Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ വാടകനിരക്കുകള്‍ കുതിച്ചുയരുമെന്ന് വീണ്ടും സൂചനകള്‍,200 യൂറോയുടെ വര്‍ദ്ധനവ് വരെ പ്രതീക്ഷിക്കാമെന്ന് ഭവനമേഖലയിലെ വിദഗ്ദര്‍

അയര്‍ലണ്ടിലെ വാടകനിരക്കുകള്‍ കുതിച്ചുയരുമെന്ന് വീണ്ടും സൂചനകള്‍,200 യൂറോയുടെ വര്‍ദ്ധനവ് വരെ പ്രതീക്ഷിക്കാമെന്ന് ഭവനമേഖലയിലെ വിദഗ്ദര്‍

ഡബ്ലിന്‍:റെന്റ് ഫ്രീസിംഗ് നിലവിലിരിക്കെ തന്നെ അയര്‍ലണ്ടിലെ വാടകനിരക്കുകള്‍ വീണ്ടും കുതിച്ചുരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.നിലവില്‍ രാജ്യത്തെ ശരാശരി വാടക 1,000 യൂറോയിലേറെയാണ്.എന്നാല്‍ ഡബ്ലിനില്‍ ഇത് 1,580 ആണ്.അതായത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12% അധികം.

2016ന്റെ മൂന്നാം പാദം വച്ചുനോക്കുമ്പോള്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് സാമ്പത്തിക വിദഗദ്ധനായ റോണന്‍ ലിയോണ്‍സ് പറയുന്നു. രാജ്യത്തെ വാടകനിരക്കുകള്‍ എക്കാലത്തെയും ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയാണ്. ഇതിനു പുറമെ 2016ലെ ഏറ്റവും വലിയ പണപ്പെരുപ്പം ഉണ്ടായിട്ടുള്ളതും ഈ കാലയളവിലാണ്.

ഡബ്ലിനിലെ വാടകനിരക്ക് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പതിനഞ്ചു ശതമാനം വരെ വര്‍ദ്ധിച്ചാലും അതിശയിക്കേണ്ടതില്ലെന്നാണ് ഭവന ഏജന്‍സികളിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭവന ദൗര്‍ലഭ്യം ഈ വര്‍ഷം ഉണ്ടായേക്കാമെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കു കൂട്ടലെന്ന് മൈ ഹോം.കോം പഠനം പറയുന്നു.ചുരുങ്ങിയത് ഇരുനൂറു യൂറോയുടെ വര്‍ദ്ധനവ് വരെ ഉണ്ടായേക്കാമത്രേ

ഡബ്ലിനില്‍ 1,400ലേറെ വീടുകള്‍ മാത്രമാണ് ഒക്ടോബറില്‍ വാടകയ്ക്ക് കൊടുക്കാന്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 200 വീടുകളുടെ കുറവാണ് ഇത്.ഡബ്ലിനിലേയ്ക്ക് വന്ന് ചേരുന്ന കുടിയേറ്റക്കാരുടെ എണ്ണവും ദിനം പ്രതിയാണ് വര്‍ദ്ധിക്കുന്നത്.

കോര്‍ക്കിലെ ശരാശരി വാടക 1,087 യൂറോയും, ഗാല്‍വേയിലേത് 962 യൂറോയും ആണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളിലും വാടക വര്‍ദ്ധിച്ചിരിക്കുകയാണ്.

മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരില്‍ വളരെയേറെപ്പേര്‍ ഇപ്പോള്‍ വീടുകള്‍ വാങ്ങാന്‍ പരിശ്രമിക്കുന്നവരാണ്.എന്നാല്‍ ആവശ്യത്തിന് വീടുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലെന്നതും അയര്‍ലണ്ടിനെ നേരിടുന്ന വെല്ലുവിളിയാണ്.

നിശ്ചിത കാലത്തേയ്ക്ക് മാത്രം എന്ന പ്രതീക്ഷയില്‍ അയര്‍ലണ്ടിലേക്ക് കുടിയേറിയവരുടെ അടുത്ത തലമുറ പ്രാഥമിക വിദ്യാഭ്യാസഘട്ടം കഴിയുന്നതോടെ ഇവിടെ തുടരാന്‍ മാതാപിതാക്കളും കുട്ടികളും ചേര്‍ന്ന് തീരുമാനിയ്ക്കുന്നതോടെ വാടക വീടുകള്‍ ഉപേക്ഷിക്കാനും സ്ഥിര സംവിധാനം എന്ന നിലയില്‍ വീടുകള്‍ തേടുകയും ചെയ്യുമ്പോഴാണ് നഗരപ്രദേശങ്ങളില്‍ വീടുകള്‍ ലഭ്യമല്ലാത്ത സ്ഥിതിവിശേഷം സംജാതമാകുന്നത്.
ഇതോടെ കൂടിയ വാടകയ്ക്ക് തന്നെ തുടരാന്‍ മിക്കവരും നിര്‍ബന്ധിതരാവുകയും ചെയ്യേണ്ടി വന്നിരിക്കുകയാണ്.

Scroll To Top