Sunday December 04, 2016
Latest Updates

ഓണ്‍ ലൈനിലൂടെ ‘നീന’ കാണാന്‍ കാത്തിരുന്നവരെ റീല്‍മോങ്ക് നിരാശപ്പെടുത്തി, പ്രദര്‍ശനം നാളെ മുതലെന്ന് കമ്പനി 

ഓണ്‍ ലൈനിലൂടെ ‘നീന’ കാണാന്‍ കാത്തിരുന്നവരെ റീല്‍മോങ്ക് നിരാശപ്പെടുത്തി, പ്രദര്‍ശനം നാളെ മുതലെന്ന് കമ്പനി 

ഡബ്ലിന്‍:ലാല്‍ ജോസിന്റെ ‘നീന’കാണാനായി ‘റീല്‍മോങ്കിന്റെ’മുമ്പില്‍ കാത്തിരുന്നവരെ കമ്പനി നിരാശപ്പെടുത്തി.ഇന്ത്യയിലാദ്യമായി ഓണ്‍ലൈനിലൂടെ സിനിമാ പ്രദര്‍ശിപ്പിക്കാമെന്ന വാഗ്ദാനത്തോടെ മുമ്പോട്ട് വന്ന റീല്‍മോങ്കിന്റെ ഇന്നലെ ആരംഭിക്കും എന്നറിയിച്ച ‘കന്നി സിനിമാ മുടങ്ങി.സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് പേര്‍ ഇന്നലെ സിനിമ കാണാനായി കാത്തിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പ്രദര്‍ശനം മുടങ്ങി എന്ന അറിയിപ്പാണ് ലഭിച്ചത്.ജൂലൈ 22 ന് ഇന്ത്യന്‍ സമയം വെളുപ്പിന് 2.30 മുതല്‍ ആദ്യ ചലച്ചിത്രമായ നീന പ്രദര്‍ശിപ്പിക്കും എന്നാണ് പുതിയ അറിയിപ്പ് 

ലോകത്ത് എവിടെ ഇരുന്നും പുത്തന്‍ മലയാള സിനിമകള്‍ ഇനി ഓണ്‍ലൈനിലൂടെ കാണാനായി റീല്‍മോങ്ക് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് കമ്പനിയുടെ അവകാശവാദം.കൊച്ചിക്കാരയ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനിയാണ് റീല്‍ മോങ്ക്.ഈ വെബ് സൈറ്റിലൂടെ ഡൗണ്‍ ലോഡ് ചെയ്ത് സിനിമകള്‍ കാണാം.ഇന്ത്യയ്ക്ക് പുറത്തുള്ളവരെ ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ റിലീസിങ്ങ്. നിര്‍മ്മാതാക്കളുടെ ആവശ്യമനുസരിച്ചായിരിക്കും റിലീസിങ്ങ്.സിനിമ മറുനാട്ടിലെത്താനുള്ള കാലതാമസമാണ് ഇത്തരമൊരു സംവിധാനത്തിലേക്ക് സംഘത്തെ കൊണ്ടു ചെന്നെത്തിച്ചത്.നിയമപരമായി സിനിമ ഓണ്‍ലൈനിലൂടെ പ്രദര്‍ശിപ്പിക്കാനുള്ള ലൈസന്‍സ് നേടിയ ശേഷമാണ് ഇവര്‍ ഓണ്‍ലൈന്‍ സൈറ്റ് രൂപികരിച്ചിരിക്കുന്നത്. 

15 മലയാള സിനിമകളായിരിക്കും ആദ്യഘട്ടത്തില്‍ പ്രദര്‍ശിപ്പിക്കുക.ലാല്‍ ജോസിന്റെ നീന,രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്,സലീം കുമാറിന്റെ കംമ്പാര്‍ട്ട്‌മെന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.വരും നാളുകളില്‍ സിനിമ തീയറ്ററില്‍ റീലിസ് ചെയ്യുന്നതിനൊപ്പം ഓണ്‍ലൈനില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് റീല്‍മോങ്ക് ഡോട്ട് കോം സി ഒ ഒ വിവേക് പറഞ്ഞു.

നീന’ അയര്‍ലണ്ട് അടക്കം 42 രാജ്യങ്ങളിലാണ് ഓണ്‍ലൈന്‍ റിലീസ് നടത്തുന്നത്. നിര്‍മ്മാതാക്കളുടെ ആവശ്യം അനുസരിച്ചായിരിക്കും ഏതൊക്കെ രാജ്യങ്ങളിലായിരിക്കും സിനിമ റിലീസ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുക.സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയ്ക്ക് 180 രൂപയും, എച്ച്.ഡി. ക്വാളിറ്റിക്ക് 300 രൂപയുമാണ് സിനിമ ആസ്വാദകര്‍ അടയ്‌ക്കേണ്ടത്. എത്ര തവണ വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരം ഇതിലൂടെ ലഭ്യമാകും.കാക്കനാട് സിന്‍കോസ് ലാബ് തുറന്നിട്ടുണ്ട്.ഇവിടെയാണ് സിനിമയുടെ ഓണ്‍ലൈന്‍ റിലീസ് നടത്തുക.ഇവിടെയുണ്ടായ സാങ്കേതിക തകരാറാണ് കന്നി പ്രദര്‍ശനത്തില്‍ കല്ല്കടിയ്ക്ക് കാരണമായതെന്ന് പറയപ്പെടുന്നു. 


Scroll To Top