Sunday October 21, 2018
Latest Updates

അയര്‍ലണ്ടിലെ റഫറണ്ടം:പ്രചാരണം മുറുകുന്നു…  യെസ് വോട്ടുകാര്‍ പൊരുതുന്നത് നിജസ്ഥിതിയറിയാതെയോ ?

അയര്‍ലണ്ടിലെ റഫറണ്ടം:പ്രചാരണം മുറുകുന്നു…   യെസ് വോട്ടുകാര്‍ പൊരുതുന്നത് നിജസ്ഥിതിയറിയാതെയോ ?

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിലവിലുള്ള എട്ടാം ഭരണഘടനാ വകുപ്പില്‍ ഭേദഗതി വേണമോ എന്നതില്‍ ജനഹിതം ആരായാനുള്ള നിര്‍ദ്ദിഷ്ട റഫറണ്ടത്തിന്റെ പ്രചാരണം ചൂട് പിടിയ്ക്കുന്നു.

സാധാരണക്കാരായ വോട്ടര്‍മാര്‍ പോലും റഫറണ്ടവുമായി ബന്ധപ്പെട്ട് സജീവമായ ചര്‍ച്ചകളിലേക്ക് നീങ്ങുന്ന ആവേശകരമായ കാഴ്ചയാണ് അയര്‍ലണ്ടിലെങ്ങും കാണുന്നത്.പൊതുതിരഞ്ഞെടുപ്പിനേക്കാള്‍ താത്പര്യത്തോടെയാണ് ജനങ്ങള്‍ ഭരണഘടനാ ഭേദഗതിയെ നോക്കി കാണുന്നത്.

തലമുറകളോളം പഴക്കമുള്ള തര്‍ക്കമാണ് അബോര്‍ഷനെ സംബന്ധിച്ച് അയര്‍ലണ്ടില്‍ ഉള്ളത്.ജനഹിതമനുസരിച്ച് വര്‍ഷങ്ങളോളം മാറ്റിവെച്ച ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാനുള്ള ലിയോ വരദ്കര്‍ സര്‍ക്കാരിന്റെ അമിതമായ താത്പര്യമാണ് മെയ് 25 ന് ജനാഭിപ്രായത്തിന് വിടുന്നത്.

1861 മുതല്‍ നിയമം മൂലം അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിരോധിച്ചിരുന്നു.1983 ല്‍ 67 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തോടെ അബോര്‍ഷന്‍ വേണ്ടെന്ന തീരുമാനം അയര്‍ലണ്ടിലെ ജനങ്ങള്‍ അംഗീകരിച്ചു.എട്ടാം ഭരണഘടന ഭേദഗതിയായി രൂപപ്പെടുത്തിയ ആ നിയമം പൊളിച്ചെഴുതി അബോര്‍ഷന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നേതൃത്വത്തിലുള്ള യെസ് പക്ഷത്തിന്റെ ആവശ്യം.എന്നാല്‍ ഭേദഗതിയുടെ ആവശ്യമില്ലെന്ന് പറയുന്നവര്‍(നോ പക്ഷക്കാര്‍) അമ്മയ്ക്കും കുഞ്ഞിനും ഒരേ പോലെ ജീവിക്കാനുള്ള അവകാശം നല്‍കണമെന്ന് ആവശ്യപ്പെടുന്നവരാണ്.

ഗര്‍ഭഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപിക്കപ്പെട്ട സവിത ഹാലപ്പനവറുടെ അപ്രതീക്ഷിതമായ മരണത്തിന്റെ പശ്ചാത്തലത്തില്‍ 2013 ല്‍ ഐറിഷ് സര്‍ക്കാര്‍ കൊണ്ടു വന്ന പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യൂറിങ് പ്രെഗ്നന്‍സി ബില്‍ ബില്‍(http://www.oireachtas.ie/documents/bills28/acts/2013/a3513.pdf) വഴി അബോര്‍ഷന്‍ അയര്‍ലണ്ടില്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ നടപ്പാക്കാവുന്നതാണെന്ന നിയമത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.പിന്നീട് 2013 ജൂലൈ 30 ന് ഐറിഷ് പ്രസിഡണ്ടും അംഗീകരിച്ചതോടെ 2014 ജനുവരി ഒന്ന് മുതല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നടത്താനാവും.

പിന്നെന്തിനാണ് വീണ്ടും റഫറണ്ടം ?

സവിത ഹാലപ്പനവറുടെ മരണത്തിന് ശേഷമാണ് അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയത്.

ഒരു ഗര്‍ഭിണിയുടെ ജീവന്‍ അപകടാവസ്ഥയില്‍ ആയേക്കാവുന്ന എല്ലാ സമയത്തും,ഒരു സംഘം ഡോക്റ്റര്‍മാര്‍മാരുടെ കൂട്ടായ തീരുമാനമുണ്ടെങ്കില്‍ (ചുരുങ്ങിയത് രണ്ടു പേരുടെയെങ്കിലും) അബോര്‍ഷന്‍ നടപ്പാക്കാവുന്ന സ്ഥിതിയാണ് പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യൂറിങ് പ്രെഗ്നന്‍സി ബില്‍ 2013 വഴി കഴിഞ്ഞ നാല് വര്‍ഷങ്ങളായി അയര്‍ലണ്ടിലുള്ളത്.

നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്ന അബോര്‍ഷന്‍ അനുവദിക്കാവുന്ന സാഹചര്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

The Mother’s life is at risk from a physical illness.

The Mother’s life is at risk during an emergency.

There is a clear risk of suicide.

ഒരു സംഘം ഡോക്റ്റര്‍മാരുടെ കൂട്ടായ തീരുമാനം വേണം എന്ന ചട്ടത്തിലും ചില സന്ദര്‍ഭങ്ങളില്‍ ഇളവ് നല്കാന്‍ ഈ നിയമത്തില്‍ വകുപ്പുകളുണ്ട്.മാത്രമല്ല രാജ്യത്തെ എല്ലാ യൂണിവേഴ്സിറ്റി ആശുപത്രികളില്‍ അടക്കം 25 പ്രമുഖ ആശുപത്രികളില്‍ ഇത്തരം അത്യാവശ്യഘട്ടങ്ങളില്‍ അബോര്‍ഷന്‍ നടപ്പാക്കാന്‍ ഇപ്പോള്‍ തന്നെ അനുവാദം നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍ രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷവും അടിയന്തരഘട്ടങ്ങളില്‍ അബോര്‍ഷന്‍ നടന്നിട്ടുണ്ട്.കണക്കുകള്‍ താഴെ ചേര്‍ക്കുന്നു.

2017ല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ അധികം അബോര്‍ഷന്‍ നടന്നിട്ടുണ്ടെന്നാണ് എച്ച് എസ് ഇ നല്‍കുന്ന സൂചന.

അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ അബോര്‍ഷന്‍ നടത്താന്‍ നിലവിലുള്ള നിയമം പര്യാപ്തമായിരിക്കെ എന്തിനാണ് ഇപ്പോള്‍ ഭരണഘടനാ ഭേദഗതി?

ഭേദഗതിയ്ക്ക് അനുകൂലമായി ചിലരെങ്കിലും വാദിക്കുന്നത് അത് എന്തിന് വേണ്ടിയാണെന്ന് അറിയാതെയാണ്.

1983 ലെ എട്ടാം ഭരണഘടനാ നിര്‍ദേശം താഴെ പറയുന്നതിതാണ്….

അമ്മയ്ക്കും കുഞ്ഞിനും ജീവിക്കാനുള്ള അവകാശം തുല്യമാണെന്ന് അസന്നിഗ്ദമായി ഇതില്‍ പറയുന്നുണ്ട്.പക്ഷേ ഭരണഘടനയില്‍ എഴുതി ചേര്‍ത്തെങ്കിലും അതിനായുള്ള നിയമ നടപടി ക്രമങ്ങള്‍ ഐറിഷ് പാര്‍ലിമെന്റ് ഉണ്ടാക്കിയില്ല.സവിത ഹാലപ്പനവര്‍ അടക്കമുള്ള ഒട്ടേറെ പേരുടെ ദുര്യോഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനാസ്ഥ കാരണമായി എന്ന് പറഞ്ഞേ തീരു.

പക്ഷേ 2013 ജൂലൈ മാസത്തില്‍ പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യൂറിങ് പ്രെഗ്നന്‍സി ബില്‍ പാര്‍ലമെന്റ് പാസാക്കി, ഐറിഷ് പ്രസിഡണ്ട് ഒപ്പു വെച്ച് അംഗീകരിച്ചതോടെ അബോര്‍ഷനായി നിയമമില്ലെന്ന പരാതിയ്ക്ക് പരിഹാരമായി.

ഒരു പരിധിയുമില്ലാതെ അബോര്‍ഷന്‍ നടപ്പാക്കാനുള്ള നിയമം പാസാക്കിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.പുതിയ റഫറണ്ടത്തിലെ ലൈനുകള്‍ നോക്കുക :

നിങ്ങള്‍ക്ക് നോ എന്നോ യെസ് എന്നോ ഉത്തരം കൊടുക്കാം.

നോ എന്നാല്‍ അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണത്തിന് വേണ്ടി 1983 ല്‍ നടപ്പാക്കിയ ഭരണഘടനാ ചട്ടവും ,2013 ല്‍ ഐറിഷ് പാര്‍ലിമെന്റ് ഇതിന്റെ കൃത്യ നിര്‍വഹണത്തിനായി നിര്‍മ്മിച്ച് ഐറിഷ് പ്രസിഡണ്ട് ഒപ്പുവെച്ചു സംരക്ഷിക്കപ്പെട്ടു വരുന്ന നിയമവും ഇനി ഒരിക്കല്‍ കൂടി ഭേദഗതി ചെയ്യേണ്ട എന്നാണ് അര്‍ഥം.

യെസ് എന്ന ഉത്തരം, കൊടുക്കുമ്പോള്‍ ആവശ്യമുള്ളവര്‍ക്കെല്ലാം ഗര്‍ഭച്ഛിദ്രം അനുവദിക്കാമെന്നുള്ളതിനെയാവും നിങ്ങള്‍ പിന്തുണയ്ക്കുക.

തെറ്റിദ്ധരിക്കപ്പെടുന്നവര്‍

ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന പ്രൊ ചോയ്സുകാര്‍ പോലും ഉന്നയിക്കാത്ത വിഷയങ്ങളാണ് പൊതുചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ ഒരു ഭാഗം ആശങ്കകളായി ഉയര്‍ത്തുന്നത്.പ്രധാനമായും അമ്മയുടെ ആരോഗ്യ പ്രശ്‌നവും ,അമ്മയുടെ ജീവനും തന്നെ സംരക്ഷിക്കുന്ന കാര്യം.

അമ്മയുടെ ജീവന്‍ അപകടത്തിലായേക്കാവുന്ന അവസരങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് അയര്‍ലണ്ടില്‍ 2014 മുതല്‍ അവസരമുണ്ട് എന്ന് തിരിച്ചറിയാതെ ‘യെസ്’ പക്ഷത്തിന്റെ പ്രചാരണത്തിനിറങ്ങുന്നവര്‍ വിജയിച്ചാല്‍ അറിഞ്ഞോ അറിയാതെയോ പങ്ക് ചേരുന്നത് ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ നിഷ്‌ക്കളങ്ക ജീവനായിരിക്കും.

സിംഗിള്‍ മദേഴ്സിനെയും, കുടുംബസംവിധാനത്തോട് മറുതലച്ച് അവിവാഹിതരായി കഴിയുന്നവരെയും പോറ്റുന്ന ഐറിഷ് സര്‍ക്കാരിന്റെ അക്കൗണ്ടില്‍ നിന്നും ജനം കൊടുക്കുന്ന നികുതിപ്പണം എടുത്ത് എല്ലാ അവിഹിത ഗര്‍ഭങ്ങളും ഒഴിവാക്കാനുള്ള ചിലവിനും കൊടുക്കേണ്ടി വരും.

മൈ ബോഡി മൈ ചോയിസ് എന്ന് ആര്‍ത്തു വിളിച്ച് പോകുന്നവര്‍ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശങ്ങളും,വിശ്വാസരീതികളും മാനിക്കാന്‍ തയാറാവുന്നില്ല എന്നതാണ് സത്യം.ഒരു മനുഷ്യനില്‍ മറ്റൊരു ജീവന്‍ ഉദിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ ആദ്യയാള്‍ക്കുള്ള അവകാശം പരിമിതപ്പെടുന്നുവെന്നത് പ്രകൃതിയുടെ നിയമമാണ്.ചില അവസരങ്ങളിലെങ്കിലും അത്തരം അവസ്ഥയ്ക്ക് ഭംഗം വരുന്നുവെങ്കില്‍ അവ ക്രമീകരിക്കാനായി ഇവിടെ സര്‍ക്കാരിന്റെ നിയമവും ഉണ്ട്.

പിന്നെന്തിനാണ് ഗര്‍ഭച്ഛിദ്രത്തിനായി മുറവിളി ഉയരുന്നത്….? അയര്‍ലണ്ടിലെ ജനങ്ങള്‍ വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നതിന് കാരണമെന്താണ്…?പണമിറക്കി കളിക്കുന്ന യെസ് പക്ഷം ചൂണ്ടിക്കാട്ടുന്നത് സവിത ഹാലപ്പനവര്‍ എന്ന ഇന്ത്യക്കാരി ഡോക്റ്ററുടെ കഥയാണ്.ഗോള്‍വേയില്‍ 2012 ഒക്‌റ്റോബര്‍ മാസം 28 ന് അകാലത്തില്‍ മരിച്ച ഇന്ത്യക്കാരി പെണ്‍കുട്ടി.

പ്രൊ ചോയിസ്‌കാരുടെ സൃഷ്ടിയാണ് സവിത ഹാലപ്പനവര്‍.സവിതയുടെ മരണം 2012 ഒക്ടോബര്‍ 29 ന് റിപ്പോര്‍ട്ട് ചെയ്ത അയര്‍ലണ്ടിലെ ഒരേ ഒരു മാധ്യമം ‘ഐറിഷ് മലയാളി’ ആയിരുന്നു.നവംബര്‍ ആദ്യവാരത്തിലാണ് ഐറിഷ് ടൈംസ് വിഷയം ഏറ്റടുത്തത്.

ഐറിഷ് ടൈംസ് ഏറ്റെടുത്തപ്പോള്‍ മുതല്‍ അബോര്‍ഷന്‍ നടത്താന്‍ അനുവദിക്കാത്തതിനാലാണ് സവിത മരിച്ചതെന്ന കാരണം പ്രചരിപ്പിച്ചു.ജനം തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നതാണ് വസ്തുത…എന്തായിരുന്നു സവിതയുടെ മരണത്തിന് പിന്നില്‍ കാരണമായത് (തുടരും)

റെജി സി ജേക്കബ്
ഐറിഷ് മലയാളി ന്യൂസ്

Scroll To Top