Tuesday September 19, 2017
Latest Updates

മലയാളികളുടെ സ്മൃതിമണ്ഡപത്തില്‍ അഞ്ജലിബദ്ധരായ് കോര്‍ക്ക് നിവാസികള്‍,ഇതാണ് സ്‌നേഹത്തിന്റെ പര്യായം !

മലയാളികളുടെ സ്മൃതിമണ്ഡപത്തില്‍ അഞ്ജലിബദ്ധരായ് കോര്‍ക്ക് നിവാസികള്‍,ഇതാണ് സ്‌നേഹത്തിന്റെ പര്യായം !

കോര്‍ക്ക് ;കോര്‍ക്കിലെ ബ്ലാക്ക് റോക്കിലുള്ള സെന്റ് മൈക്കിള്‍സ് സിമിത്തേരിയില്‍ അടക്കം ചെയ്തിരിക്കുന്ന ആ രണ്ടു മലയാളികളുടെ ശവകുടീരത്തിനു മുമ്പില്‍ ഇന്നലെ നമ്രശിരസ്‌കരായി നിന്ന നൂറുകണക്കിന് പേര്‍ ആ കോട്ടയംകാരെ ഒരിക്കല്‍ പോലും ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്തവരായിരുന്നു.എങ്കിലും വര്‍ഷം തോറും ചിലരെങ്കിലും അവിടെ എത്തി ആ ശവക്കല്ലറയ്ക്ക് മുമ്പില്‍ പുഷ്‌പോപഹാരങ്ങള്‍ അര്‍പ്പിക്കുന്നവരായിരുന്നു.harr

ഇതാണ് കോര്‍ക്കിലെ ജനങ്ങള്‍…1985 ജൂണ്‍ 23 ന്റെ ദുരിതത്തില്‍ മരിച്ച രണ്ടേ രണ്ടു പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് അയര്‍ലണ്ടില്‍ തന്നെ സംസ്‌കരിച്ചത്.കോട്ടയം സ്വദേശികളായ അന്ന മരിയ അലക്‌സാണ്ടറുടെയും മകള്‍ റീന അലക്‌സാണ്ടറുടെയും മാത്രം.ഒരു മലയാളി പോലും കോര്‍ക്കില്‍ താമസമില്ലാത്ത അക്കാലത്ത് ആ അമ്മയുടെയും മകളുടെയും സംസ്‌കാരത്തില്‍ നൂറു കണക്കിന് പേരാണ് പങ്കെടുത്തതെന്ന് ദൃക് സാക്ഷികള്‍ പറയുന്നു.

ആ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഒട്ടേറെ പേര്‍ ഇന്നലെ രാവിലെ ബ്ലാക്ക് റോക്കില്‍ സംഘടിപ്പിച്ച പ്രത്യേക അനുസ്മരണാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.മുപ്പതു വര്‍ഷത്തിന് ശേഷവും ഒളിമങ്ങാത്ത ഓര്‍മ്മകളോടെ,തങ്ങള്‍ക്ക് തികച്ചും അജ്ഞാതരായ ആ സുഹൃത്തുക്കളുടെ ശവകുടീരത്തില്‍.

ആ അമ്മയും മകളും ഒറ്റപ്പെട്ടു പോയവരായിരുന്നു!.ദുരന്തത്തില്‍ മരിച്ചവരില്‍ ശവശരീരം ലഭ്യമായ ബാക്കി എല്ലാവരുടേയും ബോഡികള്‍ അവരവരുടെ നാടുകളിലേയ്ക്ക് കൊണ്ട് പോയിരുന്നു.

പക്ഷേ അന്നമ്മയുടെയും റീനയുടെയും ശരീരങ്ങള്‍ മാത്രം കോര്‍ക്കിന്റെ മണ്ണില്‍ സംസ്‌കരിക്കാന്‍ കാരണം എന്തായിരുന്നു?ആ അന്വേഷണങ്ങള്‍ക്ക് കോര്‍ക്കിലെ ജനങ്ങള്‍ മറുപടി പറഞ്ഞതും ഒരു കദനകഥയുടെ ബാക്കി പത്രമായിരുന്നു.’കാനഡയില്‍ നിന്നും ഇന്ത്യയ്ക്ക് അവധിക്കാല യാത്ര ചെയ്തിരുന്ന ആ യാത്രാസംഘത്തില്‍ കുടുംബം ഒന്നടക്കമാണ് അഞ്ചനാട്ട് കുടുംബം സഞ്ചരിച്ചിരുന്നത്.കോട്ടയത്തെ അഞ്ചനാട്ട് അലക്‌സാണ്ടര്‍,അന്നമ്മ അലക്‌സാണ്ടര്‍,റീന അലക്‌സാണ്ടര്‍ ,സൈമണ്‍ അലക്‌സാണ്ടര്‍,സൈമണ്‍ ജൂനിയര്‍ അലക്‌സാണ്ടര്‍,എന്നിങ്ങനെയാണ് യാത്രികരുടെ ലിസ്റ്റില്‍ അവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ദുരന്തത്തില്‍ കോട്ടയത്തെ ആ കുടുംബം ഒന്നടക്കം പെട്ട് പോകുകയായിരുന്നു.

അന്നമ്മയുടെയും റീനയുടെയും ഒഴികെയുള്ള മൂന്നു പേരുടെയും ശരീരങ്ങള്‍ കടല്‍ തിരിച്ചു നല്‍കിയില്ല!.ദുരന്തത്തില്‍ കാണാതായവരുടെയൊപ്പം ബാക്കി മൂന്നു പേരും എണ്ണപ്പെടുകയായിരുന്നു.പ്രിയപ്പെട്ടവരില്ലാതെ അവരെ മാത്രം കേരളത്തിലേയ്ക്ക് കൊണ്ട് പോകേണ്ടെന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നത്രേ!

ഐറിഷ് തീരം ഏറ്റു വാങ്ങിയ പ്രിയപ്പെട്ടവര്‍ക്ക് തൊട്ടടുത്തായ തീരഭൂവില്‍ അവര്‍ക്ക് അന്ത്യ വിശ്രമം ഒരുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കോര്‍ക്കില്‍ അവരെ സംസ്‌കരിക്കുകയായിരുന്നു.അന്ന് സംസ്‌കാരത്തിന് ശേഷം വിതുമ്പിയ ഇന്ത്യയില്‍ നിന്നെത്തിയ ബന്ധുക്കളോട് കോര്‍ക്കിലെ ആ മനുഷ്യ സ്‌നേഹികള്‍ പറഞ്ഞത്രേ.’ഈ ശവകുടീരം ഞങ്ങള്‍ കാത്തോളാം…ഇവിടെ ഞങ്ങള്‍ അവരുടെ ഓര്‍മ്മദിവസങ്ങളില്‍ പുഷ്പ ചക്രങ്ങള്‍ അര്‍പ്പിച്ചു കൊള്ളാം…ഇവര്‍ ഇനി ഞങ്ങളുടെയും ബന്ധുക്കളാണ്’.

കേരളത്തില്‍ നിന്നും ബന്ധുക്കള്‍ എല്ലാ വര്‍ഷവും ഇവിടെ എത്താനുള്ള സാദ്ധ്യതകള്‍ കുറവാണെന്ന് അറിഞ്ഞ കരുതലോടെ കോര്‍ക്കിലെ ജനങ്ങള്‍ അവരുടെ വാക്കുകള്‍ പാലിക്കുന്നു.ഇന്നലെ രാവിലെ 10 മണിയോടെ നൂറോളം പ്രദേശവാസികളാണ് ബ്ലാക്ക് റോക്കിലെ ഇവരുടെ ശവകുടീരത്തില്‍ എത്തിയത്.നേരത്തെ വിശുദ്ധ കുര്‍ബാനയോട് അനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനാ ശിശ്രൂഷകള്‍ നടന്നു.ശവകുടീരത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രാദേശിക സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലി.സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കോര്‍ക്ക് ഫയര്‍ ബ്രിഗേഡിലെ അംഗങ്ങള്‍,സിറ്റി കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങി ഒട്ടേറെ പ്പേര്‍ അന്നമ്മ അലക്‌സാണ്ടറുടെയും,റീന അലക്‌സാണ്ടറുടെയും അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഫോട്ടോ ഹാരി തോമസ് / റിപ്പോര്‍ട്ട്:റെജി സി ജേക്കബ്

Scroll To Top