‍ഷം മുമ്പുണ്ടായ ഉയര്‍ന്ന വാടക നിരക്കിനെ അപേക്ഷിച്ച് ഇപ്പോള്‍ ഡബ്ലിനില്‍ 2.3 ശതമാനം കുറവ് മാത്രം.ഡബ്ലിനു പുറത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ വരെയുള്ള മൂന്നു മാസങ്ങളില്‍ വാടക 8.5 ശതമാനം ഉയര്‍ന്നു. പ്രതിമാസം ഡബ്ലിനിലെ വീടുകള്‍ക്ക് വാടയിനത്തില്‍ല്‍ 120 യൂറോയും അപ്പാര്‍ട്ടമെന്റുകള്‍ക്ക് 96 യൂറോയും വര്‍ദ്ധനവുണ്ടാകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

പുതിയ വാടക നിയമപ്രകാരം രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വാടക വര്‍ദ്ധപ്പിക്കാന്‍ പാടുള്ളൂവെന്ന് പിആര്‍ടിബി ഡയറക്ടര്‍ ആനി മേരി പറഞ്ഞു.പക്ഷെ ഡിസംബര്‍ ആദ്യവാരം പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ചില പ്രദേശങ്ങളില്‍ ഒറ്റയടിയ്ക്ക് 400 യൂറോ വരെ വര്‍ദ്ധിപ്പിക്കുന്നതായി വാര്‍ത്തകളുണ്ട്.ലുവാസ് ഗ്രീന്‍ ലൈന്‍ മേഖലയിലാണ് ഏറ്റവും കൂടുതലായി വാടക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

പുതിയ നിയമമനുസരിച്ച വാടക ഉയര്‍ത്തുന്നതായുള്ള മുന്നറിയിപ്പ് ഉടമ 90 ദിവസം മുമ്പ് വാടകക്കാരനെ അറിയിച്ചിരിക്കണം. നേരത്തെ 28 ദിവസം മുമ്പ് മതിയായിരുന്നു. 



Scroll To Top