Saturday January 20, 2018
Latest Updates

വാടക നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് മന്ത്രി,അയര്‍ലണ്ടില്‍ ഭവന പ്രതിസന്ധി പുകയുന്നു

വാടക നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് മന്ത്രി,അയര്‍ലണ്ടില്‍ ഭവന പ്രതിസന്ധി പുകയുന്നു

ഡബ്ലിന്‍:ബുധനാഴ്ച സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിക്കാനായിരിക്കുന്ന പുതിയ കടനിബന്ധനകള്‍ക്ക് വിധേയമായി മോര്‍ട്ട്‌ഗേജ് ഡിപ്പോസിറ്റ് താഴ്ത്തുന്നതോടെ ഭവനവിലയില്‍ കുതിച്ചുകയറ്റം ഉണ്ടാകുമെന്നു വിദഗ്ധര്‍.ഡിപ്പോസിറ്റ് കുറയ്ക്കുന്നത് ജനങ്ങളെ സഹായിക്കാനല്ല മറിച്ച് വില്പനക്കാരെ സഹായിക്കാന്‍ തന്നെയാണ് എന്നാണ് ഉപഭോക്തൃ സംഘടനകളും ചൂണ്ടിക്കാട്ടുന്നത്.ഡിപ്പോസിറ്റ് തുക കുറയ്ക്കുന്നതോടെ വിപണിയിലേക്ക് ആവശ്യക്കാര്‍ കൂടുതല്‍ എത്തുകയും അവയ്ക്കനുസരിച്ച് വില വര്‍ദ്ധിക്കുകയും ചെയ്‌തേക്കും.പത്തു ശതമാനം വരെയായി ഡിപ്പോസിറ്റ് തുക കുറയ്ക്കുമെന്നാണ് സൂചനകള്‍.

ഏത് വിധേനെയും വീട് വാങ്ങാന്‍ കാത്തിരിക്കുന്ന ആവശ്യക്കാരില്‍ ഒരു വിഭാഗം ഡിപ്പോസിറ്റ് തുക കുറയ്ക്കുമ്പോള്‍ തന്നെ വിപണിയിലേക്ക് ഇരച്ചു കയറുമെന്നും വന്‍ തുകയ്ക്ക് വീടുകള്‍ വാങ്ങുമെന്നുമുള്ള സന്തോഷത്തിലാണ് ഇപ്പോള്‍ വില്‍പ്പനക്കാര്‍.

ഒക്‌റ്റോബറിലെ ബജറ്റില്‍ ടാക്‌സ് ക്രഡിറ്റായി ഫസ്റ്റ് ടൈം ബയേഴ്സിന് മുടക്കുമുതലിന്റെ ഒരു ഭാഗം തിരികെ നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.ഈ കാരണം കൊണ്ട് തന്നെ ഏറെ പേര്‍ വീട് വാങ്ങാന്‍ ഇപ്പോള്‍ മുമ്പോട്ടു വരുന്നുണ്ട്.എന്നാല്‍ ഡിപ്പോസിറ്റ് തുകയില്‍ ഇനി ഇളവ് അനുവദിക്കുന്നതോടെ വീണ്ടും ആവശ്യക്കാര്‍ രംഗത്തു വരികയും വില കൂടുകയും ചെയ്യും.എന്നാല്‍ ടാക്‌സ് ക്രഡിറ്റ് 20000 യൂറോ വരെ ഉള്ളതിനാല്‍ വീട് വാങ്ങാന്‍ എത്തുന്നവര്‍ക്ക് നഷ്ടമൊന്നും സംഭവില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം അവകാശപ്പെടുന്നത്.rent1

രാജ്യത്തെ വാടക കുത്തനെ ഉയരുകയായതിനാല്‍ വീട് വാങ്ങുവാന്‍ തയാറെടുക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്.ഇപ്പോള്‍ വീട് വാങ്ങണോ അഥവാ രാജ്യത്തിന്റെ സാമ്പത്തികനിലവാരത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് കാത്തിരുന്നതിനു ശേഷം പിന്നീടത്തെയ്ക്ക് മാറ്റി വെയ്ക്കണമോ എന്ന കാര്യത്തില്‍ ആര്‍ക്കും തീരുമാനമെടുക്കാനാവുന്നില്ല.rent-2

ബ്രെക്‌സിറ്റും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും വഴി വില കുറയുമെന്ന ധാരണ മിക്കവര്‍ക്കും ഉണ്ടെങ്കിലും വിപണിയിലെ വീടുകളുടെ ലഭ്യതക്കുറവ് ഇനിയും വില കൂടാനുള്ള പ്രേരകഘടകമായി നിലനില്‍ക്കുകയാണ്.

വാടക നിയന്ത്രണമേര്‍പ്പെടുത്താന്‍ താനുദ്ദേശിക്കുന്നില്ലെന്നാണ് ഭവനമന്ത്രി സിമോണ്‍ കൊവേനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.സര്‍ക്കാരിന് വാടക കൂടുന്നതിനെ കുറിച്ച് യാതൊരു ആശങ്കകളും ഇല്ലെന്നാണ് അതിന്റെയര്‍ഥം.
ഇപ്പോള്‍ ഇവിടെയുയരുന്ന ചോദ്യം ഇതാണ്; സര്‍ക്കാരിന് ഉത്തരവാദിത്വം ഇല്ലെങ്കില്‍ രാജ്യത്തിന്റെ ഹൗസിങ് പോളിസി തീരുമാനിക്കുന്നത് ആരാണ്? വന്‍ പണച്ചാക്കുകളായ വീട്ടുടമകളോ,സര്‍ക്കാരിനെ വരുതിയില്‍ നിര്‍ത്തുന്ന വള്‍ച്ചര്‍ ഫണ്ടുടമകളോ?rent3

2008ല്‍ സംഭവിച്ച സാമ്പത്തിക മാന്ദ്യത്തോട് അന്നത്തെ സര്‍ക്കാര്‍ നേരിട്ട സമീപനമാണ് ഇന്നത്തെ വലിയ ഭവനപ്രതിസന്ധിക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗദ്ധനായ റോറി ഹേണ്‍ പറയുന്നത്.മോര്‍ട്ട് ഗേജ് ഏറ്റെടുത്ത സര്‍ക്കാര്‍ ഏജന്‍സി തന്നെയായ നാമയുടെയും ഐറിഷ് ബാങ്കുകളുടെയും കടങ്ങള്‍ വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് വില്‍ക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ അവലംബിച്ചത്. സാധാരണക്കാര്‍ അവഗണിക്കപ്പെട്ടു.നാമയുടെ പ്രോപ്പര്‍ട്ടികള്‍ വിദേശ കുത്തകകള്‍ക്ക് വില്‍ക്കുക വഴി പ്രോപ്പര്‍ട്ടികളുടെ വാടക വര്‍ദ്ധിച്ചു.വിദേശ കമ്പനികള്‍ തീരുമാനിക്കുന്നതാണ് വാടക എന്ന സ്ഥിതി സംജാതമായി.

ഇതുകൂടാതെ വിദേശ പ്രോപ്പര്‍ട്ടി നിക്ഷേപകരെ ആകര്‍ഷിക്കാനായി അന്നത്തെ സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് ടാക്സ് കുറയ്ക്കുകയും ചെയ്തു . ഇവിടെ നിക്ഷേപിച്ച പണം തിരികെ പിടിക്കാനായി വിദേശ കുത്തകകള്‍ തോന്നുംവിധം വാടക കൂട്ടാന്‍ ആരംഭിച്ചു. ഇതാണ് ഇന്നു കാണുന്ന സ്ഥിതിയിലേയ്ക്ക് രാജ്യത്തെ വാടകമേഖലയെ എത്തിച്ചത്.

ഇപ്പോഴും തങ്ങളുടെ പോളിസി ശരിയാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇതിനു പറയുന്ന ന്യായം.വാടകയ്ക്ക് നാനൂറും അഞ്ഞൂറും വീടുകള്‍ മുതല്‍ ആയിരം വീടുകള്‍ വരെ സ്വന്തമാക്കിയ ഇത്തരം വിദേശ കമ്പനികളാണ് അയര്‍ലണ്ടിലെ വീടുകള്‍ കൂടിയ തുകയ്ക്ക് വാടകയ്ക്ക് കൊടുത്ത് കൊണ്ട് മില്യണുകള്‍ ലാഭമുണ്ടാക്കുന്നത്.2377 വീടുകള്‍ സ്വന്തമായുള്ള ഐറസ് രൈറ് (Ires Reit)ആണ് ഇക്കൂട്ടത്തിലെ വമ്പന്‍.

വന്‍ തുകയാണ് വാടകയിനത്തില്‍ ഈ കമ്പനികള്‍ക്ക് അയര്‍ലണ്ടില്‍ നിന്നും ലഭിക്കുന്നത്. 2016 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ (മൂന്നു മാസങ്ങള്‍ കൊണ്ട്)വാടകയിനത്തില്‍ വിദേശ നിക്ഷേപകര്‍ക്ക് ലഭിച്ച തുക എത്രയെന്നു കേള്‍ക്കണോ?5.5 മില്ല്യണ്‍ യൂറോ! കഴിഞ്ഞ വര്‍ഷം(2014)ഇതേകാലയളവില്‍ ഇത് 3.6 മില്ല്യണ്‍ യൂറോ ആയിരുന്നു.അമ്പതു ശതമാനത്തില്‍ അധികം വര്‍ദ്ധനവ്!.

ഇനിയും വാടക കൂട്ടുവാന്‍ സര്‍ക്കാര്‍ കുത്തകകള്‍ക്ക് കൂട്ട് നില്‍ക്കുകയാണെങ്കില്‍ അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്ക് സമരരംഗത്തേയ്ക്ക് ഇറങ്ങേണ്ടിവരുമെന്നത് തീര്‍ച്ചയാണ്..

ഗ്രാമ മേഖലയിലും ചെറുകിട പട്ടണങ്ങളിലും ഇപ്പോള്‍ താമസിക്കുന്നവര്‍ക്ക് വീടുകള്‍ ലഭിച്ചേക്കുമെങ്കിലും നഗരങ്ങളിലെ ഭവന പ്രതിസന്ധി രൂക്ഷമാണ്.ഡബ്ലിന്‍ നഗരത്തില്‍ മാത്രമുള്ള കുടിയേറ്റക്കാരുടെ സംഖ്യ ആകെ ജനസംഖ്യയുടെ 25 ശതമാനം വരും.ഇവരില്‍ 85 ശതമാനം പേരും വാടകവീടുകളിലാണ് താമസിക്കുന്നതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.ശരാശരി വാടക 1400 എന്ന നിലവാരത്തിലേക്ക് ഉയരുമ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ ഉഴലുകയാണ് മിക്ക കുടിയേറ്റ കുടുംബങ്ങളും.പ്രദേശവാസികള്‍ മിക്കവരും സ്വന്തമായി വീടുകള്‍ ഉള്ളവരാണ് എന്നതിനാലും,ഇവരില്‍ പലരും വീടുകള്‍ വാടകയ്ക്ക് കൊടുക്കുന്നവരാണ് എന്നതിനാലും കുടിയേറ്റക്കാരെ സഹായിക്കാന്‍ താത്പര്യപ്പെടണമെന്നില്ല.വാട്ടര്‍ ചാര്‍ജിനെതിരെയുള്ള സമരത്തില്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരന്നെങ്കിലും ഭവനമേഖലയില്‍ വാടക കുറയ്ക്കാനോ,കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാനോ കുടിയേറ്റക്കാരെ സഹായിക്കാന്‍ ആരും ഉണ്ടാവില്ലെന്ന് ചുരുക്കം.

കുത്തകകളെയും,വന്‍കിടക്കാരായ വീട്ടുമടമസ്ഥരെയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കുടിയേറ്റക്കാര്‍ക്ക് നിസാരമായി ആരംഭിയ്ക്കാവുന്നതേയുള്ളു സമര പരിപാടികള്‍. കഴിഞ്ഞ വര്‍ഷം വാട്ടര്‍ ചാര്‍ജ് അടയ്ക്കാതെ സമരം ചെയ്തു ജനം ജയിച്ചത് പോലെ ഒന്നോ രണ്ടോ മാസങ്ങളിലെ വീട്ടുവാടക മുടക്കി സമരം പ്രഖ്യാപിച്ചാല്‍ കുത്തകകളും സര്‍ക്കാരും നോക്കുകുത്തികളാവാതെ തരമില്ല.അള മുട്ടിച്ചു ചേരയെ കൊണ്ട് കടിപ്പിക്കാനുള്ള കളമൊരുക്കുകയാണ് ഇപ്പോള്‍ അയര്‍ലണ്ടിലെ ഭരണാധികാരികള്‍.

റെജി സി ജേക്കബ്

rent-4

Scroll To Top