Friday December 02, 2016
Latest Updates

കഴിഞ്ഞ വര്‍ഷങ്ങളില്‍ അയര്‍ലണ്ട് വിട്ടവര്‍ തിരിച്ചു വരുന്നു, വാടക വീട് തേടി നെട്ടോട്ടം

കഴിഞ്ഞ വര്‍ഷങ്ങളില്‍ അയര്‍ലണ്ട് വിട്ടവര്‍ തിരിച്ചു വരുന്നു, വാടക വീട് തേടി നെട്ടോട്ടം

ഡബ്ലിന്‍:അയര്‍ലണ്ട് വിട്ട് മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറിയവര്‍ വീണ്ടും അയര്‍ലണ്ടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നും,വരും നാളുകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയോടെയും മാസത്തില്‍ 1,000 പേര്‍ എന്ന കണക്കില്‍ അയര്‍ലണ്ടിലേയ്ക്കു തന്നെ തിരിച്ചുവരുന്നുവെന്ന് കണക്കുകള്‍.. ഇവരില്‍ ഏറെപ്പേരും ഡബ്ലിനില്‍ ജോലി നേടി അവിടെ താമസമാക്കാനാണ് ശ്രമിക്കുന്നത്. ഇത്രയും പേര്‍ വാടകവീടുകള്‍ക്ക് അന്വേഷണം തുടങ്ങിയത് ഈ മേഖലയിലെ പ്രതിസന്ധി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അയര്‍ലണ്ടിലേയ്ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും മാസത്തില്‍ 5,775ഓളം പേര്‍ എന്ന കണക്കില്‍ കുടിയേറ്റവും നടക്കുന്നുണ്ട്. ഇവരും വാടകവീടുകള്‍ തേടുന്നുണ്ട്. ഇത് പ്രോപ്പര്‍ട്ടികളുടെ വിലക്കയറ്റത്തിനു കാരണമാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡബ്ലിനിലെ വീടുകള്‍ക്ക് മാര്‍ച്ച് മാസത്തില്‍ 0.9% വില വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.9% വര്‍ദ്ധനയും രേഖപ്പെടുത്തി.

ഡബ്ലിനു പുറത്തും വീടുകള്‍ക്ക് വിലയേറുകയാണ്. മാര്‍ച്ചില്‍ 0.2% വര്‍ദ്ധനയും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10.5% വര്‍ദ്ധനയുമുണ്ടായി.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പ്രകാരം 2014ല്‍ അയര്‍ലണ്ടിലേയ്ക്ക് കുടിയേറി ജോലി ചെയ്യുന്നവരുടെ എണ്ണം 60,600 ആണ്. 2015ല്‍ ഇത് 69,300 ആയി ഉയര്‍ന്നു. ഓരോ ആഴ്ചയിലും ഏകദേശം 1,443 പേര്‍ എന്ന കണക്കില്‍ ഇവിടെ കുടിയേറ്റം നടക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ (2010 മുതല്‍ 2015 വരെ) കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 27,500 പേരുടെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

അയര്‍ലണ്ടുകാരായ പുരുഷന്മാരാണ് സ്ത്രീകളേക്കാള്‍ ഇവിടേയ്ക്ക് മടങ്ങി വരുന്നത് എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ കര്‍ശനമായ വ്യവസ്ഥകള്‍ കാരണം പലര്‍ക്കും ലോണ്‍ ലഭിക്കുന്നുമില്ല. രാജ്യം വിട്ടുപോയ 100,000 പേരെ അടുത്ത രണ്ടു വര്‍ഷത്തിനിടെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പദ്ധതിയുണ്ടാക്കിയിരുന്നു.

രാജ്യം വിട്ടു പോയവര്‍ തിരികെ വരുന്നത് നല്ല കാര്യമാണെങ്കിലും അത് താമസവുമായി ബന്ധപ്പെട്ട പ്രതിസന്ധി വര്‍ദ്ധിപ്പിക്കും എന്നാണ് വിദഗ്ദ്ധാഭിപ്രായം.

Scroll To Top