Tuesday October 16, 2018
Latest Updates

റെഡ് അലേര്‍ട്ട് ദിനങ്ങളില്‍ ജോലിയ്ക്ക് പോകാത്തവര്‍ക്കും ശമ്പളം നല്‍കും ,ജോലി ചെയ്തവര്‍ക്ക് രണ്ട് ദിവസം അധിക അവധി !

റെഡ് അലേര്‍ട്ട് ദിനങ്ങളില്‍ ജോലിയ്ക്ക് പോകാത്തവര്‍ക്കും ശമ്പളം നല്‍കും ,ജോലി ചെയ്തവര്‍ക്ക് രണ്ട് ദിവസം അധിക അവധി !

ഡബ്ലിന്‍:സ്റ്റോം എമ്മ പ്രതിസന്ധി ഘട്ടത്തില്‍ ജോലി ചെയ്യാന്‍ തയ്യാറായ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് എച്ച് എസ് ഇയും ഹോസ്പിറ്റല്‍ മാനേജ് മെന്റുകളും രംഗത്തെത്തി.

താല ഹോസ്പിറ്റലില്‍ റെഡ് അലേര്‍ട്ട് ദിനങ്ങളില്‍ ജോലി ചെയ്ത ജീവനക്കാര്‍ക്കു രണ്ടുദിവസം അവധി നല്‍കുമെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.അതോടൊപ്പം ജോലിക്ക് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കു മറ്റു വ്യവസ്ഥകള്‍ ഇല്ലാതെ ആ ദിവസങ്ങളിലെ ശമ്പളം നല്‍കുന്നതിനും തീരുമാനം ആയിട്ടുണ്ട്.

നഴ്‌സുമാരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേരാണ് രാജ്യമെമ്പാടുമുള്ള ആശുപത്രികളില്‍ അടിയന്തിര സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ജോലി ചെയ്യാന്‍ തയ്യാറായിരുന്നത്.അവരുടെ സേവനത്തെ അംഗീകരിക്കുന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന തീരുമാനം.

കഠിനമായ കാലാവസ്ഥ മൂലം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തവര്‍ക്കു ആ ദിവസങ്ങള്‍ അവരുടെ വാര്‍ഷിക അവധിയായി കണക്കാക്കുമെന്നു എച്ച്എസ്ഇ നേരത്തെ ജീവനക്കാര്‍ക്ക് മെമ്മോ അയച്ചിരുന്നു.എന്നാല്‍ ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവര്‍ക്കും റെഡ് അലെര്‍ട് ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ആശുപത്രികളിലെ ജീവനക്കാര്‍ക്കും അടിയന്തിര അവധിയായി കണക്കാക്കി ശമ്പളം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് പിന്നീട് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ റെഡ് അലെര്‍ട് നിലനിന്നിരുന്ന വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജോലിയില്‍ പ്രവേശിച്ച ജീവനക്കാരുടെ സേവനം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു

കോമ്പെന്‍സേറ്ററി ലീവ് അനുവദിച്ചുകൊണ്ടുള്ള പുതുക്കിയ മെമ്മോ അയക്കുന്നതിനു എച്ച്.എസ്.ഇ നിര്‍ദ്ദേശം നല്‍കി. ജീവനക്കാര്‍ക്ക് അവധി നല്‍കാനുള്ള തീരുമാനം അറിയിച്ചു മെമ്മോ അയച്ചിട്ടുണ്ടെന്നു താല ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.മറ്റ് ഹോസ്പിറ്റലുകളും താല ആശുപത്രിയുടെ മാതൃക പിന്തുടരുമെന്ന സൂചനകളാണുള്ളത്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top