Tuesday February 21, 2017
Latest Updates

ബാബുവും ഇബ്രാഹിംകുഞ്ഞും ആരോപണവിധേയര്‍, മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം; പിണറായി

ബാബുവും ഇബ്രാഹിംകുഞ്ഞും ആരോപണവിധേയര്‍, മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം; പിണറായി

തിരുവനന്തപുരം: കെ.എം. മാണിക്ക് പുറമെ എക്‌സൈസ് മന്ത്രി കെ.ബാബുവും പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് ഇവരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബാബുവിന് കൂട്ടുകച്ചവടമുണ്ടെന്ന് നാട്ടില്‍ പരക്കെ സംസാരമുണ്ടെന്നും ഇതില്‍ ഒരു ഭാഗം മാത്രമാണ് ഇന്നലെ ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയതെന്നും പിണറായി ആരോപിച്ചു. ഉമ്മന്‍ചാണ്ടിയെ കോടികള്‍ കൊടുത്ത് സഹായിച്ചത് ബാബുവാണെന്നും മുഖ്യമന്ത്രിക്ക് വേണ്ടിയും ബാബു പണം വാങ്ങിയെന്നും പിണറായി പറഞ്ഞു. കെ എം മാണിയെ കൂടാതെ കെ ബാബുവടക്കം മൂന്ന് മന്ത്രിമാര്‍ ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന് ഇന്നലെ ബിജു രമേശ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു.

മന്ത്രിമാര്‍ അഴിമതിക്കാരാകുന്നത് മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥത കൊണ്ടാണ്. കോടതിയുടെ വിമര്‍ശനങ്ങള്‍ പോലും മുഖ്യമന്ത്രി ഗൗനിക്കുന്നില്ല. വിമര്‍ശനങ്ങള്‍ പുരസ്‌കാരമാണെന്നാണ് ഉമ്മന്‍ചാണ്ടി കരുതുന്നത്. നാണക്കേടിന്റെ രാഷ്ട്രീയ സംസ്‌കാരമാണ് ഉമ്മന്‍ചാണ്ടി വളര്‍ത്തിയെടുക്കുന്നതെന്നും പിണറായി പറഞ്ഞു.

ബാര്‍കോഴയില്‍ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് പുറത്തുവന്നത്. ഇനിയും പല കാര്യങ്ങളും പുറത്തുവരാനുണ്ട്. ബിജു രമേശ് പറഞ്ഞ മറ്റ് രണ്ട് മന്ത്രിമാര്‍ ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും പിണറായി പറഞ്ഞു.

മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ ഗണേഷ് കുമാറിന്റെ ആരോപണങ്ങളും അന്വേഷിക്കണമെന്ന് പിണറായി പറഞ്ഞു. ഗണേഷിന് ലീഗിനോടോ ഇബ്രാഹിംകുഞ്ഞിനോടോ വ്യക്തിവൈരാഗ്യം ഉണ്ടെന്ന് കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.

Scroll To Top