Thursday December 08, 2016
Latest Updates

കഴിഞ്ഞ വര്‍ഷം ഓരോ മിനുട്ടിലും പാലായനം ചെയ്തവര്‍ 24 പേര്‍ !

കഴിഞ്ഞ വര്‍ഷം ഓരോ മിനുട്ടിലും പാലായനം ചെയ്തവര്‍ 24 പേര്‍ !

ഡബ്ലിന്‍:സിറിയയടക്കമുള്ള ലോകത്തെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഒരു മിനിറ്റില്‍ 24 പേര്‍ വീതം നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയരാക്കപ്പെട്ടതായി യുഎന്‍ റെഫ്യൂജി ഏജന്‍സിയുടെ (യുഎന്‍എച്ച്‌സിആര്‍) കണക്കുകള്‍. മാതൃരാജ്യത്തിനുള്ളില്‍ത്തന്നെ വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നവര്‍ 65.3 മില്ല്യണ്‍ ആണ്. 1996ലെ കണക്കനുസരിച്ച് 75% വര്‍ദ്ധനവാണ് ഇത്.

നിര്‍ബന്ധിത പലായനത്തിനു വിധേയരായവരെയെല്ലാം കൂടി ഒരു രാജ്യമായി പരിഗണിച്ചാല്‍ ലോകത്തെ ഏറ്റവും വലിയ 21ാമത്തെ രാജ്യമാകും അതെന്ന് ഗ്ലോബല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവരില്‍ പകുതിപ്പേര്‍ കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം അനാഥരായി അഭയാര്‍ത്ഥി ക്യാംപിലെത്തപ്പെട്ട കുട്ടികളുടെ എണ്ണം മൂന്നു മടങ്ങായി വര്‍ദ്ധിച്ച് 98,400ലെത്തി.

2015ല്‍ ലോകത്താകമാനം 21.3 മില്ല്യണ്‍ പേര്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ ആദ്യമായാണ് അഭയാര്‍ത്ഥികളുടെ എണ്ണം ഇത്രയും വര്‍ദ്ധിക്കുന്നത്.

അയര്‍ലണ്ടില്‍ നിലവില്‍ 6,125 അഭയാര്‍ത്ഥികളുള്ളതായാണ് കണക്ക്. 2014ല്‍ ലോകത്താകമാനം അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതല്‍ പേര്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടത് 2015ലാണ് എന്നും യുഎന്‍എച്ച്‌സിആര്‍ വ്യക്തമാക്കുന്നു.

അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര കലാപമാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചിരിക്കുന്നത്. 2015 അവസാനത്തോടെ 11.7 മില്ല്യണ്‍ സിറിയക്കാരാണ് അഭയാര്‍ത്ഥികളാക്കപ്പെട്ടത്. സിറിയയ്ക്കു പുറമെ അഫ്ഗാനിസ്ഥാന്‍, കൊളംബിയ, കോംഗോ റിപ്പബ്ലിക്, ഇറാഖ്, നൈജീരിയ, സൊമാലിയ, സുഡാന്‍, സൗത്ത് സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നത്. മെഡിറ്ററേനിയന്‍ കടല്‍ താണ്ടി യൂറോപ്പിലെത്താനുള്ള ശ്രമത്തിനിടെ 3,770 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ജീവനാശമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

38 യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറായെങ്കിലും പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളാണ് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയത്. യൂറോപ്പിലെത്തിയ അഭയാര്‍ത്ഥികളില്‍ 50 ശതമാനത്തിനും അഭയം നല്‍കിയത് ജര്‍മ്മനിയും സ്വീഡനുമാണ്.

Scroll To Top