Thursday November 15, 2018
Latest Updates

റീ എന്‍ട്രി വിസ അപ്പോയിന്റ്മെന്റിന് പണം കൊടുക്കണം ,ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി കൈവശപ്പെടുത്തി ?സര്‍ക്കാര്‍ ഓണ്‍ ലൈന്‍ ബുക്കിംഗ് സംവിധാനം അവതാളത്തില്‍

റീ എന്‍ട്രി വിസ അപ്പോയിന്റ്മെന്റിന്  പണം കൊടുക്കണം ,ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി കൈവശപ്പെടുത്തി ?സര്‍ക്കാര്‍ ഓണ്‍ ലൈന്‍ ബുക്കിംഗ് സംവിധാനം അവതാളത്തില്‍

ഡബ്ലിന്‍ :സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പാളിയതോടെ വിസ പുതുക്കുന്നതിന് സ്വകാര്യ ഏജന്‍സികള്‍ക്ക് പണം നല്‍കാന്‍ കുടിയേറ്റക്കാര്‍ നിര്‍ബന്ധിതരാകുന്നതായി ആക്ഷേപം ഉയരുന്നു.ഐറീഷ് നാച്വറലൈസേഷന്‍ ആന്റ് ഇമിഗ്രേഷന്‍ സര്‍വീസ് (ഐഎന്‍ഐഎസ്) മുഖേന വിസകള്‍ പുതുക്കുന്നതിനാണ് വിസ സൈറ്റുകള്‍ക്ക് ഫീസ് നല്‍കേണ്ടി വരുന്ന ഗതികേടിലേയ്ക്ക് ജനം മാറുന്നത്.

ഡബ്ലിനിലെ ബര്‍ഗ് ക്വേയിലെ ഐഎന്‍ഐഎസ് ഓഫീസിനു മുന്നിലെ ഒരിക്കലും നിലയ്ക്കാത്ത ക്യൂവിനെ തുടര്‍ന്നാണ് 2016ല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്.പണം മുടക്കാതെ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അപേക്ഷകര്‍ക്ക് ഇതിലൂടെ സാധിച്ചിരുന്നു.മാത്രമല്ല ആറാഴ്ച മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ഉറപ്പാക്കാനും കഴിഞ്ഞിരുന്നു.എന്നാല്‍ ഇപ്പോഴത് സാധിക്കുന്നില്ല.ഏതാനും മാസങ്ങളായി ഈ സംവിധാനം അവതാളത്തിലാണ്.

സോഫ്ട് വെയര്‍ മാറ്റങ്ങള്‍ വന്നതിലൂടെ ഉയര്‍ന്നുവന്ന പ്രശ്നമാണെന്നും ഐടി വിദഗ്ധരെ പരിശീലിപ്പിച്ചു ഇതു തടയുന്നതിന് ശ്രമിക്കുകയാണെന്നും കഴിഞ്ഞ മാസം ജസ്റ്റിസ് വകുപ്പ് പറഞ്ഞിരുന്നു.എന്നാല്‍ ഒരു മാസമായിട്ടും പ്രശ്നപരിഹാരമായിട്ടില്ല.

മണിക്കൂറുകള്‍ ശ്രമിച്ചാലും അപ്പോയിന്റ്‌മെന്റ് സ്ലോട്ട് കിട്ടില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്സൈറ്റില്‍ കടന്നു കൂടിയ ‘ഹാക്കര്‍മാര്‍ ഓണ്‍ ലൈന്‍ സംവിധാനത്തെ ദുരുപയോഗിക്കുകയാണ് എന്ന സൂചനകളാണ് പുറത്തുവരുന്നത്.സ്ലോട്ടുകള്‍ തേടി എത്തുന്നവര്‍ക്ക് തീയതികള്‍ ലഭിക്കാതിരിക്കുമ്പോഴും ഫേസ് ബുക്ക് പേജുകളും മറ്റും ഉപയോഗിച്ച് പ്രചാരണം നടത്തുന്ന ‘ഏജന്റുമാര്‍’ മുഖേനെ സ്ലോട്ടുകള്‍ എളുപ്പം ലഭിക്കുന്നുണ്ട് എന്നതാണ് ഇത്തരമൊരു സംശയത്തിന് കാരണം.

ഇത് കൊണ്ട് തന്നെ ‘വിദഗ്ദരായ പുറം പാര്‍ട്ടികള്‍ക്ക്’ ഡിമാന്റ് ഏറുകയാണ്.സ്ലോട്ടുകള്‍ ‘സംഘടിപ്പിച്ചു’ കൊടുക്കുന്നവരുടെ നിരവധി സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നതത്രെ. സ്ലോട്ടുകള്‍ പരസ്യമായി വില്പന നടത്തുന്ന ഇവര്‍ ‘തങ്ങള്‍ ഒരു തൊഴില്‍ അവസരം കണ്ടു പിടിയ്ക്കാനാണ് ഇത്തരമൊരു ജോലി കണ്ടു പിടിച്ചതെന്ന് പരസ്യമായി വ്യക്തമാക്കുമ്പോഴും അവരെ കണ്ടു പിടിക്കാനോ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറാവുന്നില്ല.

നൂറുകണക്കിന് വിദേശ പൗരന്മാര്‍ക്ക് 20 മുതല്‍30 യൂറോ വരെ നല്‍കാതെ അപ്പോയിന്റ് മെന്റ് സ്ലോട്ടുകള്‍ ലഭിക്കുന്നില്ലെന്നതാണ് സ്ഥിതി.

ഈ മാസം ആദ്യം കാനഡയില്‍ നിന്നും ഐറിഷ് ഭര്‍ത്താവിനോടൊപ്പം അയര്‍ലണ്ടില്‍ എത്തിയ ലോറ ഓള്‍മെഡയ്ക്ക് ഒരു ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് ഉറപ്പാക്കാന്‍ കഴിഞ്ഞില്ല.തുടര്‍ന്നു പേജിന്റെ അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെട്ടപ്പോള്‍ സ്ലോട്ട് സുരക്ഷിതമാക്കാന്‍ പാസ്പോര്‍ട്ട് വിവരങ്ങള്‍ , വ്യക്തിഗത വിശദാംശങ്ങള്‍ എന്നിവയടക്കം 30 യൂറോയും നല്‍കേണ്ടണ്ടതുണ്ടെന്നു മറുപടി ലഭിച്ചെന്ന് അവര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.സര്‍ക്കാര്‍ സംവിധാനങ്ങളുടെ തണലില്‍ പ്രവര്‍ത്തിക്കുന്ന ചില ഏജന്‍സികള്‍ വഴിയും അപ്പോയിന്റ് മെന്റ് സ്ലോട്ടുകള്‍ ലഭിക്കുന്നുണ്ട്.100 യൂറോ വരെയാണത്രെ ഇവരുടെ ഫീസ് നിരക്ക്.

‘സാമ്പത്തികമായി കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന ഓപ്പറേറ്റര്‍മാരെക്കുറിച്ചു പരാതിപ്പെട്ടപ്പോള്‍ ഔദ്യോഗിക സംവിധാനം വളരെ കോംപ്ലിക്കേറ്റഡാണെന്നും അതിലൂടെ ഇടം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും വകുപ്പ് അധികൃതര്‍ തന്നെ അനൗദ്യോഗികമായി വിശദമാക്കുന്നുണ്ടത്രേ. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അപരിചിതര്‍ക്ക് പണവും പേഴ്സണല്‍ വിവരങ്ങളും കൈമാറുകയെന്നത് സുരക്ഷിതമല്ലെങ്കിലും നിരവധി പേരാണ് ഇവരുടെ വലയില്‍ പെട്ടുപോകുന്നത്.

തിരക്ക് വര്‍ധിച്ചതിനാല്‍ ശനിയാഴ്ചയും കൂടി അപ്പോയിന്റ്‌മെന്റ് നല്‍കാന്‍ അധികൃതര്‍ തയാറായിട്ടുണ്ട്.ഓണ്‍ ലൈന്‍ റീ എന്‍ട്രി വിസ സംവിധാനത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസം വിസ ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top