Wednesday November 22, 2017
Latest Updates

‘ആദിത്യന്റെ ജയപരാജയങ്ങള്‍’ (കഥ:രാജേഷ് സുകുമാരന്‍)

‘ആദിത്യന്റെ ജയപരാജയങ്ങള്‍’ (കഥ:രാജേഷ് സുകുമാരന്‍)

പുതിയതായാലും മുഷിഞ്ഞതായാലും നോട്ടുകള്‍ക്ക് ഒരേ വിലയാണ് .. മനുഷ്യന് അങ്ങനെയല്ല. കയ്യിലുള്ള നോട്ടുകളാണ് മനുഷ്യന്റെ വില തീരുമാനിക്കുന്നത് . അങ്ങനെ അല്ല എന്ന് പറയുന്നവരൊക്കെ നുണ പറയുകയാണ് …
ഹൌസ് ബോട്ടിന്റെ മേല്ക്കൂരയില്ലാത്ത ഭാഗത്ത് മാനത്തേക്ക് നോക്കി കിടന്ന് , എരിയുന്ന വില്‍സിന്റെ അവസാന പുക കൂടി വലിച്ചെടുത്തു കൊണ്ട് ആദിത്യന്‍ ചിന്തിച്ചു.. പുകയില മുഴുവന്‍ കത്തിത്തീര്‍ന്നിരിക്കുന്നു .. തഴമ്പു വീണ കൈ വിരല്‍ ചെറുതായി പൊള്ളുന്നുണ്ട്.. പുകയ്ക്കും ഒരു രുചി വ്യത്യാസം .. അയാള്‍ പാക്കറ്റ് ഒന്നുകൂടി കുലുക്കി നോക്കി .. ഇല്ല ഒരെണ്ണം പോലും മിച്ചമില്ല ..ഇനി എണീറ്റ് പോണം ..ഹൌസ് ബോട്ടില്‍ ആഘോഷം നടക്കുകയാണ് ..എന്നോ സുഹൃത്തുക്കള്‍ ആയിരുന്നവര്‍ …ചെത്തുകാരന്റെ കയ്യില്‍ നിന്നും മാട്ടം ഊറ്റി വാങ്ങി പകരം ഗാന്ധിത്തലയുള്ള , ജീവന്‍ പോകാത്ത നോട്ടുകള്‍ വെച്ച് കൊടുത്ത , നോട്ടുകള്‍ കൊണ്ട് അളക്കപ്പെടുന്ന വിജയത്തിന്റെ വിക്ടറി സ്ടാന്റില്‍ സ്ഥിര താമസമാക്കിയ , ഒരിക്കല്‍ പിന്നാലെ നടന്ന , ഇന്ന് പിന്നിലാക്കി നടക്കുന്ന ,
ഭൂതകാലത്ത് നിന്ന് വന്ന ഒരു പിടി സുഹൃത്തുക്കള്‍ …
ഡാ ആദിത്യാ .. ഇങ്ങോട്ട് വാടാ ..കുറെ നേരമായല്ലോ അവിടെ മലന്നടിച്ചു കിടക്കുന്നെ …ഇന്ന് നമ്മള്‍ ആഘോഷിക്കാന്‍ മാത്രം കൂടിയതല്ലേ .. നീ ഈ ദിവസം നശിപ്പിക്കല്ലെടാ മോനെ ..
ആദിത്യന്‍ സിഗരട്ട് കുറ്റി വെള്ളത്തിലേക്ക് എറിഞ്ഞ് എഴുന്നേറ്റു …
വേമ്പനാട്ടു കായലിന്റെ ഓളത്തില്‍ ഹൌസ് ബോട്ട് ചെറുതായി ഉലയുന്നു .
തണുത്ത കാറ്റും വീശുന്നുണ്ട് ..
ഇനി താനായിട്ട് ഇവന്മാരുടെ ആഘോഷം നശിപ്പിക്കണ്ട ..
ഒന്നുമില്ലെങ്കിലും പത്തു പൈസ കൊടുക്കാതെ , തന്നെ കൂടെ കൂട്ടിയതല്ലേ ..
ആദിത്യന് ചിരി വന്നു ..

നീ എന്താടാ ഒരു മാതിരി ഓഫ് .. എന്താ നിന്റെ പ്രശ്‌നം ?
പ്രേമ നൈരാശ്യമാണോ?
നീ പറയെടാ …
ഒരുത്തന്റെ വക ഡയലോഗ് ….
ബ്രാണ്ടിയും ബിയറും പിന്നെയീ ആര്‍ ബ്ലോക്കിലെ ചെത്തുകാരന്റെ കയ്യില്‍ നിന്നും വാങ്ങിച്ച കള്ളും.. എല്ലാം നല്ല പരുവത്തിലാണ് …
ആദിത്യന്‍ ഒന്നും മിണ്ടാതെ മേശപ്പുറത്തിരുന്ന പെഗ്ഗ് എടുത്തു വിഴുങ്ങി ..
ഈര്‍ക്കിലില്‍ കോര്‍ത്ത് പൊരിച്ച കൊഞ്ച് കടിച്ചു തിന്നു കൊണ്ടിരുന്നവന്‍ കൊണ്ട് ഒരു പെഗ് കൂടി ഒഴിച്ച് ആദിത്യന് നീട്ടി .. നീ ഇതങ്ങോട്ട് വലിച്ചേ ..എന്നിട്ടാ കവിത ഒന്ന് ചൊല്ലിക്കെ..
ആദിത്യന്‍ ഗ്ലാസ് വാങ്ങി ഒറ്റ വലിക്കു കുടിച്ചിട്ട് ഒരു വില്‍സ് കൂടി എടുത്തു കത്തിച്ചു കൊണ്ട് മുരണ്ടു .
…സമയമുണ്ടല്ലോ …
മതി .. പതുക്കെ മതിയളിയാ ..നീ ഫോമിലായാലേ കവിതയ്ക്ക് ഒരിമ്പമോള്ളൂ ..
ഗ്ലാസ്സുകള്‍ നിറഞ്ഞു ഒഴിയുന്നതിന് സാക്ഷിയായി പത്മാസനത്തില്‍ ഹൌസ് ബോട്ടിന്റെ തറയില്‍ ആദിത്യന്‍ ഇരുന്നു ..ഇടക്കെപ്പോഴൊക്കെയോ അന്നനാളം കത്തിച്ചു കൊണ്ട് അയാളുടെ ഗ്ലാസും കാലിയായി..
തലയ്ക്കു ഭാരം കുറഞ്ഞു …

ആദിത്യന്‍ ഈണത്തില്‍ ചൊല്ലിത്തുടങ്ങി ….

‘അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം ..’
.
അരസികനായ സുഹൃത്ത് അവതാളമടിക്കുന്നു …
നിര്‍ത്തെടാ … എന്ന് അലറണം എന്ന് ആദിത്യന് തോന്നി …
അയാള്‍ കണ്ണിറുക്കിഅടച്ചു കവിതയിലേക്ക് മാത്രം ശ്രദ്ധിക്കാന്‍ ശ്രമിച്ചു ….

കണ്മുന്‍പില്‍ പല നിറത്തിലുള്ള നോട്ടുകള്‍ നൃത്തം ചെയ്യുന്നു ..ഓരോ നോട്ടിനും ഓരോ പലിശക്കാരുടെ മുഖമാണ് …..

ആദിത്യന്‍ കണ്ണ് തുറന്നു ..
അവതാളം ഉച്ചത്തില്‍… ..
കവിത മുറിഞ്ഞു … അയാള്‍ എണീറ്റു പതിയെ വള്ളത്തിന്റെ അണിയത്തേക്ക് നടന്നു അവിടെ നിന്ന് മാനത്തേക്ക് നോക്കി ഉറക്കെ ചൊല്ലി അവസാനിപ്പിച്ചു ….

‘സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍ ..’
*********************************
വെള്ളം കൊണ്ടുള്ള ഒരു കൂടാരത്തിന് അകത്തേക്ക് ആദിത്യന്‍ ഇറങ്ങിപ്പോയി .. .. ദീര്ഘമായി അകത്തേക്ക് ശ്വസിച്ചു ..നെഞ്ചിനുള്ളില്‍ അടിഞ്ഞ സിഗരറ്റിന്റെ കറ ചെറിയ ഉപ്പുരസമുള്ള വെള്ളത്തില്‍ അലിഞ്ഞില്ലാതെയായി ..rajesh

കണ്ണടച്ച് ഭാരം ഇല്ലാതെ ആദിത്യന്‍ ഒഴുകി .. നോട്ടുകള്‍ എല്ലാം നനഞ്ഞലിഞ്ഞു പോയിരിക്കുന്നു…ചുറ്റും വെള്ളം മാത്രം .. പൊട്ടാനായി മുകളിലേക്ക് നീന്തിക്കയറുന്ന ചില കുമിളകളും .
രാജേഷ് സുകുമാരന്‍ റോസ് കോമണ്‍ 

Scroll To Top