Tuesday December 06, 2016
Latest Updates

കടല്‍ കടന്ന് അയര്‍ലണ്ടിലേയ്ക്കും അനധികൃതമായി വന്‍തോതില്‍ അഭയാര്‍ഥികള്‍ ഒഴുകിയെത്തുന്നു?

കടല്‍ കടന്ന്  അയര്‍ലണ്ടിലേയ്ക്കും അനധികൃതമായി വന്‍തോതില്‍ അഭയാര്‍ഥികള്‍ ഒഴുകിയെത്തുന്നു?

ഡബ്ലിന്‍:കടല്‍ കടന്ന് അനധികൃത യാത്രാ സംവിധാനങ്ങള്‍ ഉപയോഗിച്ച് അയര്‍ലണ്ടിലേയ്ക്ക് വന്‍ തോതില്‍ കുടിയേറ്റ അഭയാര്‍ഥികള്‍ എത്തുന്നതായി ഗാര്‍ഡ.തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ എത്തിയ ഏതാനം അഭയാര്‍ഥികളെ കഴിഞ്ഞ ദിവസങ്ങളില്‍ പിടി കൂടിയതോടെയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്.യൂറോപ്പില്‍ ഏറ്റവും സുരക്ഷിതമായി ഒളിച്ചു താമസിക്കാന്‍ പര്യാപ്തമാണെന്ന ധാരണയിലാണ് ഇവരില്‍ പലരും രാജ്യത്ത് എത്തുന്നത്.പിടി കൂടിയാല്‍ തന്നെ മികച്ച സംരക്ഷണം അഭയാര്‍ഥികള്‍ക്ക് നല്കും വിധമാണ് അയര്‍ലണ്ടിലെ നിയമ സംവിധാനവും.

അഫ്ഗാനിസ്ഥാന്‍,പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് അയര്‍ലണ്ട് ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നത്.അയര്‍ലണ്ടിലേയ്ക്ക് ഫെറി വഴിയും തുറുമുഖങ്ങള്‍ വഴിയും എത്തുന്ന ഇവര്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയാണ്

തിരഞ്ഞെടുപ്പ് ദിവസം ഒമ്പതോളം അഭയാര്‍ഥികളെ വാട്ടര്‍ ഫോര്‍ഡിലെ റോസ് ലെയര്‍ തുറുമുഖത്തു നിന്നും അകലെയല്ലാത്ത ദൂരത്തില്‍ വെച്ചു പിടി കൂടിയിരുന്നു.ഒരു എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് രക്ഷിക്കണം എന്നപേക്ഷിച്ച ഇവരെ തേടിയ ഗാര്‍ഡ ഭക്ഷ്യസാധനങ്ങള്‍ കയറ്റി വന്ന ശീതികരിച്ച വലിയട്രക്കില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.എങ്ങനെയാണ് ഫ്രീസറില്‍ ഇവര്‍ എത്തിയത് എന്ന് വ്യക്തമല്ല.അതേ സമയം ഇവര്‍ക്ക് ശരീരതാപനിലയില്‍ വ്യതിയാനം ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഫ്രീസറിനുള്ളില്‍പെട്ടു കുടുങ്ങി പോയ ഇവരെ രക്ഷിക്കാന്‍ ആംബുലന്‍സുകളുമായാണ് ഗാര്‍ഡയെത്തിയത്.ആവശ്യമെങ്കില്‍ വിദഗ്ദ ചികിത്സയ്ക്ക് അയയ്ക്കാന്‍ ഹെലികോപ്റ്ററും തയാറാക്കി നിര്‍ത്തിയിരുന്നു.

ഗാര്‍ഡ പിടി കൂടിയ ഇവരില്‍ എട്ട് പേരും ഉടന്‍ തന്നെ അഭയാര്‍ത്ഥി പദവിക്ക് അപേക്ഷിക്കുകയും ചെയ്തു.ഏതു രാജ്യത്ത് നിന്നും വരുന്നു എന്നതിന് മതിയായ രേഖകളില്ലാത്ത ഒമ്പതാമത്തെ ആളെ തടഞ്ഞ് വെച്ചിരിക്കുകയാണ്. ഇയാളെ സ്വീകരിക്കണമോ എന്നതും പിന്നീട് തീരുമാനിക്കും.

യുവാക്കളായ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.വെക്‌സ് ഫോര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ഗാര്‍ഡ പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യും.ട്രക്ക് ഡ്രൈവറെയും ഗാര്‍ഡ ചോദ്യം ചെയ്യുന്നുണ്ട്.

രാജ്യത്ത് ഓരോ ദിവസവും ഇത്തരത്തില്‍ അഭയാര്‍ഥികള്‍ എത്തുന്നതായാണ് പുതിയ വിവരം.വാട്ടര്‍ഫോര്‍ഡ്,ലീംറിക്ക് എന്നിവിടങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അനധികൃതമായി എത്തുന്നവരെ താമസിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ചില മതസംഘടനകളുടെ നേതൃത്വത്തില്‍ ഒരുക്കുന്നുണ്ടെന്നു മുമ്പും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Scroll To Top