Sunday August 20, 2017
Latest Updates

ആശങ്കയോടെ യൂറോപ്പ് ,യൂറോ ഉപേക്ഷിക്കാന്‍ അവസരം കാത്ത് ഗ്രീസ് ഭരണ കൂടം

ആശങ്കയോടെ യൂറോപ്പ് ,യൂറോ ഉപേക്ഷിക്കാന്‍ അവസരം കാത്ത് ഗ്രീസ് ഭരണ കൂടം

ആതന്‍സ്: കേരളത്തിന്റെ മൂന്നിലൊന്നു മാത്രം ജനസംഖ്യ മാത്രമുള്ള ഒരു രാജ്യത്തിലെ ജനതയെ പേടിച്ച് യൂറോപ്പ് ഇന്ന് കാത്തിരിക്കുകയാണ്.ജര്‍മ്മിനി അടക്കമുള്ള രാജ്യങ്ങള്‍ ഗ്രീസിന് കൊടുത്ത പണം തിരികെ കിട്ടണമെങ്കില്‍ ഇന്ന് ഗ്രീസിലെ ജനങ്ങള്‍ യെസ്സിന് വോട്ടു ചെയ്യണം.

യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി ഗ്രീസ് തുടരുമോ എന്നു നിര്‍ണയിക്കാന്‍ ഗ്രീസിലെ ജനങ്ങളോട് അഭിപ്രായം അറിയിക്കാന്‍ അലക്‌സിസ് സിപ്രസിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന ഹിതപരിശോധന ഇന്ന്. യൂറോപ്യന്‍ യൂനിയനും അന്താരാഷ്ട്ര നാണയനിധിയും മുന്നോട്ടുവെച്ച കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളോടെയുള്ള രക്ഷാപദ്ധതി ഗ്രീസില്‍ നടപ്പാക്കുന്ന വിഷയത്തില്‍ ജനഹിതം അറിയാനായാണ് ഇന്നത്തെ റഫറണ്ടം.

ഇതിന് മുന്നോട്ടിയായി ഇന്നലെ രാജ്യത്തുടനീളം അനുകൂലിച്ചും എതിര്‍ത്തും കൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു. തലസ്ഥാനമായ ആതന്‍സിലെ സിന്‍തഗ്മ ചത്വരത്തില്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ നേതൃത്വത്തില്‍ അരലക്ഷം പേരാണ് രക്ഷാപദ്ധതിയെ എതിര്‍ത്ത് സംഗമിച്ചത്. വര്‍ഷങ്ങളായി കടുത്ത നികുതി ഭാരത്തിനു കീഴെ ജീവിക്കുന്ന രാജ്യത്തിനുമേല്‍ പുതിയ നികുതി അടിച്ചേല്‍പിക്കുന്നത് കടുത്ത ജനദ്രോഹമാണെന്നും ഇതിനെ ചെറുത്തുതോല്‍പിക്കണമെന്നും സിപ്രാസ് ആവശ്യപ്പെട്ടു. ‘ഞായറാഴ്ച നാം യൂറോപ്പിന്റെ ഭാഗമാണെന്നു മാത്രമല്ല, അഭിമാനത്തോടെ ജീവിക്കുന്നവര്‍ കൂടിയാണെന്നാണ് തീരുമാനിക്കാന്‍ പോകുന്നത്. ഇത് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യന്റെയും യൂറോപ്യന്‍ മൂല്യങ്ങളുടെയും പോരാട്ടമാണ്’ അദ്ദേഹം തുടര്‍ന്നു.yanis

ഗ്രീക്ക് ധനമന്ത്രി യാനിസ് വരോഫാക്കീസവട്ടെ ഒരു പടി കൂടി തീവ്രമായ ആരോപണമാണ് യൂറോപ്യന്‍ യൂണിയന് എതിരെ ആരോപിച്ചത്.’അടിയന്തര സഹായത്തിനുള്ള അപേക്ഷ നിരസിച്ച് പണം തരാതെയിരുന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഗ്രീസിലെ ജനതയോട് ക്രൂരതയാണ് കാട്ടിയത്.ഭീകരന്‍മാരാണ് അവര്‍.അവര്‍ പണം തരാതെ ബാങ്കുകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു.യൂറോ ലഭ്യമാക്കാതെ ജനങ്ങളെ അവര്‍ പരിഭ്രാന്തിയിലാഴ്ത്തി.ഞായറാഴ്ച്ച തീരുമാനം അറിയും വരെ അവര്‍ക്ക് കാത്തിരിക്കാമായിരുന്നു.’യാനീസ് പറഞ്ഞു.

ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ ഇ.യു രക്ഷാപദ്ധതിക്ക് അനുകൂലമാണ് ജനമെങ്കില്‍ ഹിതപരിശോധനക്ക് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിക്ക് പുറത്തേക്ക് വഴിതുറക്കും. 

33,000 കോടി ഡോളറിലേറെയാണ് ഗ്രീസിന്റെ നിലവിലെ സാമ്പത്തിക ബാധ്യത. അതായത്, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 175 ശതമാനത്തിലേറെ. ഇതില്‍ അന്താരാഷ്ട്ര നാണയനിധിക്ക് നല്‍കാനുള്ള 180 കോടി ഡോളര്‍ ജൂലൈ ഒന്നിന് അവധിയത്തെിയതാണ്. ഇത് തിരിച്ചടക്കാന്‍ വഴിയില്ലാതെ വന്നതോടെയാണ് കടുത്ത നികുതി ഭാരം അടിച്ചേല്‍പിക്കുന്ന പുതിയ സാമ്പത്തിക പാക്കേജ് യൂറോപ്യന്‍ യൂനിയന്‍ പ്രഖ്യാപിച്ചത്.

എല്ലാ മേഖലകളിലും അധിക നികുതി ചുമത്തുന്നതും പെന്‍ഷന്‍ തുക വെട്ടിച്ചുരുക്കുന്നതും തൊഴില്‍ നിയമങ്ങള്‍ ഇളവ് ചെയ്യുന്നതുമുള്‍പെടെ കടുത്ത വ്യവസ്ഥകളാണ് സഹായ പാക്കേജിലുള്ളത്. 
ഇനിയുള്ള ഓരോ വര്‍ഷവും ഒരു ശതമാനം അധികമെന്ന തോതില്‍ ബജറ്റ് മിച്ചം വരുത്തണമെന്നും ശിപാര്‍ശ ചെയ്യുന്നുണ്ട്. ഇതു സ്വീകരിക്കണോ വേണ്ടയോ എന്നത് രാജ്യത്തെ ജനത്തിന് വിട്ടുകൊടുക്കുകയായിരുന്നു പ്രധാനമന്ത്രി.

ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നു.എ ടി എമ്മുകളിലും സാമ്പത്തിക ഇടപാടുകള്‍ കുറവായി.ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ തിരക്ക് കുറഞ്ഞതിനു കാരണവും പണം ജനങ്ങളുടെ കൈവശം ഇല്ലാത്തതു തന്നെ.നഗരപ്രദേശങ്ങളിലെ കടകളില്‍ ആട്ടയും നിത്യോപയോഗ സാധനങ്ങളും സ്റ്റോക്ക് തീര്‍ന്നിരിക്കുന്നു.

ഒരു കാര്യം ഉറപ്പാണ്,ഇന്നത്തെ വോട്ടെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ന്നതായിരിക്കും.കാരണം ഓരോരുത്തര്‍ക്കും അത്ര പ്രധാനമാണ് ഇന്നത്തെ റഫറണ്ടം.

 

Scroll To Top