Sunday December 11, 2016
Latest Updates

ആഗോളമാന്ദ്യം വീണ്ടും വരുന്നെന്ന് അമേരിക്കന്‍ വിദഗ്ദര്‍,ആശങ്കയോടെ ലോകം 

ആഗോളമാന്ദ്യം വീണ്ടും വരുന്നെന്ന് അമേരിക്കന്‍ വിദഗ്ദര്‍,ആശങ്കയോടെ ലോകം 

ന്യൂയോര്‍ക്ക് :ലോക സമ്പത്‌വ്യവസ്ഥയെ തകിടം മറിക്കാന്‍ മറ്റൊരു ആഗോള മാന്ദ്യം കൂടി വരുന്നു. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ മറ്റൊരു ആഗോള സാമ്പത്തിക മാന്ദ്യത്തെ ലോകം നേരിടേണ്ടിവരുമെന്നും അതിനുള്ള സാദ്ധ്യത അന്‍പത് ശതമാനത്തില്‍ ഏറെയാണെന്നുമാണ് പ്രവചിക്കപ്പെടുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി ഗ്രൂപ്പ് ബാങ്ക് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട സാമ്പത്തിക വിശകലനത്തിലാണ് ഇത് സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ഉള്ളത്. പഴയ മാന്ദ്യത്തിന്റെ തുടക്കം അമേരിക്കയില്‍ നിന്ന് ആയിരുന്നെങ്കില്‍ പുതിയ പ്രതിസന്ധിക്ക് വഴിയൊരുക്കാന്‍ പോകുന്നത് ചൈനയുടെ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന തകിടം മറിച്ചിലുകളാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥ ആകാന്‍ മാത്രം കുതിച്ചു കയറിയ ചൈനയിലെ മാര്‍ക്കറ്റിലും സമാനമായി വളര്‍ന്നു കൊണ്ടിരുന്ന രാജ്യങ്ങളിലെ മാര്‍ക്കറ്റുകളിലും ‘ഡിമാന്റിന്’ ഉണ്ടാവുന്ന ഇടിവാണ് ഇതിന് കാരണമായിത്തീരുന്നത്. 

ഈ വര്‍ഷം 7 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യം വെച്ചിരുന്നത്. ചൈനയുടെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം ഇതുവരെ 4 ശതമാനം വളര്‍ച്ച നേടിക്കഴിഞ്ഞിരിക്കുന്നു. അടുത്ത വര്‍ഷം ഈ സമയത്ത് ഈ വളര്‍ച്ചാ നിരക്ക് 2.5 ശതമാനത്തിലേക്ക് താഴ്ന്നു പോവുകയും അത് കുറച്ചു കാലത്തേക്ക് തുടരുകയും ചെയ്താല്‍ അത് മാന്ദ്യത്തിന്റെ തുടക്കമാകും. കുതിച്ചുകൊണ്ടിരുന്ന മാര്‍ക്കറ്റുകളായ ബ്രസീല്‍, സൗത്ത് ആഫ്രിക്ക, റഷ്യ തുടങ്ങിയവ ഇതിനകം തന്നെ പ്രശ്‌നങ്ങളെ നേരിടാന്‍ തുടങ്ങിയിരിക്കുന്നു. വികസിത സമ്പദ് വ്യവസ്ഥകളുടെ പ്രകടനവും മെച്ചപ്പെട്ടതല്ല. സാധന വില, ട്രേഡ്, ഇന്‍ഫ്‌ളേഷന്‍ എന്നിവ വിട്ടുമാറാന്‍ മടികാട്ടുന്നതോടൊപ്പം കോര്‍പ്പറേറ്റ് വരുമാനവും ഇടിയുകയാണ്. 

എന്നാല്‍ ഈ വിശകലനത്തോട് യോജിക്കാതെ, എണ്ണവിലയിലെ കുറവ് മാര്‍ക്കറ്റുകളുടെ ബലക്ഷയത്തില്‍ നിന്നുള്ള ആഘാതത്തെ ചെറുക്കുന്നതിന് ഉപകരിക്കുമെന്നും ഗ്രീസ് യൂറോയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് 2012ല്‍ സിറ്റിഗ്രൂപ്പ് നടത്തിയ പ്രവചനം പിഴച്ചിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

Scroll To Top