Friday March 23, 2018
Latest Updates

സംസ്‌കാര തകര്‍ച്ചയില്‍ മനം തകര്‍ന്ന് യൂറോപ്യന്‍ ജനത: ആര്‍ക്കും യൂറോപ്പിലേയ്ക്ക് കടന്നു വരാവുന്ന അവസ്ഥ, അഭയാര്‍ഥി പാലായനത്തിന് കൂട്ട് സോഷ്യല്‍ മീഡിയ

സംസ്‌കാര തകര്‍ച്ചയില്‍ മനം തകര്‍ന്ന് യൂറോപ്യന്‍ ജനത: ആര്‍ക്കും യൂറോപ്പിലേയ്ക്ക് കടന്നു വരാവുന്ന അവസ്ഥ, അഭയാര്‍ഥി പാലായനത്തിന് കൂട്ട് സോഷ്യല്‍ മീഡിയ

ഫോട്ടോ:ഹംഗേറിയന്‍ അതിര്‍ത്തിയില്‍ എത്തിയ അഭയാര്‍ഥികുടുംബത്തെ പോലിസ് പിടി കൂടി പരിശോധിക്കുന്നു.മിക്കപ്പോഴും പരിശോധനകളില്‍ അതിര്‍ത്തിയിലെ പോലീസുകാര്‍ അഭയാര്‍ഥികളെ ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിക്കുന്നുണ്ട് എന്ന പരാതി വ്യാപകമാണ്   

ഡബ്ലിന്‍:ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമാണ് ഇപ്പോള്‍ യൂറോപ്പിലേയ്ക്ക് ഉണ്ടായി കൊണ്ടിരിക്കുന്നത്,ഒരു പക്ഷേ യൂറോപ്യന്‍ സംസ്‌കാരത്തെ തന്നെ തകര്‍ത്ത് തരിപ്പണമാക്കാവുന്ന കൂട്ടപ്പാലായനം.എട്ടര ലക്ഷം പേര്‍ 2016 മധ്യത്തോടെ യൂറോപ്പിലെ പല രാജ്യങ്ങളിലേയ്ക്കുമായി അഭയാര്‍ത്ഥികളായി എത്തുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിഗമനം.

കുടുംബസംവിധാനത്തിന്റെ തകര്‍ച്ചയിലൂടെ കുറഞ്ഞുപോയ യൂറോപ്യന്‍ മേഖലയിലെ ജനസംഖ്യ ആനുപാതികമായി തിരിച്ചെടുക്കാനുള്ള പ്രകൃതിയുടെയും,വിധിയുടെയും അനിവാര്യമായ ഇടപെടലാണിതെന്നു വിലയിരുത്തുന്നവരുണ്ട്.ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന നിരവധി ഗ്രാമങ്ങള്‍ തന്നെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ട്.

മാനുഷിക പരിഗണനയുടെ പേരില്‍ ഏഷ്യോആഫ്രിക്കന്‍ അധിനിവേശത്തെ സ്വീകരിക്കേണ്ടി വരുമ്പോഴും യൂറോപ്പ് ആശ്വാസം കൊള്ളുന്നത് മേല്‍പ്പറഞ്ഞ കാരണത്താലാണ്.കുടുംബ സംവിധാനത്തിന്റെ തകര്‍ച്ചയില്‍ സ്വവര്‍ഗ വിവാഹത്തെയും പ്രകൃതിവിരുദ്ധമായ ഇടപാടുകളെയും പുണരേണ്ടി വന്ന യൂറോപ്പിന് യുക്തമായ ശിക്ഷയാണ് പ്രകൃതി നല്കുന്നത് എന്നത് ശ്രദ്ധേയം.അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് മേനി പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സാധാരണക്കാര്‍ പക്ഷെ ആശങ്കയിലായി കഴിഞ്ഞു.

എല്ലാ ആധുനീക മാധ്യമ സൗകര്യങ്ങളും ഉപയോഗിച്ചാണ് ഇപ്പോള്‍ കുടിയേറ്റക്കാര്‍(അവരെ അഭയാര്‍ഥികള്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ നല്ലത് ആ പദം തന്നെയാണ്)യൂറോപ്പില്‍ എത്തുന്നത്.തികച്ചും യാദൃശ്ചികമായ ഒരു സംഭവം ആണ് ഇതെന്ന് കരുതാന്‍ വയ്യ.ആസൂത്രിതമായ നീക്കങ്ങള്‍ ഇപ്പോഴത്തെ അഭയാര്‍ഥി പ്രവാഹത്തിന് പിന്നിലുണ്ടെന്ന് സംശയിക്കാതെ വയ്യ.അനേക കാതം ദൂരെയുള്ള അഫ്ഗാനിസ്ഥാനില്‍ നിന്നുമടക്കം ആയിരക്കണക്കിന് പേര്‍ യൂറോപ്പിലേയ്ക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ അവരോടു പണം വാങ്ങി യൂറോപ്യന്‍ തീരത്തെത്തിക്കാനുള്ള നൂറു കണക്കിന് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ആരെയും ഞെട്ടിക്കുന്ന കാര്യം തന്നെയാണ്.

പണ്ട് ഗള്‍ഫിലേയ്ക്ക് പത്തേമാരിയില്‍ കയറി കുടിയേറിയ മലയാളിയുടെ അതേ സാഹസികത തന്നെയാണ് ഇപ്പോള്‍ യൂറോപ്യന്‍ അഭയാര്‍ഥികള്‍ കാണിക്കുന്നത്.ഏതു രാജ്യത്ത് നിന്ന് എത്തിയാലും അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള മാനസീക തയ്യാറെടുപ്പ് യൂറോപ്യന്‍ രാജ്യങ്ങള്‍ എടുത്തുകഴിഞ്ഞു.അനാരോഗ്യകരം എങ്കിലും ഈ അവസരം മുതലെടുക്കാന്‍ ഏതു രാജ്യക്കാരനും ഇപ്പോള്‍ സാധിക്കുന്നുണ്ട് എന്നതാണ് സത്യം.

യൂറോപ്യന്‍ അതിര്‍ത്തിയിലേയ്ക്ക് എത്തുക എന്ന ലളിതമായ കടമ്പ കടന്നാല്‍ ആര്‍ക്കും അഭയം ലഭിക്കും എന്നത് തന്നെ.നിയമപരമായി നിശ്ചിത കാലത്തേയ്ക്ക് എത്തിവരാണെങ്കിലും പിടി കൊടുക്കാതെ നില്‍ക്കുന്നവരെ അഭയാര്‍ഥികളായി സ്വീകരിക്കുവാന്‍ അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ നിലപാട് തിരുത്തേണ്ടി വരുന്ന അവസ്ഥയാണ് സംജാതമാകുന്നത്.

ഇപ്പോഴത്തെ അഭയാര്‍ഥി പ്രവാഹത്തിനു സഹായകമായി സാമൂഹികമായ ഒരു കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.സഹായത്തിന്റെ മേഖലകള്‍ അഭയാര്‍ഥികള്‍ക്ക് ലഭിക്കുന്നതിന് കൃത്യമായ ദിശാമാര്‍ഗങ്ങള്‍ അവര്‍ക്ക് നേരിട്ടോ അവരെ നയിക്കുന്നവര്‍ക്കോ ലഭിക്കുനുണ്ട്.

അതിര്‍ത്തികളിലെ പോലീസിന്റയും മാറി സഞ്ചരിക്കേണ്ട വഴികളുടേയും ചിത്രങ്ങളും വിശദാംങ്ങളുമായി സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനിലേക്ക് ഫേസ് ബുക്ക് സന്ദേശങ്ങളായും മറ്റും എത്തുന്നതോടെ നൂറുകണക്കിന് അഭയാര്‍ഥികള്‍ അധികൃതരുടെ കണ്ണില്‍പ്പടാതെ യൂറോപ്യന്‍ യൂണിയനിലേക്ക് കടക്കുന്നു.

സെര്‍ബിയയ്ക്കും ഹങ്കറിയ്ക്കും ഇടയിലെ വയലുകളിലും പഴത്തോട്ടങ്ങളിലും പതിയിരിക്കുന്ന അഭയാര്‍ഥികള്‍ ഈ സന്ദേശങ്ങളിലൂടെ തുറന്നു കിട്ടുന്ന കൃത്യമായ പഴുതുകളിലൂടെ അതിര്‍ത്തി കടക്കുന്നു. അകത്ത് കടന്ന ശേഷം എവിടെയാണ് ഭക്ഷണം ലഭിക്കുക,എവിടെ ഉറങ്ങണം വസത്രം മാറണം എവിടെ സൗജന്യമായി വൈഫൈ ലഭ്യമാണെന്ന വിവരം പോലും അവര്‍ക്ക് കൃത്യമായി സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നു. 

ഇക്കാര്യങ്ങളില്‍ പ്രദേശവാസികളേക്കാള്‍ അറിവ് ഈ സോഷ്യല്‍ മീഡിയ കോര്‍ഡിനേഷിലൂടെ ലഭിക്കുന്നു എന്നത് അധികൃതരെ അമ്പരപ്പിക്കുന്നു. പഴയ കാലത്ത് പോലീസ് ജനക്കൂട്ടങ്ങളെ കീഴടക്കിയിരുന്നത് വേഗത്തില്‍ സേനക്ക് പരസ്പരം കൈമാറാന്‍ കഴിഞ്ഞ വിവരങ്ങളിലൂടെ ആയിരുന്നു. എന്നാല്‍ സ്മാര്‍ട്ട് ഫോണുകളും സമൃദ്ധമായ വിവരങ്ങളുമായി സമൂഹമാദ്ധ്യമങ്ങളും വന്നതോടെപോലീസ് ആകെ കുഴങ്ങിയിരക്കുകയാണ്.

.

യൂറോപ്യന്‍ യൂണിയനിലേക്ക് സുരക്ഷിതമായ ഒരു ജീവിതം തേടിയെത്തുന്ന അഭയാര്‍ഥികളെ സഹായിക്കുന്നത് അധികൃതര്‍ ഒരുക്കുന്ന സുരക്ഷാ അതിര്‍ത്തികള്‍ക്ക് അതീതതമായി സഞ്ചരിക്കുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങളാണ്. സമൂഹമാധ്യമങ്ങള്‍ എങ്ങനെയാണ് പുതിയ ഓരോ സാമൂഹിക പ്രശ്‌നങ്ങളിലും തങ്ങളുടേതായ സാന്നിദ്ധ്യം ഉറപ്പിക്കുക എന്നതിന്റെ മറ്റൊരു തെളിവാണ് ഇത്.

യൂറോപ്പിന്റെ സ്വന്തമായ സാംസ്‌കാരിക തകര്‍ച്ചയാണ് പുതിയ കുടിയേറ്റത്തിന്റെ ബാക്കിപത്രമായി ഉണ്ടാകുക എന്നത് തീര്‍ച്ചയാക്കേണ്ടിയിരിക്കുന്നു.ഒരു കുന്നിന് ഒരു കുഴി എന്ന് പഴഞ്ചൊല്ല് പറയും പോലെ ഒരു കാലത്ത് തങ്ങളുടെ മേല്‍കോയ്മയ്ക്ക് മുമ്പില്‍ കീഴടങ്ങി നിന്ന ഏഷ്യയുടെ അധീശത്വം അംഗീകരിക്കാന്‍ മാനസികമായും ഒരുങ്ങുകയാണ് യൂറോപ്പിലെ രാജ്യങ്ങള്‍.

ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ 


Scroll To Top