Tuesday February 20, 2018
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം;ഐറിഷ് വനിതയെ അനുകൂലിച്ച് വാദമുഖങ്ങള്‍, തെറ്റെന്നു പറയാനും ഏറെപ്പേര്‍

അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം;ഐറിഷ് വനിതയെ അനുകൂലിച്ച് വാദമുഖങ്ങള്‍, തെറ്റെന്നു പറയാനും ഏറെപ്പേര്‍

ലീമെറിക്ക് :ട്രയിനില്‍ യാത്രചെയ്ത ഒരു സംഘം ഇന്ത്യക്കാര്‍ക്കെതിരെ ഐറീഷ് വനിത നടത്തിയ വംശീയാധിക്ഷേപത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വെബ്സൈറ്റുകളില്‍ വാദമുഖങ്ങള്‍.വ്യക്തിഗത കമന്റുകളും ഗ്രൂപ്പുകളുടെ അഭിപ്രായങ്ങളും സൈറ്റുകളില്‍ ഇടം നേടിയിട്ടുണ്ട്.അയര്‍ലണ്ടില്‍ കുടിയേറിയ ഇന്ത്യക്കാരെ ശാപമായി കരുതുന്ന വലിയൊരു വിഭാഗത്തിനിടയില്‍ ആ സ്ത്രീക്ക് വംശവെറി മൂത്ത് ഭ്രാന്തായതാണ് എന്ന തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചവരും ഉണ്ടെന്നത് ആശ്വാസം പകരുന്നു.

പ്രായാധിക്യത്തിന്റെ പ്രശ്നമായി അവരുടെ പരുഷ പ്രകടനത്തെ ലഘുകരിച്ചവരുമുണ്ട്.ഇന്ത്യക്കാരെ കള്ളക്കടത്തുകാരായി കാണുന്ന,എല്ലാവരേയും ചവിട്ടി പുറത്താക്കണമെന്നു വാദിക്കുന്നവരുമുണ്ട്. ഐറീഷുകാര്‍ക്ക് മാത്രമായി ഈ അനുഗൃഹീത ദ്വീപിനെ മാറ്റണമെന്നാണ് അവരുടെ ന്യായം!

ഫോര്‍ബിഡ് ട്രഷര്‍ ഗ്രൂപ്പ് 1 എന്ന ഗ്രൂപ്പിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഒരു അഭിപ്രായം സവിശേഷമാണ്.ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആ വനിതയുടെ കടുത്ത വംശീയ അധിക്ഷേപം നിങ്ങളും ശ്രദ്ധിച്ചില്ലേ,എത്ര മോശമായ പദങ്ങളാണ് അവര്‍ ഉപയോഗിച്ചത്. എന്നാല്‍ ഒരിക്കല്‍പ്പോലും ഐറീഷ് വനിതയെ കുറ്റപ്പെടുത്തിയോ താഴ്ത്തിക്കെട്ടിയോ ഉള്ള ഒരു കമന്റുപോലും മറുഭാഗത്തു നിന്നുണ്ടായില്ല. ആ സ്ത്രീക്ക് ഹിസ്റ്റീരിയ ബാധയെന്നൊക്കെ പറഞ്ഞുവെന്നല്ലാതെ കടുത്ത ആക്ഷേപം ഉണ്ടായില്ല.ഐറീഷ് വനിതയുടെ നാശം പിടിച്ച വംശ വെറി സൂര്യനുദിക്കാത്ത ഏതെങ്കിലും രാജ്യത്ത് ചെലവിട്ടാല്‍ മതി. ഇവിടെ അത് വേണ്ട.അയര്‍ലണ്ടിലെ എല്ലാ മനുഷ്യജീവിക്കും സമാധാനമാണ് ആവശ്യമായുള്ളത് .ഇങ്ങനെയാണ് ആ കമന്റ്.

പ്രശ്നത്തെ സാമൂഹ്യപരമായി സമീപിച്ചവരുമുണ്ട് ഈ ഗ്രൂപ്പില്‍. അയര്‍ലണ്ട് ഐറീഷുകാരുടേത് മാത്രമെന്നു കരുതാനാവില്ലെന്നു മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടുത്തെ സര്‍ക്കാരും അങ്ങെനെ പറയുന്നില്ല.അധിക്ഷേപകര്‍ സര്‍ക്കാരിനോട് ചോദിക്കൂ, എന്തിനാണ് ഏഷ്യക്കാരെ ഇവിടുത്ത വിവിധ ജോലികളിലേക്ക് നിയോഗിക്കുന്നതെന്ന്.ഇവിടെ ആരോഗ്യരംഗത്ത് വിശ്രമമില്ലാതെ സേവനം ചെയ്യുന്ന പതിനായിരക്കണക്കായ ഏഷ്യക്കാരുണ്ട്.ഐറീഷുകാരായ നമ്മള്‍ എല്ലാം തികഞ്ഞവരാണെങ്കില്‍ ഇത്തരം സേവനം നല്‍കാന്‍ നമുക്കാകേണ്ടതല്ലേ.നമുക്ക് കഴിയാത്ത കാര്യങ്ങളും സര്‍വീസുകളും നല്‍കി നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്നവരാണ് അവര്‍. ഈ ദ്വീപ് അവര്‍ കൊണ്ടു പോകുന്നില്ല.അവര്‍ ഇവിടെ ജോലിചെയ്യുന്നു,ജീവിക്കുന്നു,നമ്മുടെ രാജ്യത്തിന് നികുതി നല്‍കി സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കു്ന്നു.

യാതൊരുവിധ കുഴപ്പങ്ങള്‍ക്കും അവര്‍ ശ്രമിക്കുന്നില്ല.എന്നിട്ടും ആ വന്ദ്യ വനിത എന്തിനാണ് ഇങ്ങനെ പെരുമാറിയതെന്നു ദൈവത്തിനുമാത്രമേ അറിയാനാകൂ.അവരോട് ട്രയിനില്‍ ആരെങ്കിലും ഏതെങ്കിലും വിധത്തില്‍ മോശമായി പെരുമാറിയത് കാണാനില്ല.എന്നിട്ടും ഇവിടുത്തെ ‘കീബോര്‍ഡ് യോദ്ധാക്കളെല്ലാം’ ആ സ്ത്രീയെ അന്ധമായി അനുകൂലിക്കുകയാണ്!…..ഇങ്ങനെ നീളുന്നു ആ കമന്റുകള്‍.

ജര്‍മ്മന്‍കാരനാണ് ബാഗുമായി കയറിയതെങ്കില്‍ ഐറിഷ് സ്ത്രീ ചോദ്യം ചെയ്യാന്‍ മുതിരുമായിരുന്നോ എന്നും ജര്‍മ്മന്‍കാരെ തെറി പറയാന്‍ തുനിയുമായിരുന്നോ എന്നാണ് മറ്റൊരു ചോദ്യം.

ഇന്ത്യയിലായിരുന്നു ഐറീഷ് വനിതാ യാത്ര ചെയ്തിരുന്നതെങ്കില്‍ അവര്‍ കൂട്ട ബലാത്സംഗത്തിനിരയാകുമായിരുന്നെന്നാണ് വേറിട്ടുവന്ന മറ്റൊരു കമന്റ്!

വംശീയാധിക്ഷേപ വിവാദം കത്തിപ്പടരുന്നതിനിടയിലും ഐറീഷുകാരില്‍ നല്ലൊരു വിഭാഗം നമ്മുടെ സേവനത്തേയും കഴിവുകളേയും വില മതിക്കുന്നവരാണെന്ന ബോധ്യമാണ് കമന്റുകളിലൂടെ വെളിപ്പെടുന്നത്.അന്ധമായ വംശീയ വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്ന ഭൂരിപക്ഷത്തിനുമേല്‍ അവരുടെ ശബ്ദത്തിന് വളരെ പ്രാധാന്യമുണ്ട്.

പക്ഷേ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യന്‍ ജനസംഖ്യയ്ക്ക് മേല്‍ ഐറിഷ് വംശജര്‍ക്ക് ആധിയുണ്ട്.അയര്‍ലണ്ടിലെ ജനസംഖ്യയുടെ .5 ശതമാനമായി ഇന്ത്യന്‍ സമൂഹം വളര്‍ന്നു കഴിഞ്ഞു.ഏഷ്യയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്.ചുരുക്കത്തില്‍ അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വിദേശവംശജരായി ഇന്ത്യന്‍ സമൂഹം വളര്‍ന്നു കഴിഞ്ഞു.

ഹോസ്പിറ്റലുകളിലും മറ്റും ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്സുമാര്‍ ദിവസം തോറും നേരിടുന്ന വംശീയ ആക്രമണങ്ങള്‍ അവരില്‍ പലരും നിശ്ശബ്ദമായി സഹിക്കുകയാണ്.പരാതിയ്ക്ക് ഇടമില്ലെന്നത് മാത്രമല്ല,പരാതി കൊടുത്താല്‍ തന്നെ നിസ്സാരവത്കരിക്കപ്പെടുന്ന അവസ്ഥയാണ്.

ഇന്ത്യന്‍ സമൂഹത്തിനാവട്ടെ ഇത്തരം അതിക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ആത്മധൈര്യം നല്‍കുന്ന ഘടകങ്ങള്‍ ഒന്നുമില്ല.കൂടുതല്‍ ബഹളം ഉണ്ടാക്കാനോ,നിലപാട് വ്യക്തമാക്കാനോ കഴിയാതെ ലീമെറിക്ക് ട്രെയിനിന്റെ കമ്പാര്‍ട്ട്‌മെന്റ്‌റില്‍ നിന്ന് പോലും മാറിപോകാനാണ് അവര്‍ ശ്രമിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ ട്രെയിനില്‍ യാത്ര ചെയ്ത മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയ്ക്ക് നേരെ അതിക്രമണം കാട്ടിയ അതേ ശൗര്യമാണ് നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ലീമെറിക്കിലെ സ്ത്രീയും കാട്ടിയത്.ഓഫിസുകളിലും,ഹോസ്പിറ്റലുകളിലും മാത്രമല്ല പൊതു നിരത്തുകളിലും പൊതു വാഹനങ്ങളിലും നമ്മെ തൊഴിക്കാമെന്ന് തദ്ദേശീയര്‍ കരുതുന്നത് ആശാസ്യമല്ല.കില്‍ഡയറില്‍ ഒരു മലയാളി വൈദീകന് നേരെയും,ഡബ്ലിന്‍ സിറ്റി സെന്ററില്‍ പഠിക്കാനെത്തിയ ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക് നേരെയും കഴിഞ്ഞ ആഴ്ചകളില്‍ തന്നെ നടന്ന അതിക്രമണങ്ങളും ഇതേ വരെ അയര്‍ലണ്ടില്‍ സംഭവിക്കാത്ത വിധം രൂക്ഷമായ മുന്നറിയിപ്പാണ് ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത്.

ഇന്ത്യന്‍ സംഘടനകള്‍ക്ക് നിയമപരമായി പ്രശ്നത്തെ നേരിടാനുള്ള ആര്‍ജ്ജവം ഉണ്ടാവണം.അതിനുള്ള സംവിധാനങ്ങള്‍ ഒരു സമൂഹമെന്ന നിലയില്‍ ഇല്ലായെന്നത് ദൗര്‍ഭാഗ്യകരമാണ്.അയര്‍ലണ്ടിലെ പൊതു സമൂഹത്തില്‍ ‘ഇടി വാങ്ങാനായി’ മാത്രം നമ്മുക്കൊരു മുഖം ഉണ്ടാവരുത്.

ലീമെറിക്കിലും,കില്‍ഡയറിലും,ഡബ്ലിന്‍ സിറ്റിയിലും തുടങ്ങി വെച്ചത് നാളെ നമ്മുടെ വീട്ടുപടിയ്ക്കലും,ജോലിസ്ഥലത്തും ഉണ്ടാവാതിരിക്കാനുള്ള മാര്‍ഗമാണ് നാം തിരയേണ്ടത്.കൂടുതല്‍ ഐക്യവും സംഘടനാ ശേഷിയും വളര്‍ത്തുകയും അഥവാ ഇത്തരം ദുര്‍ഘട അവസരങ്ങളിലെങ്കിലും ശബ്ദമുയര്‍ത്താനും,ഇരകള്‍ക്ക് നിയമ സഹായമെത്തിക്കാനും ഒരു കുടിയേറ്റവംശം എന്ന നിലയില്‍ നമ്മുക്ക് കടമയുണ്ട്.നാം ആക്രമിക്കപ്പെടുന്നത് ഇന്ത്യക്കാര്‍ എന്ന പൊതു പേരിലാണ് എന്നൊരു ഓര്‍മ്മയുണ്ടാവണം!

റെജി സി ജേക്കബ്

RELATED NEWS:http://irishmalayali.com/racial-attack-againest-indians-ireland/

Scroll To Top