Tuesday December 06, 2016
Latest Updates

ലോകം സാമ്പത്തിക പ്രതിസന്ധിയിലേയ്‌ക്കെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ലോകം സാമ്പത്തിക പ്രതിസന്ധിയിലേയ്‌ക്കെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ലണ്ടന്‍: പുതിയ സാമ്പത്തിക നയങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ലോകം 1930ന് സമാനമായ വന്‍ സാമ്പത്തിക പ്രതസിന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍. ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് രഘുറാം രാജന്‍ ആഗോള ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ആഗോള തലത്തില്‍ ബാങ്കുകള്‍ നടപ്പാക്കുന്ന മത്സര ബുദ്ധിയോടെയുള്ള സാമ്പത്തിക നയങ്ങള്‍ക്ക് ഭാവിയില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ നിരക്കിളവ് വരുത്തുന്നത് രാജ്യത്ത് കൂടുതല്‍ നിക്ഷേപം വരുത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്യസമയത്ത് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ അന്തര്‍ദേശീയ ബാങ്കുകളുടെ പൊതുസമ്മതം ആവശ്യമാണ്. പുതിയ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കാത്തപക്ഷം 1930നു സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മൂന്ന് വര്‍ഷം മുമ്പ് പ്രവചിച്ച രഘുറാം രാജന്‍ ആഗോള തലത്തില്‍ ഏറ്റവും മികച്ച സാമ്പത്തിക ശാത്രജ്ഞന്‍മാരില്‍ ഒരാളാണ്. ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് എന്ന പദവിയിലിരിക്കെ അദ്ദേഹം അവതരിപ്പിച്ച ഒരു പ്രബന്ധത്തിലാണ് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സൂചനനല്‍കിയിരുന്നത്.

പുതിയ സാമ്പത്തിക നയങ്ങളെ കുറിച്ച് അവലോകനം ചെയ്യുന്നതിനുള്ള സമയമാണിത്. സമയാനുസൃതമായി പഠനങ്ങള്‍ നടത്തുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണം. ആഗോള ബാങ്കുകളുടെ പൊതുസമ്മതത്തിലൂടെ മാത്രമെ ഇത് നടപ്പാക്കാന്‍ സാധിക്കൂ. വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള ശ്രമമാണ് 1930ലെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായത്. ഇത്തരത്തിലുള്ള പ്രശ്‌നം കേവലം വ്യാവസായിക, വികസ്വര രാജ്യങ്ങളെ മാത്രം ബാധിക്കുന്നതല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Scroll To Top