Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ സഭാ കേന്ദ്രങ്ങളില്‍ ലൈംഗീകമായി പീഡിപ്പിച്ച കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ അമാന്തം,ഉള്ളത് മുഴുവന്‍ വിറ്റാലും കാശുണ്ടാവില്ലെന്ന് സന്യാസസഭകള്‍

അയര്‍ലണ്ടിലെ സഭാ കേന്ദ്രങ്ങളില്‍ ലൈംഗീകമായി പീഡിപ്പിച്ച കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ അമാന്തം,ഉള്ളത് മുഴുവന്‍ വിറ്റാലും കാശുണ്ടാവില്ലെന്ന് സന്യാസസഭകള്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ കത്തോലിക്കാ സഭയിലെ സന്യാസകേന്ദ്രങ്ങള്‍ നടത്തി വന്ന ബാല മന്ദിരങ്ങളില്‍ ലൈംഗീകമായുള്‍പ്പെടെ പീഡിപ്പിക്കപ്പെട്ട കുട്ടികള്‍ക്ക് ധാരണപ്രകാരം നല്കാമെന്നേറ്റ നഷ്ടപരിഹാരം ഇതേ വരെ പൂര്‍ണ്ണമായും നല്‍കുന്നതില്‍ സഭ അമാന്തം കാട്ടുന്നുവെന്ന് കണ്ടെത്തല്‍.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ സഭയുടെ കീഴില്‍ അയര്‍ലണ്ടില്‍ ഉടനീളം നടത്തി വന്നിരുന്ന നൂറുകണക്കിന് റെസിഡന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളിലും സന്യാസഭവനങ്ങളോട് അനുബന്ധമായ താമസസ്ഥലങ്ങളിലുമാണ് ലൈംഗീകപീഡനവും, ശാരീരിക ആക്രമണങ്ങളും നടന്നതായ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.ഇത്തരത്തില്‍ രാജ്യത്തിനകത്തും പുറത്തുമായി 15,000ലേറെ പേരുണ്ടെന്നാണ് കണക്ക്.പരാതികളെ തുടര്‍ന്ന് ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ പ്രശ്‌നം പരിഗണിച്ച കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.ആകെ 1.5 ബില്യണ്‍ യൂറോയുടെ നഷ്ടപരിഹാരത്തിനായാണ് വിധി ഉണ്ടായത്.

ഇതില്‍ പകുതി,കുട്ടികളെ പീഡിപ്പിച്ച സന്യാസ ഭവനങ്ങള്‍ സര്‍ക്കാരിന് നല്‍കണമെന്നായിരുന്നു ധാരണ.725 മില്ല്യണ്‍ യൂറോയാണ് ഇത്തരത്തില്‍ 18 സന്യാസ വിഭാഗങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ടത്.വിധിയെ തുടര്‍ന്ന് ആദ്യ കാലഘട്ടത്തില്‍ സ്വത്തുക്കളും,മഠങ്ങളും,സ്ഥാപനങ്ങളും വിറ്റു ഭാഗികമായി പണം അടച്ചെങ്കിലും ഇപ്പോള്‍ 480 മില്ല്യണ്‍ യൂറോ വരെയേ തങ്ങള്‍ക്ക് നല്‍കാന്‍ കഴിയൂ എന്നാണ് മതസംഘടനകളുടെ നിലപാട്.നിസാര വിലയ്ക്കാണ് സഭയുടെ ഉടമസ്ഥതയിലുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ മുമ്പ് നഷ്ടപരിഹാരം നല്‍കാനായി വിറ്റത്.ലിസ്റ്റില്‍ ഉള്‍പ്പെട്ട ചില സന്യാസ സ്ഥാപനങ്ങള്‍ അവരുടെ 75 ശതമാനം വസ്തുവകകള്‍ വരെ നഷ്ടപരിഹാരം നല്‍കുന്നതിനായി വിറ്റഴിച്ചുവെന്നാണ് കണക്കുകള്‍.ഇവരുടെ കൈവശം ഇനി നഷ്ടപരിഹാര ഫണ്ടിലേക്ക് നല്‍കാനുള്ള സ്വത്തൊന്നും ഇല്ലെന്ന് ചുരുക്കം.

ലത്തീന്‍ സഭയോടുള്ള ജനങ്ങളുടെ അനൈക്യത്തിനും വിശ്വാസ തകര്‍ച്ചയ്ക്കും വരെ വഴി തെളിച്ചത് ഇത്തരം ബാലപീഡനങ്ങളും ചൂഷണങ്ങളുമാണ്.അത് വഴി പള്ളിയ്ക്കെതിരെ നില കൊള്ളുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു.

പള്ളി വക സ്ഥാപനങ്ങളില്‍ ചൂഷണത്തിന് വിധേയരായവര്‍ക്കു സര്‍ക്കാര്‍ നല്‍കി കൊണ്ടിരിക്കുന്ന സഹായധനം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍. 2015ല്‍ ഇവര്‍ക്ക് 31 മില്ല്യണ്‍ യൂറോയാണ് നല്‍കിയിട്ടുള്ളത്.

Scroll To Top