Sunday December 11, 2016
Latest Updates

മോട്ടോര്‍ ഇന്‍ഷ്വറന്‍സിനെതിരെ ഇന്ന് ഡബ്ലിനില്‍ ജംബോ റാലി, പ്രീമിയം വര്‍ദ്ധിപ്പിച്ചത് വ്യാജ കണക്കുകളുടെ പിന്‍ബലത്തിലെന്ന് ആരോപണം

മോട്ടോര്‍ ഇന്‍ഷ്വറന്‍സിനെതിരെ ഇന്ന് ഡബ്ലിനില്‍ ജംബോ റാലി, പ്രീമിയം വര്‍ദ്ധിപ്പിച്ചത് വ്യാജ കണക്കുകളുടെ പിന്‍ബലത്തിലെന്ന് ആരോപണം

ഡബ്ലിന്‍:ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ സമീപകാല വര്‍ദ്ധനവ് അയര്‍ലണ്ടിലെ ഏതൊരു പൗരനെയും പ്രതിഷേധമുയര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്രയാണ്.പ്രതിപക്ഷ കക്ഷികള്‍ പോലും ഇതിനെതിരെ കാര്യമായ ശബ്ദമുയര്‍ത്താതിരുന്നപ്പോള്‍ കെറിയിലെ ഒരു സാധാരണ ട്രാവല്‍ ഏജന്റ് തുടങ്ങി വെച്ച സമരപരിപാടികളുടെ ആദ്യ പ്രത്യക്ഷ പ്രകടനം ഇന്ന് ഡബ്ലിനില്‍ നടത്തപ്പെടും.രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ പ്രീമിയം കുത്തനെ ഉയര്‍ന്നതിനെതിരെ ഇന്ന് ഡബ്ലിനില്‍ ഡ്രൈവര്‍മാര്‍ പ്രതിഷേധറാലി നടത്തും.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 67 ശതമാനത്തോളം പ്രീമിയം കുതിച്ചുയര്‍ന്നത് എങ്ങനെയെന്ന് പരിശോധിക്കാനും, ഇതിന് പരിഹാരം കാണാന്‍ ആവശ്യപ്പെട്ടുമാണ് റാലി. കൂടാതെ കള്ളം പറഞ്ഞ് ഇന്‍ഷുറന്‍സ് നേടിയെടുക്കുന്നവരെ ശിക്ഷിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നതും പ്രതിഷേധക്കാരുടെ ആവശ്യമാണ്.

കെറി ട്രാവല്‍ ഏജന്റായ കിയാന്‍ ഗ്രിഫിന്‍ നേതൃത്വം നല്‍കുന്ന റാലിയില്‍ 6,000ഓളം കാറുകള്‍ പങ്കെടുക്കും. ഒരു കാറില്‍ മൂന്നുപേര്‍ വീതം 15,000ഓളം ആളുകള്‍ റാലിയില്‍ ഒത്തുചേരും. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ മെറിയോണ്‍ സ്‌ക്വയറിലാണ് റാലി.

ഗ്രിഫിനു പുറമെ ഫിയനാഫാളിന്റെ ടിഡി ജോണ്‍ ലാഹര്‍ട്ട്, ഇന്‍ഡിപെന്‍ഡന്റ് ഫോര്‍ ചെയ്ഞ്ച് ടിഡി തോമസ് പ്രിങ്കിള്‍, ഷിന്‍ ഫെന്‍ എംഇപിയും ഇന്‍ഷുറന്‍സ് വര്‍ദ്ധനയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച മാധ്യമപ്രവര്‍ത്തകനുമായ ലിന്‍ ബോയ്‌ലന്‍ എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്യും. സര്‍ക്കാരിനും സെന്‍ട്രല്‍ ബാങ്കിനും മുന്നറിയിപ്പു നല്‍കുകയാണ് റാലിയിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഗ്രിഫിന്‍ പറഞ്ഞു. 1990ല്‍ നിയോഗിച്ച മോട്ടോര്‍ ഇന്‍ഷുറന്‍സ് അഡൈ്വസറി ബോര്‍ഡ് പോലെ മറ്റൊരു ബോര്‍ഡിനെ ഇപ്പോഴും നിയമിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. 1990ല്‍ കുത്തനെ കൂടിയ പ്രീമിയത്തിന് 40% വരെ കുറവു വരുത്തിയത് ഈ ബോര്‍ഡാണ്.
കള്ളം പറഞ്ഞ് ഇന്‍ഷുറന്‍സ് നേടിയെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട ഗ്രിഫിന്‍, ഇന്ധനം,2008ന് മുമ്പുള്ള കാറുകളുടെ ടാക്‌സ്, എന്‍സിടി, റോഡുകളുടെ ഗുണനിലവാരമില്ലായ്മ എന്നിങ്ങനെ പലവിധ ചെലവുകള്‍ വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇതിനിടെ പ്രീമിയം വര്‍ദ്ധിച്ചത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

Scroll To Top