Friday December 09, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് വരുന്ന അഭയാര്‍ഥികള്‍ക്ക് ഇഷ്ടം പോലെ ഓഫറുകള്‍:കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ രാജ്യം ഒറ്റക്കെട്ട് 

അയര്‍ലണ്ടിലേയ്ക്ക് വരുന്ന അഭയാര്‍ഥികള്‍ക്ക് ഇഷ്ടം പോലെ ഓഫറുകള്‍:കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ രാജ്യം ഒറ്റക്കെട്ട് 

ഡബ്ലിന്‍ :അടുത്ത മാസങ്ങളില്‍ അയര്‍ലണ്ടില്‍ എത്തുന്ന അഭയാര്‍ഥികളെ സ്വീകരിക്കാന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.യൂറോപ്യന്‍ യൂണിയനുമായുള്ള ധാരണയനുസരിച്ച് പരമാവധി 4000 പേരെയാണ് ഔദ്യോഗികമായി രാജ്യം സ്വീകരിക്കുക.ലോകത്തെവിടെയും കാണാത്ത സ്‌നേഹവായ്‌പോടെയാണ് ഐറിഷ് ജനത അഭയാര്‍ഥികള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്.
മധ്യപൂര്‍വ്വേഷ്യയിലെ കുരുതിക്കളങ്ങളില്‍ നിന്ന് ബാക്കി കിട്ടിയ ജീവനും യാതകളുടെ ഭാണ്ഡവും പേറി വരുന്ന നിസ്സഹായ ജന്മങ്ങള്‍ക്ക് തണലായി അയര്‍ലണ്ടിന്റെ മനുഷ്യ സ്‌നേഹികള്‍ നീട്ടുന്ന അകമഴിഞ്ഞ ഓഫറുകള്‍ കണ്ട് അന്തം വിട്ടിരിക്കുകയാണ് മനുഷ്യാവകാശ സംഘടനകള്‍ 

കഴിഞ്ഞ മാസം സ്വകാര്യ വ്യക്തികളും വാണിജ്യേതര സംഘടനകളും ചര്‍ച്ച് ഗ്രൂപ്പുകളും താമസസ്ഥലം, സേവനങ്ങള്‍, സാധന സാമഗ്രികള്‍ എന്നിങ്ങനെ എതാണ്ട് 600 ഓഫറുകളാണ് അഭയാര്‍ത്ഥികള്‍ക്കായി നല്‍കിയത്. 

വൈല്‍ഡ് അറ്റ്‌ലാന്റികിന്റെ തീരത്തെ മനോഹരമായ ഹോളിഡേ ഹോമുകള്‍ അതിന്റെ ഉടമസ്ഥര്‍ യുദ്ധം ചവച്ചു തുപ്പിയ അഭയാര്‍ത്ഥികള്‍ക്ക് ഓഫര്‍ ചെയ്തതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭാവന.അപ്പാര്‍ട്ട്‌മെന്റുകള്‍,വീടുകള്‍,ഒറ്റമുറികള്‍ എന്നിങ്ങനെ 500 ബിഡുകള്‍ ഐറിഷ് റെഡ് ക്രോസ്സ് സൊസൈറ്റിയുടെ വകയായുണ്ട്.കെറി, വെക്‌സ് ഫോര്‍ഡ്, ഗാള്‍വേ, ക്ലെയര്‍, ഡബ്ലിന്‍ എന്നിവിടങ്ങളിലായി ഇരുപതോളം ഹോളിഡേ ഹോമുകളുടെ വാഗ്ദാനം തങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞിട്ടുളളതായി സംഘടന വ്യക്തമാക്കി. ഇതിനൊപ്പം സര്‍ക്കാര്‍ വരുന്ന രണ്ട് വര്‍ഷങ്ങളില്‍ സ്വീകരിക്കാമെന്ന് സമ്മതിച്ചിട്ടുള്ള 4,000 അഭയാര്‍ത്ഥികള്‍ക്ക് താമസമൊരുക്കാനുള്ള സമ്മതം ലോംഗ് ഫോര്‍ഡ്, ലോത്ത് എന്നീ കൗണ്ടികളും അറിയിച്ചിട്ടുണ്ട്. 2016 അവസാനത്തോടെ 240 അഭയാര്‍ത്ഥികളെ കോര്‍ക്കിലും കെറിയിലുമായി പുനരധിവസിപ്പിക്കും.
ഡിസംബറോടെ ട്രേലി,കില്ലാര്‍നി,കോര്‍ക്ക് എന്നിവിടങ്ങളിലായി എത്തുന്ന 45 സിറിയന്‍ കുടുംബങ്ങള്‍ ക്ക് താമസ സൗകര്യം ഒരുക്കി കഴിഞ്ഞു.
ഇത് കൂടാതെയാണ് കത്തോലിക്കാ സഭയുടെ സഹായം,ഓരോ ഇടവകയും ഓരോ അഭയാര്‍ഥി കുടുംബത്തെ ദത്തെടുക്കണം എന്ന ഫ്രാന്‍സീസ് പാപ്പയുടെ അഭ്യര്‍ഥനയെ പൂര്‍ണ്ണമനസോടെയാണ് മിക്ക ഐറിഷ് ഇടവകകളും സ്വീകരിച്ചിരിക്കുന്നത്.തങ്ങളുടെ ഇടവകയില്‍ എത്തുന്ന അഭയാര്‍ഥി കുടുംബത്തിന് ഭവനം മാത്രമല്ല,ചിലവും,കുട്ടികളുടെ വിദ്യാഭ്യാസവും അടക്കം നല്‍കാനുള്ള ക്രമീകരണങ്ങള്‍ ചില ഇടവകകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

നാലായിരം എന്ന ക്ലിപ്ത സംഖ്യയില്‍ അധികം പേരെ സ്വീകരിക്കേണ്ടി വന്നാല്‍ ഇപ്പോഴത്തെ അവസ്ഥ മാറ്റേണ്ടി വരും.അതിര്‍ത്തി പ്രദേശങ്ങളിലെ ചെറിയ രാജ്യങ്ങളില്‍ പോലും പതിനായിരക്കണക്കിനു പേരാണ് ഒഴുകിയെത്തുന്നത്.


Scroll To Top